പരിസ്ഥിതിലോല പ്രദേശം സംസ്ഥാനങ്ങളുടെ ആശങ്ക കേന്ദ്രം സുപ്രിംകോടതിയെ അറിയിക്കും
ന്യൂഡൽഹി
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല പ്രദേശം ഒരു കിലോമീറ്ററായി നിശ്ചയിച്ച ഉത്തരവിൽ സംസ്ഥാനങ്ങളുടെ ആശങ്ക കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിക്കും.
വിധിയിൽ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി വിവിധ സംസ്ഥാനങ്ങളിലെ എം.പിമാർ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഉത്തരവിന്റെ പരിധിയിൽനിന്ന് ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
കേരളത്തിന് പുറമെ ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, കർണാടക, ഗോവ, തമിഴ്നാട്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഉത്തരവിൽ ഇളവ് തേടിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള എം.പിമാരോട് വ്യക്തമാക്കിയിരുന്നു.
ഓരോ സംസ്ഥാനങ്ങളിലേയും ഫോറസ്റ്റ് ചീഫ് കൺസർവേറ്റർമാർ അതത് സംസ്ഥാനങ്ങളിലെ ഇക്കോ സെൻസിറ്റീവ് മേഖലകളിൽ നിലനിൽക്കുന്ന നിർമാണങ്ങളുടെ പട്ടിക തയാറാക്കി മൂന്ന് മാസത്തിനുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ ഗവായ്, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ദേശീയ വന്യജീവി സങ്കേതത്തിനോ ദേശീയ ഉദ്യാനത്തിനോ ഉള്ളിൽ ഖനനം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."