പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ ഗ്രൂപ്പുകള്‍ ; കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള കലഹവും രൂക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്കു ശേഷം നേതൃമാറ്റം നടക്കുന്ന കോണ്‍ഗ്രസില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ പൂര്‍ണമായി തകര്‍ന്ന സാഹചര്യത്തില്‍ നേതാക്കള്‍ തമ്മിലുള്ള കലഹവും രൂക്ഷമാണ്.
പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്‍ വരാതിരിക്കാനാണ് ഗ്രൂപ്പുകള്‍ കിണഞ്ഞു പരിശ്രമിക്കുന്നത്. ഗ്രൂപ്പില്ലാത്ത നേതൃമെന്ന താല്‍പര്യമാണ് ഹൈക്കമാന്‍ഡിന്റേത് എന്നതിനാല്‍ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് അന്തിമമായി പരിഗണനയിലുള്ളത്.
മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി പുതിയ കെ.പി.പി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നതിനായി എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു പ്രധാന നേതാക്കള്‍ എന്നിവരുടെ അഭിപ്രായം ഓണ്‍ലൈനിലൂടെ ഇതിനകംതന്നെ ശേഖരിച്ചുകഴിഞ്ഞു. ഇതില്‍ എ, ഐ ഗ്രൂപ്പുകള്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് മുന്നോട്ടുവച്ചത്. പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഗ്രൂപ്പുകള്‍ ഒരുമിച്ചുചേര്‍ന്ന് ഈ പേര് നിര്‍ദേശിച്ചത്.
എങ്കിലും ഗ്രൂപ്പുകള്‍ തമ്മിലും അതിന്റെ പ്രധാന നേതാക്കള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമാണ് രമേശ് ചെന്നിത്തലയെ പിന്തുണച്ചത്. ഈ അപകടം മനസിലാക്കിയാണ് കെ. പി.സി.സി. പ്രസിഡന്റിന്റെ കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചത്.
കെ.സി.ജോസഫിനെ കെ.പി.സി.സി. പ്രസിഡന്റും ചെന്നിത്തലയെ പ്രതിപക്ഷനേതാവുമാക്കാനാണ് തുടക്കത്തില്‍ ഗ്രൂപ്പുകള്‍ തീരുമാനിച്ചത്. ചെന്നിത്തലയ്ക്ക് പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായതോടെ എല്ലാം തകിടംമറിഞ്ഞു. ബെന്നി ബഹനാനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ചെന്നിത്തല നിര്‍ദേശിച്ചെങ്കിലും പഴയ അടുപ്പമില്ലാത്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി താല്‍പര്യം കാണിച്ചില്ല. തുടര്‍ന്നാണ് കൊടിക്കുന്നിലിന്റെയും സുധാകരന്റെയും പേരുകള്‍ ഉര്‍ന്നുവന്നത്. പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്ന കാര്യത്തില്‍ ഗ്രൂപ്പുകളെ അവഗണിച്ച അശോക് ചവാന്‍ കമ്മിറ്റിയെ ബഹിഷ്‌കരിക്കാന്‍ ഇതിനിടെ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷം ചെന്നിത്തല രഹസ്യമായി ചവാനുമായി ഓണ്‍ലൈനില്‍ സംസാരിച്ചതും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയുമാണ് പ്രശ്‌നക്കാരെന്നു പറഞ്ഞതുംകാര്യങ്ങള്‍ സങ്കീര്‍ണമാക്കി.
ചെന്നിത്തല ഹൈക്കമാന്‍ഡിനയച്ച കത്തുകൂടി പുറത്തുവന്നതോടെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. ചെന്നിത്തലയുടെ ചതിയെന്നാണ് ഇതേക്കുറിച്ച് മുല്ലപ്പള്ളി പ്രതികരിച്ചതെന്ന് അറിയുന്നു. ഗ്രൂപ്പുകള്‍ തകര്‍ന്നുനില്‍ക്കുന്ന അവസ്ഥയില്‍ പുതിയ കെ.പി.സി.സി. പ്രസിഡന്റിന്റെ വരവ് കോണ്‍ഗ്രസില്‍ മറ്റു സസമവാക്യങ്ങള്‍ക്ക് വഴിയൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."