കര്‍ക്കിടകം കനിഞ്ഞില്ല; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഗൂഡല്ലൂര്‍,പുത്തന്‍കുന്ന്: വിവിധയിനം കൃഷികള്‍ക്കായി വിളവിറക്കേണ്ട സമയത്ത് മഴ മാറി നില്‍ക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. നീലഗിരി ജില്ലയിലെയും വയനാട്ടിലെ വിവിധ പ്രദേശങ്ങളിലെയും കര്‍ഷകരാണ് മഴ ഇല്ലാത്തതിനാല്‍ പ്രതിസന്ധി നേരിടുന്നത്. മഴകുറവ് നീലഗിരിയില്‍ കാര്‍ഷിക മേഖലക്ക് തിരിച്ചടിയാവുകയാണ്.
നെല്ല്, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്കാണ് മഴ മാറി നില്‍ക്കുന്നത് വലിയ രീതിയില്‍ ഭീഷണി സൃഷ്ടിക്കുന്നത്. എന്നാല്‍ ഇടക്കിടെ എത്തിനോക്കി പോവുന്ന മഴ തേയില, നേന്ത്രവാഴ തുടങ്ങിയ കൃഷികള്‍ക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രതികൂല കാലാവസ്ഥ നീലഗിരിയിലെ കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ കാലാവസ്ഥാ വ്യതിയാനം കാരണമുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും തിരിച്ചടിയായിട്ടുണ്ട്.
മഴയില്ലാത്തതിനെ തുടര്‍ന്ന് വയനാട്ടിലെ പുത്തന്‍കുന്ന് പ്രദേശത്തെ നെല്‍കര്‍ഷകര്‍ ആശങ്കയിലായിരിക്കുന്നത്. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഒരുപറ്റം കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കിയിട്ടില്ല.
ഇറക്കിയവര്‍ കൃഷി ഉണങ്ങി നശിക്കുന്നത് കാണേണ്ട അവസ്ഥയിലുമാണ്. പാടങ്ങള്‍ വരണ്ട് വിണ്ടുകീറി തുടങ്ങി. ഇതില്‍ വിതച്ച് മുളച്ച് പൊന്തിയ നെല്‍ച്ചെടികള്‍ വെള്ളമില്ലാത്തതിനാല്‍ ഉണങ്ങി തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങിളില്‍ കാര്യമായ മഴലഭിച്ചില്ലെങ്കില്‍ വിളകള്‍ പൂര്‍ണമായും നശിക്കുമെന്ന അവസ്ഥയാണുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു. നിലവിലെ സ്ഥിതി തുടരുകയാണങ്കില്‍ കൃഷിനാശത്തിന്ന് പുറമെ കുടിവെള്ളക്ഷാമവും ഉണ്ടാവുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരു ജില്ലകളിലും ഇത്തവണ മഴ വര്‍ഷിച്ചത് ലഭിക്കേണ്ടതിന്റെ പകുതി മാത്രമാണ്. ഇത് രണ്ട് ജില്ലകളിലേയും കാര്‍ഷിക മേഖലക്ക് പ്രതിസന്ധിയായി മാറിയിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."