ഗോള്‍ഡന്‍ ബ്രസീല്‍: ബ്രസീലിന് കന്നി ഒളിംപിക് സ്വര്‍ണം
ജര്‍മനിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തി
നെയ്മര്‍ അവസാന പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു
റിയോ ഡി ജനീറോ: ലോകകപ്പില്‍ വീണ കണ്ണീരിന് ഒടുവില്‍ ബ്രസീല്‍ കണക്കു ചോദിച്ചു.70,000 കാണികളെ സാക്ഷി നിര്‍ത്തി ഒളിംപിക് ഫുട്‌ബോളിന്റെ ഫൈനലില്‍ ജര്‍മനിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ബ്രസീല്‍ മധുര പ്രതികാരം ചെയ്തത്. ജയത്തോടെ ഇതിഹാസ താരങ്ങളുണ്ടായിട്ടും കിട്ടാകനിയായിരുന്ന ഒളിംപിക് സ്വര്‍ണം സ്വന്തമാക്കാനും ആതിഥേയര്‍ക്ക് സാധിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനാല്‍ ഷൂട്ടൗട്ടില്‍ 5-4നായിരുന്നു ബ്രസീലിന്റെ ജയം. ക്യാപ്റ്റന്‍ നെയ്മറെടുത്ത കിക്കാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
പല കിരീടങ്ങളും നേടിയിട്ടും ഒളിംപിക് സ്വര്‍ണം മാത്രം ടീമിന് ലഭിച്ചിരുന്നില്ല. ഈ പോരായ്മ പരിഹരിക്കാനാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ടീമിലുള്‍പ്പെടുത്തി ഒളിംപിക്‌സിനെത്തിയത്. കോപ്പ അമേരിക്കയില്‍ പോലും നെയ്മറെ ടീം കളിപ്പിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ഘട്ടത്തില്‍ രണ്ടു സമനിലകളാണ് ടീം നേരിട്ടത്. വീണ്ടുമൊരു ദുരന്തത്തിലേക്കാണോ ബ്രസീല്‍ പോകുന്നതെന്ന് തോന്നിപ്പിച്ച ഘട്ടമായിരുന്നു ഇത്. ടീമിന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ നെയ്മര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തോടെ ബ്രസീല്‍ ഫോമിലേക്ക് ഉയര്‍ന്നു. നെയ്മര്‍ തന്നെയാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചതും.
ഫൈനലില്‍ ജര്‍മനി എത്തിയതോടെ ലോകകപ്പിലെ തോല്‍വി നേരിടുമെന്ന് പലരും പ്രവചിച്ചിരുന്നു. ഇക്കാരണത്താല്‍ ടീമിന് അമിത സമ്മര്‍ദമുണ്ടായിരുന്നില്ല.
മികവോടെയാണ് ബ്രസീല്‍ കളി ആരംഭിച്ചത്. നിരവധി മുന്നേറ്റങ്ങള്‍ നടത്തിയ ബ്രസീല്‍ ജര്‍മനിയുടെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 27ാം മിനുട്ടില്‍ കാത്തിരുന്ന ഗോളെത്തി. ടീമിന് ലഭിച്ച ഫ്രീകിക്ക് മഴവില്‍ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് നെയ്മറാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ഗോള്‍ വഴങ്ങിയതോടെ ജര്‍മനി ഉണര്‍ന്നു കളിക്കാന്‍ ആരംഭിച്ചത്. ആദ്യ പകുതിയില്‍ മൂന്നു തവണയാണ് ടീമിന്റെ ഷോട്ട് ബാറില്‍ തട്ടി മടങ്ങിയത്. ജൂലിയന്‍ ബ്രാന്‍ഡിന്റെ മികച്ചൊരു ഫ്രീകിക്കും ഇത്തരത്തില്‍ ലക്ഷ്യം കണ്ടില്ല.
രണ്ടാം പകുതിയില്‍ ജര്‍മനി സമനില പിടിച്ചു. ക്യാപ്റ്റന്‍ മാക്‌സ് മേയറായിരുന്നു സ്‌കോറര്‍. ബെന്‍ഡറുടെ മികച്ചൊരു പാസുമായി മുന്നേറിയ ജെറമി ടോളിജാന്‍ പന്ത് മാര്‍ക്ക് ചെയ്യാതെ നിന്ന മാക്‌സ് മേയര്‍ക്ക് നല്‍കി. താരം മികച്ചൊരു ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീട് ഇരുടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. മത്തിയാസ് ജിന്റര്‍, സെര്‍ജി നാബ്രി, ജൂലിയന്‍ ബ്രാന്‍ഡ്, നികോകളാസ് സ്യൂലെ, എന്നിവര്‍ ജര്‍മനിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ നില്‍സ് പീറ്റേഴ്‌സന്റെ ഷോട്ട് പാഴായി. ഓഗസ്റ്റോ റെനാറ്റോ, മാര്‍ക്വിനോസ്, റാഫേല്‍ അല്‍കന്റാറ. ലുവാന്‍, നെയ്മര്‍ എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു.
നെയ്മര്‍ ക്യാപ്റ്റന്‍
സ്ഥാനം ഒഴിഞ്ഞു
റിയോ ഡി ജനീറോ: ബ്രസീലിനെ ഒളിംപിക് സ്വര്‍ണവുമായി ചരിത്ര നേട്ടത്തിലേക്ക് നയിച്ച സൂപ്പര്‍ താരം നെയ്മര്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ടീമിന്റെ ക്യാപ്റ്റനായി നിന്നു കൊണ്ടാണ് എല്ലാം സൗഭാഗ്യങ്ങളും തനിക്ക് ലഭിച്ചത്. ടീമില്‍ നിന്ന് ആദരവും സ്‌നേഹവും ലഭിച്ചു. ഇനി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനില്ല.
ഇക്കാര്യം ബ്രസീല്‍ സീനിയര്‍ ടീം കോച്ച് ടിറ്റെയെ അറിയിച്ചിട്ടുണ്ട്. തന്റെ ക്യാപ്റ്റന്‍സിക്കെതിരേ നിരന്തരം ഉയരുന്ന വിമര്‍ശനമാണ് താരത്തെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
-----------------------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."