പന്തില്‍ ആശങ്കയോ?
ബംഗളൂരു: വീണിടത്തുനിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ യുവനിര ഒടുവില്‍ സ്വന്തം നാട്ടില്‍ നാണക്കേടില്ലാതെ കരകയറി. ദക്ഷിണാഫ്രിക്കയെ അഞ്ചു ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കായി വിരുന്നിന് ക്ഷണിച്ച നീലപ്പട മൈതാനം വിടുന്നത് 22ന്റെ സമനില പങ്കിട്ട്. പരമ്പരയിലെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന മത്സരം മഴ കവര്‍ന്നതോടെ പരമ്പര ട്രോഫി ഇരുകൂട്ടരും പങ്കിട്ടു ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്തു.
പരിചയസമ്പത്ത് താരതമ്യേന കുറഞ്ഞ യുവതാരങ്ങളെ കോര്‍ത്തിണക്കിയാണ് രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ പരമ്പര ഒപ്പത്തിനൊപ്പമെത്തിയതെന്ന കാര്യം കൂടി പരിഗണിച്ചാല്‍ ഇന്ത്യ ജയിച്ചുവെന്ന് തന്നെ പറയാം. ആദ്യ രണ്ട് മത്സരത്തില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മിടുക്കും വിക്കറ്റെടുക്കുന്നതില്‍ പിശുക്കും കാട്ടിയ യുവനിര മൂന്നാം ടി20 മുതല്‍ ചീത്തപ്പേര് മാറ്റിയതോടെ അവസാന രണ്ട് മത്സരവും ജയിച്ച് ടീമിനെ സേഫ് സോണിലാക്കി. പരമ്പരയിലുടനീളം മിന്നും ഫോം തുടര്‍ന്ന ഭുവനേശ്വര്‍ കുമാര്‍ ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു.
ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്റെയും മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ദിനേശ് കാര്‍ത്തികിന്റെയും പ്രകടനവും ബൗളിങ്ങിലെ കണിശതയുമാണ് ഇന്ത്യക്ക് ജയത്തില്‍ പോന്ന സമനില സമ്മാനിച്ചത്. ഇവരുടെയൊക്കെ സേവനം മികച്ച രീതിയില്‍ ഗുണം ചെയ്‌തെങ്കതിലും നായകന്‍ ഋഷഭ് പന്തിലാണ് ബി.സി.സി.ഐയുടെ ആശങ്ക. കെ.എല്‍ രാഹുലിന് പരുക്കേറ്റതിനെ തുടര്‍ന്ന് നായകവേഷം അണിയേണ്ടി വന്ന പന്തിന് ഇന്ത്യന്‍ മൈതാനത്ത് അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. നായകസ്ഥാനത്ത് ശരാശരി പ്രകടനം കാഴ്ചവച്ചെങ്കിലും ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ടു. അഞ്ചു മത്സരങ്ങളില്‍ നിന്നായി സമ്പാദിച്ചത് 105 സ്‌ട്രൈക്ക് റേറ്റില്‍ വെറും 58 റണ്‍സ്. പരമ്പരയ്ക്കു പിന്നാലെ മുന്‍ ദേശീയ താരങ്ങള്‍ താരത്തിന്റെ നിറംമങ്ങിയ പ്രകടനത്തെ ചോദ്യംചെയ്തു രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ചോദ്യശരങ്ങള്‍ വകഞ്ഞുമാറ്റി പന്തിനെ സംരക്ഷിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിലെ പന്തിന്റെ റോള്‍ വളരെ വലുതാണെന്നും ടി20 ലോകകപ്പിലെ ഇന്ത്യയുടെ പദ്ധതികളിലെ അവിഭാജ്യ ഘടകമാണു പന്തെന്നും പരമ്പരയ്ക്കു ശേഷമുള്ള മാധ്യമ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
കുറഞ്ഞ ഓവറുകളിലെ പന്തിന്റെ പ്രകടനം പരിശോധിച്ചാല്‍ വരാനിരിക്കുന്ന ലോകകപ്പില്‍ താരത്തിന്റെ സാന്നിധ്യം സംശയകരമാണെന്നു പോലും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന പേരില്‍ പ്രശസ്തിയെടുത്ത പന്തിന് വെല്ലുവിളി ഉയര്‍ത്തി കെ.എല്‍ രാഹുലും ദിനേശ് കാര്‍ത്തികും ഇഷാന്‍ കിഷനും മികവ് പുലര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ പന്തിനെ പുറത്തിരുത്തണമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിനാണ് ദ്രാവിഡ് മറുപടി നല്‍കിയത്. 'പന്തിന്റെ ഭാഗത്തുനിന്നു ചിന്തിക്കുമ്പോള്‍ അല്‍പം കൂടി റണ്‍സ് നേടാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു തോന്നിയേക്കാം. പക്ഷേ, അതു പന്തിനെ ആശങ്കപ്പെടുത്തുന്നില്ല. അടുത്ത ചില മാസങ്ങളിലെ നമ്മുടെ പദ്ധതികളില്‍ വളരെ വലിയ പങ്കാണു പന്ത് വഹിക്കുന്നത്. രണ്ടോ മൂന്നോ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തലുകള്‍ നടത്തല്‍ വളരെ ബുദ്ധിമുട്ടാണെന്നുമാണ് ദ്രാവിഡിന്റെ ഭാഷ്യം. ഇനി ഇംഗ്ലണ്ട് പര്യടനമുള്ളതിനാല്‍ 26ന് ആരംഭിക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ നിന്ന് മോചനം ലഭിച്ച പന്ത് വിന്‍ഡീസിനെതിരായ അടുത്ത മത്സരത്തില്‍ പാഡണിയുമോ എന്ന് കാത്തിരുന്ന് കാണണം. ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ പന്ത് 158ല്‍ അധികം സ്‌ട്രൈക്ക് റേറ്റില്‍ ഡല്‍ഹിക്കായി 340 റണ്‍സ് സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."