നാളെ കരിദിനമാചരിക്കാന്‍ കോണ്‍ഗ്രസ്; ആദ്യം അക്രമം നടത്തിയത് ഇ.പി ജയരാജനെന്ന് കെ.സുധാകരന്; തിരിച്ചും ആക്രമിക്കാനറിയാം, ചെയ്യിക്കരുതെന്നും സുധാകരന്
തിരുവനന്തപുരം: വിമാനത്തില്‍ ആദ്യം അക്രമം നടത്തിയത് ഇ.പി ജയരാജനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്. ഇ.പി ജയരാജന് നേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്നും സുധാകരന് പറഞ്ഞു. ഞങ്ങളുടെ കുട്ടികളെ ജയരാജന് ആക്രമിച്ചെങ്കില്‍ പ്രതികാരം ചെയ്യേണ്ടി വരും. പ്രവര്‍ത്തകര്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ല. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കാനറിയാം. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും സുധാകരന് പറഞ്ഞു.
അതേ സമയം വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കണ്ണൂരില്‍ കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെയും കല്ലേറുണ്ടായി. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്റെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സി.പി.എം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
എന്നാല്‍ കോണ്‍ഗ്രസ് -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കൊല്ലം ചവറ പന്മനയില് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."