സ്വവർഗകാമനകളും സ്വത്വവാദവും
വെള്ളിപ്രഭാതം
റശീദ് ഹുദവി ഏലംകുളം
സ്വവർഗരതി സ്വാഭാവികമായിക്കാണുന്ന(ഹോമോനോർമാറ്റീവ്) രീതിയിലേക്ക് സമൂഹം സാവധാനം മാറുകയാണ്. വ്യക്തിയുടെ ആനന്ദത്തേക്കാൾ സാമൂഹിക ബാധ്യതക്കും സമാധാനപരമായ കുടുംബജീവിതത്തിനും പ്രാധാന്യം നൽകുന്ന മതവിശ്വാസികൾക്ക്, പുതിയ 'നോർമലുകൾ' രൂപപ്പെട്ടു വരുമ്പോൾ ചില ഉത്തരവാദിത്വങ്ങളുണ്ട്. മറ്റെല്ലാ സമൂഹങ്ങളെയും പോലെ, ഇസ്‌ലാമിക സമൂഹങ്ങളിലും സ്വവർഗരതിക്കാർ ഉണ്ടായിട്ടുണ്ട്. ലോകമതങ്ങളിൽ സ്വലിംഗരമികളോട് താത്ത്വികമായി ഏറ്റവുമധികം കാർക്കശ്യം പുലർത്തുന്നത് ഇസ്‌ലാമാണെങ്കിലും പ്രായോഗികതലത്തിൽ ഏറ്റവും സഹിഷ്ണുത കാണിച്ചത് മുസ്‌ലിംകളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഖാലിദ് അൽ റോഹബിൻ്റെ ഹോമോ സെക്ഷ്വാലിറ്റി ഇൻ ദ അറബ് വേൾഡ്, ജോസഫ് മസാദിൻ്റെ ഡിസൈറിങ് അറബ്‌സ് തുടങ്ങിയ പഠനങ്ങൾ ഇതിനെ സൂചിപ്പിക്കുന്നു. സ്വവർഗലൈംഗികതയോട് ആഭിമുഖ്യമുള്ള ആളുകൾ തങ്ങൾക്കിടയിൽ ജീവിച്ചിരുന്നു എന്നതിനെക്കുറിച്ച് പൂർവാധുനികകാലത്തെ ഇസ്‌ലാമിക നിയമജ്ഞരും പണ്ഡിതരും ബോധവാന്മാരായിരുന്നു എന്നുമാത്രമല്ല, അവരെ മുസ്‌ലിംകളായി തന്നെ പരിഗണിക്കുകയും ചെയ്തുപോന്നിട്ടുണ്ട്.
പക്ഷേ, പുതിയ കാലത്തെ ഗേകളുമായി അക്കാലത്തുള്ളവർ രണ്ട് കാര്യങ്ങളിലെങ്കിലും വ്യത്യസ്തരായിരുന്നു. ഒന്ന്, സ്വവർഗത്തോട് തോന്നുന്ന ലൈംഗികാകർഷണം തങ്ങളുടെ സ്വത്വത്തെ നിർണയിക്കുന്നതായി അവർ കരുതിയില്ല. രണ്ട്, ചിലർ സ്വവർഗരതിക്കാരാണെന്ന് മനസ്സിലാക്കിയപ്പോഴും അവരുടെ ലൈംഗിക ചോദനക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ധാർമികമായി ശരിയായിരുന്നു എന്ന് അവർ ന്യായീകരിച്ചിരുന്നില്ല. ഞാൻ ഒരു മുസ്‌ലിം മാത്രമല്ല മദ്യപാനിയായ മുസ്‌ലിമാണ്, എൻ്റെ മദ്യപാനമാണ് എന്നെ ഞാനാക്കുന്നത് എന്നു പറയുന്നതുപോലെ വ്യർഥമാണത്. സ്വവർഗത്തോട് ലൈംഗികകാമനകൾ മനസ്സിൽ സൂക്ഷിക്കുക എന്നതല്ല ഇസ്‌ലാമിൻ്റെ നൈതികതയെ സംബന്ധിച്ചിടത്തോളം പ്രശ്‌നം, മറിച്ച് അവയുപയോഗിച്ച് ഒരു സ്വത്വവാദം രൂപപ്പെടുത്തുന്നതാണ്. സ്വവർഗാനുരാഗം എന്ന ചോദന മാത്രമല്ല, അതിനേക്കാൾ ഹീനവും വികൃതവുമായ പല ചോദനകളും മനുഷ്യരിൽ ഉണ്ടാവാം. എന്നാൽ അവ ഒരു വിഭാഗം ആളുകളുടെ സ്വത്വത്തെ നിർണയിക്കുന്നതായി മനസ്സിലാക്കപ്പെടുകയും അതുപയോഗിച്ച് സ്വത്വരൂപീകരണം നടത്തുകയും ചെയ്യുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളാണ് ഉളവാക്കുക. അത് ഏതെങ്കിലും മതസമുദായത്തെ പ്രത്യേകമായല്ല ബാധിക്കുക, മറിച്ച് സമൂഹത്തെ ഒന്നാകെയാണ്.
ചോദനകൾ സ്വത്വത്തെ
നിർണയിക്കാമോ?
ചില ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്. ഒരാളുടെ സ്വവർഗത്തോട് അയാൾക്ക് താൽക്കാലികമായോ ജന്മപരമായോ തോന്നുന്ന തൃഷ്ണയെ മനുഷ്യമനസ്സിൻ്റെ സ്വാഭാവിക കാമനയായി മനസ്സിലാക്കാതെ അതിനെ അയാളുടെ സ്വത്വത്തിന്റെ നിർണായക ഘടകമാക്കി മാറ്റാൻ ചിലർ വാദിക്കുന്നതിൻ്റെ താൽപര്യമെന്താണ്? അങ്ങനെ മനുഷ്യമനസ്സിൽ പ്രകടമാവുന്ന ഓരോ ലൈംഗിക തൃഷ്ണയെയും സ്വത്വനിർണയം നടത്തുന്ന ഉപാധിയായി പരിഗണിക്കുമെങ്കിൽ മൃഗരതി (zoophilia), ശവരതി (necrophilia) തുടങ്ങിയ മറ്റു വികൃതമായ സാധ്യതകളെ കൂടി അവർ ഉൾക്കൊള്ളാൻ തയാറാവുമോ? അങ്ങനെ വികസിച്ചുവരുന്ന അപാരമായ വൈവിധ്യത്തെ അവർ ഉൾക്കൊള്ളുമോ? ഇതിനു തയാറാവുമെങ്കിൽ അവർ മനുഷ്യകുലത്തെ വല്ലാത്ത നികൃഷ്ടമായ അവസ്ഥയിലേക്കായിരിക്കും തള്ളിവിടുക. ഇനി തയാറാവില്ലെങ്കിൽ സ്വവർഗരതി അനുവദിക്കാം, മറ്റുള്ളവയൊന്നും പാടില്ല എന്ന് നിർണയിക്കാനുപയോഗിക്കുന്ന മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കണം. അതിനു സാധിക്കില്ലെങ്കിൽ അവരുടെ സൈദ്ധാന്തിക ചട്ടക്കൂട് ദുർബലമാണെന്നും അകമേ പരസ്പരവിരുദ്ധമാണെന്നുമല്ലേ അർഥം? ഇങ്ങനെ ദുർബലമായ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഉന്നയിക്കപ്പെടുന്ന സ്വവർഗ വിവാഹം, സ്വവർഗദാമ്പത്യം തുടങ്ങിയ അവകാശങ്ങൾ അവർക്ക് വകവച്ചുകൊടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടോ? തീർച്ചയായും ഇല്ല.
സ്വവർഗരതി മാത്രമല്ല, വ്യഭിചാരം, മദ്യപാനം, അവിഹിത ബന്ധം തുടങ്ങിയ മുഴുവൻ ചോദനകളോടും പടവെട്ടിയാണ് ഓരോ വിശ്വാസിയും ജീവിക്കേണ്ടത്. ലൈംഗികവും അല്ലാത്തതുമായ ഈ ചോദനകൾ മുഴുവൻ മനുഷ്യരിൽ ഉണ്ടാകാൻ ഇടപെടുന്നതിനേക്കാൾ വ്യത്യസ്തമായ ഇടപെടലാണോ പ്രകൃതി സ്വവർഗപ്രേമികളിൽ നടത്തുന്നത്? മറ്റുള്ള ലൈംഗിക ആഭിമുഖ്യള്ളവരിൽ ഉള്ളതിനേക്കാൾ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവർഗപ്രേമികളിൽ അവരുടെ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാൻ, പ്രകൃതി നടത്തുന്നത്? ഇത്തരം ചോദനകളെല്ലാം സ്വേഛപരമാണെന്നും സ്വവർഗാനുരാഗം മാത്രം സ്വേഛപരമല്ലാതെ, ഒഴിച്ചുനിർത്താനാവാത്ത പ്രകൃതിയുടെ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരർഥകമാണ്.
ഇസ്‌ലാമിൽ ആഗ്രഹങ്ങളും ചോദനകളും ഉണ്ടാകുന്നത് കുറ്റകരമല്ല, അവ മനുഷ്യരിൽ ദൈവം നൈസർഗികമായോ ജനിതകമായോ നിക്ഷേപിച്ചതാണ്. എന്നാൽ അതുസംബന്ധമായ പ്രവർത്തനങ്ങളിലേർപ്പെടേണ്ടതിന് നില സുനിശ്ചിതമായ പരിമിതികളുണ്ട്. ഇസ്‌ലാമിക ലോകവീക്ഷണപ്രകാരം, പരിധികൾ ലംഘിക്കാനുള്ള ചോദനയുണ്ടാവുമ്പോൾ അവ പാലിക്കുക എന്നതാണ് ഭൂമിയിൽ മനുഷ്യൻ്റെ അസ്തിത്വത്തിൻ്റെ ആകത്തുക. മൃഗരതിയോ ശവരതിയോ ഏതുമാകട്ടെ, എല്ലാ രതിസാധ്യതകളെയും മനുഷ്യശരീരമായ നഫ്‌സിൻ്റെ ശഹ്‌വത്ത് എന്ന പ്രതിഭാസത്തിൻ്റെ ബഹിർസ്ഫുരണമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവ മനുഷ്യപ്രകൃതത്തിൽ ദൈവം സന്നിവേശിപ്പിച്ചതാണ്. അതേസമയം, അവയിൽ ചിലത് അനുവദിക്കുകയും ചിലത് വിലക്കുകയും ചെയ്തിരിക്കുന്നു.ആ അർഥത്തിൽ സ്വവർഗരതിയെ പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
സ്‌കോട്ട് കൂഗ്‌ളും വിമർശനവും
സ്വവർഗപ്രേമത്തിന് ഇസ്‌ലാമിനകത്ത് സാധൂകരണം നൽകാൻ വേണ്ടിയുള്ള രചനാ പദ്ധതികളിൽ ചിലർ ഏർപ്പെട്ടിട്ടുണ്ട്. അവരിൽ ഏറ്റവും പ്രമുഖനാണ് ഹോമോ സെക്ഷ്വാലിറ്റി ഇൻ ഇസ്‌ലാം എന്ന പുസ്തകത്തിൻ്റെ കർത്താവായ സിറാജ് സ്‌കോട്ട് കൂഗ്ൾ. പത്താം നൂറ്റാണ്ടിൽ ജീവിച്ച മുസ്‌ലിം പണ്ഡിതൻ ഇബ്‌നു ഹസ്മിൻ്റെ തൗഖുൽ ഹമാമ, ഇബ്‌നു ദാവൂദ് ളാഹിരിയുടെ കിത്താബുസ്സഹ്‌റ തുടങ്ങിയ ഗ്രന്ഥങ്ങളെ ഉപജീവിച്ചാണ് സ്‌കോട്ട് കൂഗ്ൾ തൻ്റെ വാദങ്ങൾ നിരത്തുന്നത്. എന്നാൽ, ഇതേ പണ്ഡിതർ തന്നെ സ്വവർഗരതിയെ നിരാകരിക്കുന്ന ഭാഗങ്ങളെ തൻ്റെ വിശകലനത്തിൽനിന്ന് സ്‌കോട്ട് കൂഗ്ൾ മാറ്റിനിർത്തുന്നു.
സ്വവർഗഭോഗികൾക്ക് വ്യഭിചാരത്തിൻ്റെ ശിക്ഷ നൽകേണ്ടതില്ലെന്ന് ഇബ്‌നു ഹസമിൻ്റെ അൽമുഹല്ല എന്ന ഗ്രന്ഥത്തിലുണ്ട്. ഇതുയർത്തിക്കാണിച്ച് ഇബ്‌നുഹസമിനെ സ്വവർഗരതിക്കാരുടെ ഹീറോയായി സ്‌കോട്ട് കൂഗ്ൾ അവതരിപ്പിക്കുന്നു. എന്നാൽ, ഖുർആനിൽ നേർക്കുനേർ പറഞ്ഞത് മാത്രമേ സ്വീകരിക്കൂ, അല്ലാത്തത് സ്വീകരിക്കേണ്ടതില്ല എന്ന ഇബ്‌നുഹസമിൻ്റെ ലിറ്ററലിസ്റ്റ് നിലപാടിൻ്റെ പ്രതിഫലനമാണ് ഇൗ നിലപാട്. അല്ലാതെ, അദ്ദേഹം സ്വവർഗരതിക്കാരെ അംഗീകരിച്ചതല്ല. ഇബ്‌നു ഹസമിൻ്റെ ഗ്രന്ഥങ്ങളെ ആഴത്തിൽ ഗ്രഹിച്ച കമീല അഡാങ്ങിനെപ്പോലുള്ളവർ ഇക്കാര്യം ശരിവയ്ക്കുന്നു. സ്‌കോട്ട് കൂഗ്‌ളിൻ്റെ ഇത്തരം രീതിശാസ്ത്രപരമായ അബദ്ധങ്ങളെക്കുറിച്ച് നിരവധി വിമർശനങ്ങളുണ്ടായിട്ടുണ്ട്. യു.എസിലെ മുസ്ലിം ബുദ്ധിജീവിയായ മുബീൻ വൈദിൻ്റെ പഠനങ്ങൾ ഇതിൽ ശ്രദ്ധേയമാണ്. സമൂഹത്തിൽ മാന്യമായ കുടുംബജീവിതം നയിക്കുന്ന നിരവധി പ്രമുഖർ സ്വവർഗരതിക്കാരുടെ 'അവകാശ'ങ്ങൾക്കായി രംഗത്തുണ്ട്. അപരവർഗലൈംഗികത അടിസ്ഥാനപ്പെടുത്തി ജീവിക്കുന്ന സമൂഹത്തിൽ അവരെപ്പോലെ തന്നെ ജീവിക്കാനുള്ള, അതിലേക്ക് മാറാനുള്ള മനശ്ശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പിന്തുണ നൽകാൻ ഇത്തരക്കാർ സംസാരിക്കാത്തത് എന്തുകൊണ്ടാണ്? അതും അവരുടെ അവകാശങ്ങളിൽ പെട്ടതല്ലേ?
മനുഷ്യ മനസ്സിന് മറികടക്കാനാവുന്ന താൽക്കാലിക കാമനകളായോ കൗൺസലിങ്ങിലൂടെയും അല്ലാതെയും പരിഹരിക്കപ്പെടുന്ന വൈദ്യശാസ്ത്രപരമായ പ്രശ്‌നങ്ങളായോ സ്വവർഗലൈംഗികാഭിമുഖ്യം ഇന്ന് നിരവധി പ്രദേശങ്ങളിലും സാഹചര്യങ്ങളിലും ഗവേഷണങ്ങളിലും വെളിപ്പെട്ടുവരുന്നുണ്ട്. അത്തരം അനുഭവങ്ങൾക്ക് തെളിവുകളുമുണ്ട്. ആക്ടിവിസ്റ്റുകളുടെ ഹിംസ ഭയന്ന് മൂടിവയ്ക്കാതെ അത്തരം അനുഭവങ്ങളെക്കൂടി പരിഗണിച്ചുകൊണ്ട് മാത്രമേ ഇക്കാര്യത്തിൽ ഒരു പുരോഗമന സമൂഹത്തിന് മുന്നോട്ടുപോകാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."