പാലത്തായി പീഡന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍
കണ്ണൂര്‍: പാലത്തായി പീഡന കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതി പരിഗണിക്കാത്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്ന് പത്മരാജന്‍ ആരോപിച്ചു.
ഹരജി കോടതി പരിഗണിക്കുകയും സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും നിലപാട് അറിയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കും.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പൊലിസാണ് കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജന്‍ മുങ്ങി. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പൊലിസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പൊലിസ് പറഞ്ഞു.
പിന്നീട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തല്‍. ഇതിനിടെ, ഐ.ജി എസ്.ശ്രീജിത്തിന്റെ ഒരു ഫോണ്‍ കോള്‍ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.
ഐ.ജി ഇ.ജെ. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിച്ചു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."