മഹാരാഷ്ട്ര; വിമതരുടെ ആത്മവീര്യം തകർക്കാൻ തന്ത്രംമെനഞ്ഞ് ശിവസേന
20 വിമത എം.എൽ.എമാർ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്
മുംബൈ
മഹാരാഷ്ട്രയിൽ വിമതരുടെ ആത്മവീര്യം തകർക്കാൻ തന്ത്രംമെനഞ്ഞ് ശിവസേന. വിമതരെ അയോഗ്യരാക്കാൻ നോട്ടിസ് നൽകിയതിനുപുറമെ അവരുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തി. ഇതോടെ വിമത എം.എൽ.എമാർ ആശങ്കയിലാണ്. തങ്ങളുടെ ജനപ്രീതി ഇല്ലാതാകുന്നുവെന്ന വേവലാതിയിലാണിവർ.
അതിനിടെ, വിമത എം.എൽ.എമാർ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെ അവശ്യപ്പെട്ടു. വിമതർക്ക് ജനപിന്തുണയില്ലെന്ന ആത്മവിശ്വാസമാണ് ശിവസേനയെ ഇത്തരമെരു പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഷിൻഡെയെ പിന്തുണയ്ക്കുന്നവർ കരുതുന്നത്. അതേസമയം, 20 വിമത എം.എൽ.എമാർ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതോടെ വിമത എം.എൽ.എമാർ പ്രതിസന്ധിയിലായി. ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തും വിമതർ കടുത്ത മാനസിക സമ്മർദത്തിലാണെന്ന് വ്യക്തമാക്കി.
ഗുവാഹത്തിയിൽ കഴിയുന്ന 40 എം.എൽ.എമാരുടെ ആത്മാവ് മരിച്ചെന്നും അവരുടെ മൃതശരീരം നിയമസഭയിൽ പോസ്റ്റ്‌മോർട്ടത്തിന് തിരികെയെത്തിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
പ്രത്യേക പാർട്ടിയുണ്ടാക്കാൻ ശ്രമിച്ച വിമതരുടെ നീക്കത്തിനെതിരേ ശിവസേനയുടെ നാഷനൽ എക്സിക്യൂട്ടീവ് യോഗത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. തന്റെ പിതാവിന്റെ പേര് വിമതരുടെ പാർട്ടിക്ക് ഇടാൻ സമ്മതിക്കില്ലെന്നും വേണമെങ്കിൽ അവരുടെ പിതാവിന്റെ പേര് ഇടട്ടെയെന്നുമായിരുന്നു ഉദ്ദവിൻ്റെ നിലപാട്.
ഇക്കാര്യത്തിൽ പാർട്ടി പ്രമേയം പാസാക്കുകയും ചെയ്തു. രാഷ്ട്രീയ അടിത്തറയില്ലാതെ എങ്ങനെ മഹാരാഷ്ട്രയിൽ തിരികെയെത്തി പ്രവർത്തിക്കാനാകുമെന്ന ചിന്തയാണ് ശിവസേന വിമതർക്കുള്ളത്.
പാർട്ടി വിടാതെ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് തീരുമാനിച്ച വിമതർക്ക് അഗ്നിപരീക്ഷയാണ് മഹാരാഷ്ട്ര നിയമസഭയിൽ നേരിടേണ്ടിവരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."