5000 മീറ്ററിലും റെക്കോര്‍ഡിട്ട് ഫറ
5000 മീറ്ററില്‍ മോ ഫറായ്ക്ക് ഡബിള്‍
40 വര്‍ഷത്തിനിടെ മെഡല്‍ നിലനിര്‍ത്തുന്ന ആദ്യ താരം
ലാസെ വിരന്റെ നേട്ടത്തിനൊപ്പം
റിയോ ഡി ജനീറോ: ബ്രിട്ടന്റെ മോ ഫറ ദീര്‍ഘദൂര ഓട്ടത്തില്‍ ചരിത്രം തിരുത്തിയെഴുതി. 5000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും സ്വര്‍ണം നേടിയാണ് ഫറാ റെക്കോര്‍ഡ് തിരുത്തിയത്. 40 വര്‍ഷത്തിനിടെ ദീര്‍ഘദൂര മെഡല്‍ നിലനിര്‍ത്തുന്ന ആദ്യ താരവും ചരിത്രത്തിലെ രണ്ടാം താരവുമെന്ന നേട്ടവും മത്സരത്തില്‍ ഫറാ സ്വന്തമാക്കി. 13.03.30 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. അമേരിക്കയുടെ പോള്‍ കിപ്‌കെമോയ് ചെലിമോ വെള്ളിയും എത്യോപ്യയുടെ ഹാഗോസ് ഗെബ്രിവെറ്റ് വെങ്കലവും സ്വന്തമാക്കി.
നേരത്തെ 10000 മീറ്ററില്‍ ഇരട്ട സ്വര്‍ണം നേടിയ ഫറ മറ്റൊരു നേട്ടം ലക്ഷ്യമിട്ടാണ് 5000 മീറ്ററില്‍ മത്സരിച്ചത്. അമേരിക്കന്‍ താരം പോള്‍ കിപ്‌കെമോയ് ചെലിമോ താരത്തിന് മത്സരത്തില്‍ കടുത്ത വെല്ലുവിളിയുയര്‍ത്തി. ഹീറ്റ്‌സ് ഒന്നില്‍ മത്സരിച്ച ഫറാ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. ഓവറോള്‍ റാങ്കിങില്‍ 15ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ ഫൈനലില്‍ മികവോടെ മത്സരിച്ച ഫറാ തുടക്കത്തില്‍ തന്നെ മുന്നിലെത്തി. എന്നാല്‍ അവസാന ലാപ്പെത്തുമ്പോഴേക്ക് താരം തളര്‍ന്നിരുന്നു. ഇതോടെ മറ്റു താരങ്ങള്‍ മികച്ച പ്രകടനത്തോടെ താരത്തിന് വെല്ലുവിളിയുയര്‍ത്തി. ചെലിമോയും ഗെബ്രിവെറ്റിനെയും അവസാന നിമിഷം പിന്തള്ളിയ ഫറാ അത്ഭുത പ്രകടനത്തോടെ സ്വര്‍ണം നേടിയെടുക്കുകയായിരുന്നു.
ഫിന്‍ലന്‍ഡിന്റെ ലാസെ വിരന് ശേഷം 5000 മീറ്ററില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ താരമാണ് ഫറാ. വിരന്‍ 1972ലെ മ്യൂണിക്ക് ഒളിംപിക്‌സിലും 1976ലെ മോണ്ട്‌റിയാല്‍ ഒളിംപിക്‌സിലും സ്വര്‍ണം നേടിയിരുന്നു. നേരത്തെ ബെയ്ജിങില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നിലനിര്‍ത്താന്‍ ഫറായ്ക്ക് സാധിച്ചിരുന്നു.
മെഡല്‍ നേട്ടത്തിലൂടെ ലണ്ടനില്‍ നേടിയത് വെറും ഭാഗ്യം കൊണ്ടല്ലെന്ന് തെളിയിക്കാന്‍ സാധിച്ചു. തോല്‍ക്കുന്നത് എക്കാലവും തനിക്ക് ഇഷ്ടമല്ലായിരുന്നു. അതാണ് കാലുകള്‍ തളര്‍ന്നിട്ടും ഒന്നാമത് ഫിനിഷ് ചെയ്യാന്‍ തന്നെ സഹായിച്ചതെന്ന് ഫറാ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."