HOME
DETAILS

കനമുള്ളൊരു ഹാപ്പി വിഷു

  
backup
April 14, 2023 | 11:59 PM

a-thick-happy-vishu













അജിജേഷ് പച്ചാട്ട്

കഴിഞ്ഞ കൊല്ലം ഏകദേശം ഇതേ കാലം... എഴുതാനും വായിക്കാനുമൊന്നും ഒരു മൂഡില്ലാത്ത ദിവസം. രാവിലെ മുതൽ ഉച്ചവരെ തട്ടിയും മുട്ടിയും നടന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ബാഗും ഒരു കുപ്പി വെള്ളവും കൈയിൽ കരുതി എങ്ങോട്ടെങ്കിലും പോവുകയാണ് പതിവ്. ടൂവീലർ അത്ര കണ്ടീഷനല്ലാത്തതുകൊണ്ട് ഉച്ചച്ചോറുണ്ട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ പോയി നേരെ കോഴിക്കോട്ടേക്ക് ബസ് കയറി. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ബീച്ചിലോ മാനാഞ്ചിറയിലോ പോയി കുറച്ചുനേരം ഇരിക്കാമെന്ന് വിചാരിച്ചു. കെ.എസ്.ആർ.ടി.സിയാണ്. തിരക്ക് കുറവ്. എങ്കിലും കുറച്ച് ആണുങ്ങൾ കമ്പികളിൽ ചാരി അങ്ങിങ്ങ് നിൽക്കുന്നുണ്ട്. ടിക്കറ്റെടുത്ത് കഴിഞ്ഞപ്പോഴാണ് തൊട്ടടുത്ത സീറ്റിലേക്ക് ശ്രദ്ധിച്ചത്. വിൻഡോക്കടുത്ത് അൽപം പ്രായമുള്ള ഒരു സ്ത്രീയാണ്. അവരുടെ അടുത്തുള്ള സീറ്റ് കാലിയാണ്. ചോറുണ്ട് ഉടനെ ഇറങ്ങിയതുകൊണ്ട് വയറ് കൊളുത്തിപ്പിടിക്കുന്ന സ്വഭാവമുള്ള എനിക്ക് ഇരിക്കാൻ തോന്നി. ഞാൻ സീറ്റിലേക്ക് നോക്കി. പെട്ടെന്ന് അവർ എന്നെ നോക്കി, എന്നിട്ട് കണ്ണുകൊണ്ട് ഇരിക്കാൻ പറഞ്ഞു. വലിയ സന്തോഷമായി.
വട്ടക്കണ്ണടയ്ക്കുള്ളിലെ കണ്ണുകൾ പുറത്തേക്ക് പാകി നേർത്ത കാറ്റിന് മുഖം കൊടുത്ത് അവരങ്ങനെ ഇരുന്നു. ഇടതൂർന്ന മുടി പിൻഭാഗത്ത് ഒന്നാകെ കെട്ടിവെച്ചിട്ടുണ്ട്. കാക്കാഞ്ചേരി കഴിഞ്ഞപ്പോൾ അവർ എനിക്ക് നേരെ തിരിഞ്ഞ് ഒന്ന് ചിരിച്ചു, തിരിച്ച് ഞാനും.


'എങ്ങോട്ടാ..?' ഞാൻ ചോദിച്ചു. 'വയനാട്'. 'ജോലി കഴിഞ്ഞ് പോവുകയാണോ?' വൈകുന്നേരമായിട്ടില്ല എന്നറിയാമായിരുന്നു. ദൂരെയുള്ളവർ ചില സമയത്ത് നാട്ടിൽ പോവാറ് ഉച്ചക്ക് ശേഷമാണല്ലോ.
'അല്ല. ജോലിയിൽനിന്ന് റിസൈൻ ചെയ്ത് പോവുകയാണ്'. അവർ അൽപം പരുക്കനായി പറഞ്ഞപ്പോൾ കളിയാക്കുകയാണ് എന്നാണ് ആദ്യം തോന്നിയത്. കുറച്ചുനേരത്തേക്ക് പിന്നെ ഞാനൊന്നും മിണ്ടിയില്ല. പക്ഷേ അങ്ങനെയല്ല എന്ന് പിന്നീട് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി.
'വർക്ക് ചെയ്തത് എവിടെയായിരുന്നു?'
'കുടുംബത്തിൽ'. പൊടുന്നനെ ബസ് ബ്രേക്കിട്ടു. ഞങ്ങൾ രണ്ടുപേരും മുന്നോട്ടാഞ്ഞു. ഇടിമുഴിക്കലിൽനിന്ന് കൊളക്കുത്ത് റോഡിലേക്ക് ഇന്റിക്കേറ്ററിടാതെ കൂളായി തിരിഞ്ഞ് പോകുന്ന വയസായ മനുഷ്യനെ നോക്കി ഉറക്കെ പ്രാകി കണ്ടക്ടർ തുടരെത്തുടരെ ബെല്ലടിച്ചു.


സത്യത്തിൽ അവരുടെ മറുപടിയിൽ ഞാൻ വല്ലാതെ അന്തംവിട്ടുപോയിരുന്നു. അത് അവർക്ക് മനസിലാവുകയും ചെയ്തു. അവർ ചിരിച്ചു.
'വീട് വിട്ടിറങ്ങിയതാ. പണ്ട്, വയനാട്ടിൽ അച്ഛന്റെ ഓഹരിയായി കിട്ടിയ കുറച്ച് സ്ഥലവും ഒരു കുഞ്ഞുവീടുമുണ്ട്. ശേഷിച്ച കാലം അവിടെ സ്വസ്ഥം'.
എന്താണ് കാരണം എന്ന് ചോദിക്കാൻ തോന്നിയില്ല. സ്ത്രീകൾക്ക് വീടുവിട്ടിറങ്ങിപ്പോകാനാണോ കാര്യങ്ങളില്ലാത്തത്, അതും ഇക്കാലത്ത്. എത്രയെത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് അവർ ഓരോരുത്തരും കുടുംബത്തിൽ കഴിഞ്ഞുകൂടുന്നത്!


'ശരിക്ക് മക്കൾ വ്യക്തികളായിക്കഴിഞ്ഞാൽ അമ്മമാർ കുടുംബത്തിൽനിന്ന് വിരമിക്കണം'. ആ ഫിലോസഫി എനിക്ക് ഇഷ്ടപ്പെട്ടു. കാരണം എന്താണെന്ന് വിശദമായി ചോദിക്കാൻ തോന്നിയില്ല. അത് പൂർണമായും അവരുടെ സ്വകാര്യതയാണല്ലോ. 'മോൻ എവിടെയാണ് വർക്ക് ചെയ്യുന്നത്?' 'വീട്ടിൽ'.
'വീട്ടിലെന്തായിട്ടാ, മകനായിട്ടാണോ വർക്ക് ചെയ്യുന്നത്? അതോ ഹസ്ബന്റായിട്ടോ?' അത് കേട്ടപ്പോൾ ചിരി വന്നു. ഞങ്ങൾ രണ്ടുപേരും ഉറക്കെ ചിരിച്ചു. അതുവരെ തങ്ങൾക്കിടയിലുണ്ടായിരുന്ന അകലം അവരുടെ ചോദ്യങ്ങളോടെയും എന്റെ ഉത്തരത്തോടെയും ചെമ്മലപ്പള്ളിയുടെ വളവിലേക്ക് ചാടി മുറുക്കിയോടിക്കളഞ്ഞു.
എത്ര ഗംഭീരമായിട്ടാണ് അവർ കുടുംബം എന്ന വ്യവസ്ഥിതിയെ നിർവചിച്ചത്! രാമനാട്ടുകര കഴിഞ്ഞതോടെ ഞങ്ങൾ നല്ല കൂട്ടായി. എവിടെയോ ഒരു കണക്ഷൻ. വർത്തമാനം നീണ്ടുനീണ്ടു പോയി. അവർ ഏറ്റവും കൂടുതൽ പറഞ്ഞത് അവർക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലങ്ങളെക്കുറിച്ചായിരുന്നു. മധുരയും പഴനിയും പോകണമെന്ന് വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഭർത്താവിന് യാത്രയിൽ താൽപര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ കുറച്ചുനേരം അവർ നിശബ്ദമായി ഇരുന്നു.

'അദ്ദേഹം ഒറ്റയ്ക്ക് പോയ്ക്കളഞ്ഞു. ഇനി ഉണ്ടായിരുന്നെങ്കിലോ, ഒരുപക്ഷേ എനിക്കീ യാത്ര തന്നെ വേണ്ടിവരുമായിരുന്നില്ല'. അൽപം സങ്കടമുണ്ടായിരുന്നു ആ പറച്ചിലിൽ.
പെട്ടെന്ന് അവരുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. കുറച്ചുനേരം ഫോണിനെത്തന്നെ നോക്കിനിന്ന ശേഷം നിവൃത്തിയില്ലാതെ ഫോണെടുത്ത് ശബ്ദം താഴ്ത്തി കൈകൊണ്ട് മറച്ചുപിടിച്ച് സംസാരിച്ചു. കുറച്ചുനേരത്തെ വർത്തമാനത്തിനുശേഷം ഫോൺ കട്ട് ചെയ്ത് എന്നെ നോക്കി ചിരിച്ചു.
'മോനാണ്. തിരിച്ചു ചെല്ലാൻ പറഞ്ഞ് വിളിച്ചതാ'.
'എന്നാൽ പൊയ്ക്കൂടേ. മക്കളല്ലേ?'
'അതെ മക്കളാണ്. മോന് അമ്മയില്ലേ'. 'ഓ ഉണ്ട്'. 'ആ അമ്മ എന്നെങ്കിലും ഒരു മീടു ചെയ്യാൻ തീരുമാനിച്ചാൽ മോൻ അതിനെ സപ്പോർട്ട് ചെയ്യുമോ?'
ബസ് വലിയൊരു ഗർത്തത്തിലേക്ക് കുത്തനെ വീഴുന്നതുപോലെയാണ് എനിക്ക് തോന്നിയത്. അവരിൽനിന്ന് ഒരിക്കലും അങ്ങനെയുള്ള ഒരു ചോദ്യം തീരെ പ്രതീക്ഷിച്ചതല്ല. നെഞ്ചിലൊരാളൽ. തൊണ്ടയിലെ വെള്ളം വറ്റി. 'ചെയ്യണമല്ലോ'. ഞാൻ വിക്കി.


അവർ ചിരിച്ചു. അപ്പോഴേക്കും ബസ് കോഴിക്കോട് ട്രാൻസ്‌പോർട്ട് സ്റ്റാന്റിലേക്ക് കയറിക്കഴിഞ്ഞിരുന്നു. 'ആ ബാഗൊന്ന് എടുത്തുതരാമോ?'അവർ മുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ എഴുന്നേറ്റ് ലഗേജ് റാക്കിൽനിന്ന് അവരുടെ ബാഗെടുത്ത് കൊടുത്തു. ബാഗ് വാങ്ങി സീറ്റിൽ വെച്ച് അവർ എനിക്ക് നേരെ കൈ നീട്ടി. 'അപ്പോ അഡ്വാൻസായിട്ട് ഹാപ്പി വിഷു'. ശരിയാണ്. രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ വിഷുവാണ്. ഞാനും കൈ നീട്ടി. 'സെയിം ടു യൂ'.


ബീച്ചിലിരിക്കുമ്പോൾ അവരായിരുന്നു മനസിൽ നിറയെ. കുടുംബം എന്ന വ്യവസ്ഥിതിയുടെ ഇരുണ്ടതും ഭീതിപ്പെടുത്തുന്നതുമായ ഒരു ഭാഗം എനിക്ക് പരിചയപ്പെടുത്തി തന്നിട്ടാണ് അവർ ബസിറങ്ങിപ്പോയിരിക്കുന്നത്. എന്തുകൊണ്ട് മക്കൾ പോലും അത്തരത്തിലുള്ള ഒരു ഘട്ടം വന്നപ്പോൾ അമ്മയ്‌ക്കൊപ്പം നിന്നില്ല?
കുറേക്കാലം അത് മനസ്സിലിട്ട് നടന്നു. അന്ന് വർത്തമാനത്തിനിടയിൽ ഞങ്ങൾ പരസ്പരം പേരുകൾ പോലും ചോദിച്ചിരുന്നില്ല. ഒടുവിൽ മനസിൽ ഞാൻ അവർക്ക് ഒരു പേര് നൽകി. പത്മാവതിയമ്മ. ദിവസങ്ങൾക്കുള്ളിൽ അവർക്ക് മക്കളുണ്ടായി. മക്കളുടെ മക്കളുണ്ടായി. ആ പത്മാവതിയമ്മ സധൈര്യം ഒരു ദിവസം മീടൂ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. പതിയെ പതിയെ അതൊരു കഥയായി രൂപപ്പെട്ടു. മാധ്യമം ആഴ്ചപ്പതിപ്പിൽ വന്ന 'ചെന്നായവേട്ട' എന്ന കഥ ഉണ്ടാകുന്നത് അങ്ങനെയാണ്. പക്ഷേ ശരിക്കുള്ള ജീവിതത്തിലെ ആ അമ്മയെപ്പോലെ വീടു വിട്ടിറങ്ങേണ്ടി വന്നില്ല കഥയിലെ പത്മാവതിയമ്മക്ക്. കാരണം മക്കളേക്കാൾ വകതിരിവുള്ള കാര്യശേഷിയുള്ള ഒരുഗ്രൻ പേരക്കുട്ടിയുണ്ടായിരുന്നു അവർക്ക്. ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധി.


ഇത് എന്തുകൊണ്ട് ഇപ്പോൾ പറഞ്ഞുവെന്നല്ലേ. പ്രത്യേകിച്ചൊന്നുമില്ല, വിഷുവിനെ കുറിച്ചോർക്കുമ്പോൾ എനിക്ക് അവരെ മറികടന്ന് മറ്റൊരു ഓർമയിലേക്ക് പോകാൻ കഴിയുന്നില്ല. കാരണം അവർ തന്ന അന്നത്തെയാ 'ഹാപ്പി വിഷു'വിന് അത്രയും കനമുണ്ടായിരുന്നു, ആഴവും. അപ്പോ എല്ലാ ചങ്ക്വേൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

A thick happy Vishu


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ സംസ്ഥാനങ്ങളിലെയും പൊലിസുകാർക്ക് ഒറ്റയൂണിഫോം വരുന്നു; സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്രസർക്കാർ | One Nation, One Police

National
  •  8 days ago
No Image

കാപ്പ ചുമത്തി നാടുകടത്തി, തിരിച്ചെത്തി വീണ്ടും ആക്രമണം; ഹോട്ടൽ തകർത്ത ഗുണ്ടകൾ പൊലിസ് വലയിൽ

Kerala
  •  8 days ago
No Image

മേയാൻ വിട്ട പോത്ത് കയറിപ്പോയത് നേരെ ടെറസിലേക്ക്; ഒടുവിൽ അഗ്നി രക്ഷാ സേനയെത്തി താഴെയിറക്കി

Kerala
  •  8 days ago
No Image

ഏറ്റവും പുതിയ നിക്കോൺ സെഡ്.ആർ മിഡിൽ ഈസ്റ്റ് വിപണിയിൽ അവതരിപ്പിച്ചു

uae
  •  8 days ago
No Image

വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ നാളെ മുതൽ ഡോക്ടർമാരുടെ 'ജീവൻ രക്ഷാ സമരം'; രോഗീപരിചരണം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും

Kerala
  •  8 days ago
No Image

ഡോ എം ആർ രാഘവവാര്യർക്ക് കേരള ജ്യോതി; രണ്ടുപേർക്ക് കേരള പ്രഭയും, അഞ്ച് പേർക്ക് കേരള ശ്രീയും; കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala
  •  8 days ago
No Image

ആരോഗ്യ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിച്ചു; കുവൈത്തിൽ പ്രവാസിക്ക് 10 വർഷം കഠിനതടവ്

Kuwait
  •  8 days ago
No Image

ഈ ക്യൂ ആർ കോഡ് പേയ്‌മെന്റിനല്ല, നേരെ യൂട്യൂബ് ചാനലിലേക്ക്; മകന് അച്ഛന്റെ വക സൗജന്യ പരസ്യം 

National
  •  8 days ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യക്കാർ: നാല് യു.എ.ഇ വനിതാ മന്ത്രിമാരും; പട്ടികയിലെ ഏക മലയാളി ഷഫീന യൂസഫലി

uae
  •  8 days ago