ആര് മരിക്കുമെന്നറിയാന്‍ ഓക്‌സിജന്‍ അഞ്ചു മിനിറ്റ് നിര്‍ത്തി, യു.പിയിലെ സ്വകാര്യ ആശുപത്രിയില്‍ 22 രോഗികള്‍ മരിച്ചു
ഉടമയുടെ വെളിപ്പെടുത്തല്‍ പുറത്തായതിനെത്തുടര്‍ന്ന് അന്വേഷണം തുടങ്ങി
ആഗ്ര: രോഗികളില്‍ ആരെല്ലാം മരിക്കുമെന്നറിയാന്‍ അഞ്ചു മിനിറ്റ് ഓക്‌സിജന്‍ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കൊവിഡ് ബാധിച്ചവര്‍ അടക്കം ഗുരുതരാവസ്ഥയിലുള്ള 22 രോഗികള്‍ മരിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് യു.പി ആഗ്രയിലെ പാരാസ് എന്ന സ്വകാര്യ ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്. ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്ന 96 രോഗികളിലായിരുന്നു നിര്‍ത്തിവച്ചാല്‍ ആരെല്ലാം മരിക്കുമെന്നറിയാനുള്ള പരീക്ഷണം.
ഇതു സംബന്ധിച്ച് ആശുപത്രിയുടമയുടെ വെളിപ്പെടുത്തല്‍ പുറത്താകുകയും പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഏപ്രില്‍ 26,27 തിയതികളിലൊന്നിലാണ് സംഭവം നടന്നത്. ഏപ്രില്‍ 28നാണ് ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെട്ടതായും എവിടെയും ഓക്‌സിജന്‍ ലഭ്യമാകാത്ത സാഹചര്യമുണ്ടായതായും ആശുപത്രിയുടമ അരിഞ്ജയ് ജയിന്‍ വിഡിയോയില്‍ പറയുന്നു. മുഖ്യമന്ത്രി വിചാരിച്ചാലും ഓക്‌സിജന്‍ ലഭ്യമാകാത്ത സാഹചര്യമായിരുന്നു. രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ആരും തയാറാകാത്തതിനെത്തുടര്‍ന്ന് കുറച്ചു സമയത്തേക്ക് ഓക്‌സിജന്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. ആരെല്ലാം മരിക്കുമെന്നും ആരെല്ലാം ജീവിക്കുമെന്നും അങ്ങനെ അറിയാം. രാവിലെ ഏഴിനാണ് ഓക്‌സിജന്‍ നിര്‍ത്തിവച്ചത്. ആര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
22 രോഗികള്‍ പെട്ടെന്ന് ജീവശ്വാസത്തിനായി ബുദ്ധിമുട്ടുകയും അവരുടെ ശരീരം നീല നിറമായി മാറുകയും ചെയ്തു. അവര്‍ ജീവിച്ചിരിക്കില്ലെന്ന് ഉറപ്പായി. 74 പേര്‍ അതിജീവിച്ചു. അവര്‍ക്കായി സിലിന്‍ഡറുകള്‍ എത്തിക്കാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഇത് വലിയ പരീക്ഷണമായിരുന്നുവെന്നും അരിഞ്ജയ് ജയിന്‍ വിഡിയോയില്‍ പറയുന്നു. സംഭവം വിവാദമായതോടെ ഗുരുതര രോഗികളെ കണ്ടെത്തി കൂടുതല്‍ പരിചരണം നല്‍കാനാണ് ഓക്‌സിജന്‍ നിര്‍ത്തിയതെന്ന വിശദീകരണവുമായി അരിഞ്ജയ് ജയിന്‍ രംഗത്തുവന്നു. മരിച്ചവരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും ജയിന്‍ പറഞ്ഞു. ഏപ്രില്‍ 26, 27 തിയതികളില്‍ ആശുപത്രിയില്‍ ഏഴു പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നാണ് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഭു എന്‍. സിങിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."