ഭൗതിക വിദ്യാഭ്യാസത്തിന് തിളക്കംകൂട്ടുന്ന അസ്മി
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഭരണഘടനയില്‍ നാലാമതായി പറഞ്ഞ ലക്ഷ്യങ്ങളിലൊന്നാണ് ഭൗതിക വിദ്യാഭ്യാസ പ്രോത്സാഹനമെന്നത്. മത വിദ്യാഭ്യാസത്തിന് വിഘ്‌നം വരാത്തവിധം ആധുനിക വിദ്യാരീതികളെ സ്വീകരിക്കാനും അവ സ്വായത്തമാക്കാനും അക്കാര്യം സമൂഹത്തെ പഠിപ്പിക്കാനും സമസ്തയുടെ പണ്ഡിത നേതാക്കള്‍ നാളിതുവരെയും ശ്രദ്ധിച്ചിട്ടുണ്ട്. ഈ സമാജത്തിന്റെ നേതൃനിരയിലെ പലരും ബഹുഭാഷാ വിദഗ്ധരും വിവിധ ശാസ്ത്ര ശാഖകളില്‍ നിപുണരുമായിരുന്നു. ആനുകാലിക നേതൃനിരയിലും ഇത്തരം പരശ്ശതം പണ്ഡിത പടുക്കളെ കാണാനാകും.
ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള പതിനായിരത്തിലധികം മദ്‌റസകള്‍ ശാസ്ത്രീയ സംവിധാനങ്ങളോടെ മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം ഇതേ മദ്‌റസകളോടനുബന്ധിച്ച് വളരെ നേരത്തെ തന്നെ ഭൗതിക വിദ്യാകേന്ദ്രങ്ങള്‍ പലയിടങ്ങളിലും നടന്നുവരുന്നുണ്ട്.
1995 മുതല്‍ സമസ്തയുടെ കീഴില്‍ നഴ്‌സറി വിദ്യഭ്യാസത്തിന്റെ ഏകീകരണം നടന്നിട്ടുണ്ട്. അതുവരെയും പല മദ്‌റസാ കമ്മിറ്റികളും ഒറ്റക്കൊറ്റക്ക് നടത്തിയിരുന്ന കെ.ജി ക്ലാസുകള്‍ ഒരു കേന്ദ്രീകൃത സിലബസിനു കീഴില്‍ കൊണ്ടുവരികയായിരുന്നു. അന്ന് പ്രത്യേകമായി പുസ്തകങ്ങളും തയാറാക്കിയിരുന്നു. നഴ്‌സറി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിച്ച് അതിന് കീഴിലായിരുന്നു ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടന്നത്. തുടര്‍ന്ന് സമസ്തയുടെ ഭൗതിക വിദ്യാഭ്യാസ പ്രവര്‍ത്തനം എന്‍ജിനീയറിങ് കോളജ് വരെ എത്തിയത് ചരിത്രം.
അസ്മി പിറക്കുന്നു
കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ വരെ സര്‍ക്കാര്‍ അംഗീകൃതമായും അല്ലാതെയും വിവിധ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ നടന്നുവന്നിരുന്നെങ്കിലും വ്യത്യസ്ത സിലബസുകളും പാഠ്യ പദ്ധതികളുമായിരുന്നു പലരും തുടര്‍ന്നുവന്നിരുന്നത്. ഇതെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരണമെന്ന നിരന്തരമായ ചിന്തയുടെയും ആവശ്യത്തിന്റെയും ഫലമായി 2017ല്‍ സമസ്തയുടെ പണ്ഡിത നേതാക്കളുടെ നേതൃത്വത്തില്‍ പിറന്നുവീണ കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി).
ആധുനിക വിദ്യാഭ്യാസത്തിനൊപ്പം ധാര്‍മിക മൂല്യങ്ങളുടെ അകമ്പടിയുണ്ടാകുമ്പോള്‍ വിജ്ഞാന സമ്പാദനത്തിന്റെ ലക്ഷ്യം സഫലീകരിക്കുന്നുവെന്ന ചിന്തയാണ് അസ്മിയുടെ പിറവിക്കും പ്രവര്‍ത്തനത്തിനും പ്രചോദനം. തദനുസൃതമായ ആസൂത്രണവും പ്രവര്‍ത്തനവുമാണ് അസ്മി നടപ്പാക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും മതേതരത്വവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതിയുടെ വിനിമയം പുതുതലമുറയ്ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനായി, പാഠപുസ്തകങ്ങളുടെ ഗുണനിലവാരം മാത്രമല്ല, പാഠ്യപദ്ധതി വിനിമയത്തിലെ സുപ്രധാന കണ്ണികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുമായി ഇടപെടുന്ന മുഴുവന്‍ വിഭാഗങ്ങളുടെയും ഗുണാത്മകമായ സാന്നിധ്യവും പങ്കാളിത്തവും ലഭ്യമാക്കേണ്ടതുണ്ട്. കരിക്കുലവും പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും സംവിധാനിക്കുന്നതോടൊപ്പം, പരശീലകരുടെയും പരിശീലനത്തിന്റെയും ഗുണമേന്‍മ സുപ്രധാനമാണ്. ഈ ലക്ഷ്യ പൂര്‍ത്തീകരണത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളും അസ്മിയുടെ അജണ്ടയിലുണ്ട്.
കെ.ജി, പ്രൈമറി തലങ്ങളിലായി ഭാഷ, ശാസ്ത്ര, പരിസ്ഥിതി പാഠങ്ങള്‍ക്കായുള്ള പാഠപുസ്തകങ്ങള്‍ക്കൊപ്പം 'വിങ്‌സ് ഓഫ് വാല്യൂസ്' എന്ന പേരില്‍ എല്ലാ ക്ലാസുകളിലേക്കും ധാര്‍മിക വിദ്യാഭ്യാസ പാഠങ്ങള്‍ക്കായി അസ്മി പുസ്തകം തയാറാക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തിലുള്ള പാഠപുസ്തക സമിതിയും വിദ്യാഭ്യാസ ഗവേഷണ വിഭാഗവും മൂല്യനിര്‍ണയ സംവിധാനവും പരിശീലക സംഘവും അസ്മിയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
ഡിജിറ്റല്‍ പഠനത്തിലെ
നവസാധ്യതകള്‍
ഓണ്‍ലൈനിലൂടെയുള്ള വിദൂരവിദ്യാഭ്യാസ സംവിധാനമാണല്ലോ ഇന്നത്തെ വിജ്ഞാന സമ്പാദന രീതി. തുടക്കത്തിലെ ആവേശവും താല്‍പര്യവും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇപ്പോഴില്ല എന്ന് ഏവരും സമ്മതിക്കുന്ന വസ്തുതയാണ്. അവിടെയും അസ്മി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. വിദൂരത്തിരുന്ന് അധ്യാപകന്‍ മുന്നിലെ ശ്യൂനതയിലേക്ക് വിവരങ്ങള്‍ എറിഞ്ഞുകൊടുക്കുമ്പോള്‍, എവിടെയോ ഇരിക്കുന്ന കുട്ടി അത് കേള്‍ക്കുകയോ കാണുകയോ അല്ലെങ്കില്‍ കേള്‍ക്കാതിരിക്കുകയോ കാണാതിരിക്കുകയോ ചെയ്യുകയാണ്. അതിനൊരു പരിഹാരമായി 'ഫ്‌ളിപ്പ്ഡ് ക്ലാസ്‌റൂം ആന്‍ഡ് ബ്ലെന്‍ഡഡ് ലേണിങ്' എന്ന സംവിധാനത്തിലൂടെ ഡിജിറ്റല്‍ പഠനം കാര്യക്ഷമമാക്കാന്‍ അസ്മി അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സംവിധാനം വഴി കുട്ടിയും ടീച്ചറും നേരിട്ടു സംവദിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, കുട്ടികള്‍ അസൈന്‍മെന്റുകള്‍ ചെയ്തുവെന്ന് ഉറപ്പുവരുത്താനും നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസിന്റെ മടുപ്പില്‍നിന്ന് കുട്ടിയെ രക്ഷപ്പെടുത്താനും സാധിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസിന് പകരം വെര്‍ച്വല്‍ ലേണിങ് സിസ്റ്റമാണ് അസ്മി ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്നത്.
പരിശീലനത്തിലെ വൈവിധ്യം
ഏതൊരു പദ്ധതിയുടെയും വിജയം അത് കൈകാര്യം ചെയ്യുന്നവരുടെ പരിശീലനത്തിന്റെ മികവിലാണ്. പൊതുവെ, എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളിലും പാഠപുസ്തക നിര്‍മാണവും അധ്യാപക പരിശീലനവുമാണ് നടക്കുന്നത്. അസ്മി ഇവിടെയും വ്യതിരിക്തത പുലര്‍ത്തുന്നു. അധ്യാപകര്‍ക്കും അവര്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാനാധ്യാപകര്‍ക്കും മാത്രമല്ല, സ്‌കൂളുകളുടെ ഭാരവാഹികള്‍ക്കും അവിടത്തെ ഓഫിസ് ജീവനക്കാര്‍, ആയമാര്‍, വാഹന ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും അതോടൊപ്പം വിദ്യാര്‍ഥി പ്രതിനിധികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
അസ്മി പാരന്റിങ് സ്‌കൂള്‍
വിദ്യാഭ്യാസ പ്രക്രിയയില്‍ മറ്റുപല ഘടകങ്ങള്‍ക്കൊപ്പം സുപ്രധാന പങ്കുവഹിക്കുന്ന വിഭാഗമാണ് രക്ഷിതാക്കള്‍. രക്ഷിതാക്കള്‍ക്ക് വേണ്ടി പ്രത്യേക മൊഡ്യൂള്‍ തയാറാക്കി പരിശീലനത്തിനൊടുവില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടുള്ള ഒരു കോഴ്‌സാണ് പാരന്റിങ് സ്‌കൂള്‍. ഡെവലപ്‌മെന്റല്‍ സൈക്കോളജിയെയും സന്താന പരിപാലനത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള ഈ പരിശീലനം വഴി കുട്ടികളില്‍ ഫലപ്രദമായി സ്വാധീനം ചെലുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധ്യമാകുന്നു.
പ്രിസം കേഡറ്റ്‌സ്
അസ്മി സ്‌കൂളുകളിലെ കുട്ടികളുടെ വ്യക്തിത്വ രൂപീകരണവും സാമൂഹ്യവല്‍ക്കരണവും നേതൃപരിശീലനവും ലക്ഷ്യംവച്ചുള്ള പദ്ധതിയാണ് പ്രിസം കേഡറ്റ്. 33 കുട്ടികളടങ്ങുന്ന പ്ലാറ്റൂണുകളാണ് പ്രിസത്തിലുണ്ടാവുക. അച്ചടക്കം, നേതൃത്വ പരിശീലനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ സേവനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിലാണ് പ്രിസത്തിന്റെ ഊന്നല്‍.
ലിറ്റില്‍ സ്‌കോളര്‍
പ്രതിഭകള്‍ തിളങ്ങുന്നത് അവസരങ്ങള്‍ ലഭിക്കുമ്പോഴും പരിശീലനത്തിലൂടെയുമാണ്. സ്‌കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ സര്‍ഗ പ്രതിഭകളെ കണ്ടെത്താനുള്ള അസ്മിയുടെ സംവിധാനമാണ് ലിറ്റില്‍ സ്‌കോളര്‍ ടാലന്റ് സെര്‍ച്ച്. പ്രത്യേക ടൂളുകള്‍ തയാറാക്കി, മികച്ചവരെ കണ്ടെത്തി അവരെ ഗ്രേഡ് തിരിച്ച് അംഗീകാരം നല്‍കുകയാണ് ചെയ്യുന്നത്.
വൗ കിഡ്‌സ് മാഗസിന്‍
ബഹുമുഖ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പാഠ്യപാഠ്യാനുബന്ധ വിഷയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചും രണ്ടു മാസത്തിലൊരിക്കല്‍ പുറത്തിറക്കുന്ന ബാലസാഹിത്യ പ്രസിദ്ധീകരണമാണ് വൗ കിഡ്‌സ്. കുട്ടികള്‍ക്ക് വായിക്കാന്‍ മാത്രമല്ല, കുട്ടികളെ എങ്ങനെ വായിപ്പിക്കണമെന്ന് അധ്യാപകരെയും രക്ഷിതാക്കളെയും പരിശീലിപ്പിക്കുന്നതിനും കൂടി വൗ കിഡ്‌സ് ഉപയോഗപ്പെടുത്തുന്നു.
അസ്മി ഫെസ്റ്റ്
കുട്ടികളുടെ കലാപരമായ ശേഷികളെയും സര്‍ഗ ഭാവനകളെയും പരിപോഷിപ്പിക്കുവാന്‍ സ്‌കൂള്‍ തലം മുതല്‍ ദേശീയ തലം വരെ നടത്തുന്ന ആരോഗ്യകരമായ മത്സരമാണ് അസ്മി ഫെസ്റ്റിലൂടെ നടക്കുന്നത്.
അസ്മി ഗ്രഡേഷന്‍
സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനമാണിത്. സ്ഥാപനത്തിലെ ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും യോഗ്യതയും കാര്യക്ഷമതയും, മാനേജ്‌മെന്റിന്റെയും രക്ഷിതാക്കളുടെയും ഇടപെടല്‍, സാമൂഹിക വിഷയങ്ങളില്‍ സ്‌കൂളിന്റെ പങ്കാളിത്തം, വിദ്യാര്‍ഥികളുടെ പഠനപാഠ്യാനുബന്ധ വിഷയങ്ങളിലെ മികവ് തുടങ്ങിയവ പ്രത്യേക മാനദണ്ഡങ്ങള്‍ വച്ച് വിലയിരുത്തുകയും എ പ്ലസ് മുതല്‍ ഡി വരെ ഗ്രേഡ് നല്‍കുകയും ചെയ്യുന്നു. ഗ്രേഡ് മെച്ചപ്പെടുത്തേണ്ട സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. മികവുള്ളവര്‍ക്ക് അംഗീകാരവും അവാര്‍ഡുകളും നല്‍കുന്നു. കുട്ടികളെ വിലയിരുത്താന്‍ കെ.വൈ.സി (Know Your Child) സംവിധാനവും സ്ഥാപനങ്ങളെ വിലയിരുത്താന്‍ പ്രത്യേക ഫോര്‍മാറ്റുമുണ്ട്.
സംഘടനാസംവിധാനം ഇങ്ങനെ
സമസ്തയുടെ ഉന്നതരായ നേതാക്കളും പണ്ഡിതരും വിദ്യാഭ്യാസ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന സെക്രട്ടേറിയറ്റാണ് അസ്മിയുടെ ഉന്നതാധികാര സമിതി. വിദ്യാഭ്യാസ വിചക്ഷണരും അക്കാദമിക വിദഗ്ധരുമടങ്ങുന്ന അക്കാദമിക് കൗണ്‍സില്‍, വിവിധ സബ് കമ്മിറ്റികള്‍ എന്നിവ ഇതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ ചേളാരി സമസ്താലയത്തില്‍ വിപുലമായ ഓഫിസ് സംവിധാനവുമുണ്ട്.
കേരളത്തിനു പുറമെ ലക്ഷദ്വീപ്, ദക്ഷിണ കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി അഞ്ഞൂറോളം സ്‌കൂളുകള്‍ കെ.ജി, പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
അസ്മി അഫിലിയേഷനുവേണ്ടി അപേക്ഷിക്കുകയും നിശ്ചിത മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുകയും ഉറപ്പുവരുത്തുകയും ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രം അഫിലിയേഷന്‍ നല്‍കുന്നു. Q+Q=Q (Qualtiy+Qualtiy=Qualtiy) എന്നതാണ് അസ്മിയുടെ മുദ്രാവാക്യം. 'Learn Values Earn Virtues' എന്നതാണ് അസ്മിയുടെ സന്ദേശം.
സമസ്തയുടെ കീഴിലെ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മൈനോറിറ്റി
ഇന്‍സ്റ്റിറ്റിയൂഷന്‍സിനെ (അസ്മി) കുറിച്ച് പ്രസിഡന്റ് വിവരിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."