പെറ്റിക്കേസുണ്ടെങ്കിലും പൊലിസ് ക്ലിയറൻസ് കിട്ടും
തിരുവനന്തപുരം
പെറ്റിക്കേസുള്ളവർക്കും ഇനിമുതൽ പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. ഡി.ജി.പി അനിൽ കാന്ത് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തി പുതിയ ഉത്തരവിറക്കി. നിലവിൽ പെറ്റിക്കേസുകളിൽ പെട്ടവർക്കും ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴ അടച്ചവർക്കും പൊലിസ് ക്ലിയറൻസ് നിഷേധിക്കുന്നുണ്ട്. പുതിയ ഉത്തരവോടെ ഇവർക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും.
പഠനാവശ്യത്തിനും ജോലിക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് പൊലിസാണ്. സ്ഥിര താമസക്കാരും ദീർഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതത് പൊലിസ് സ്റ്റേഷനുകളിൽ നിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. കേസുകളിൽ പെട്ടവർക്ക് പൊലിസ് ക്ലിയറൻസ് നൽകാറില്ല. തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്‌നങ്ങൾ ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഡി.ജി.പിയുടെ ഇടപെടൽ. പുതിയ ഉത്തരവോടെ പല സ്റ്റേഷനുകളിലും തടഞ്ഞുവച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളിൽ തീരുമാനമാകും. വിദേശത്ത് ജോലിക്ക് പോകുന്നവർക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും പൊലിസാണ് നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതി ഇടപെട്ട് അത് പാസ്‌പോർട്ട് ഓഫിസിൽ നിന്നാക്കിയിരുന്നു.
നിരവധി തവണ ഗതാഗതനിയമ ലംഘനം നടത്തിയവരുടെ കേസുകൾ പ്രത്യേകം പരിശോധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."