കള്ളനെങ്കിൽ തല്ലിക്കൊല്ലാമെന്നോ?
ഒരു ആൾക്കൂട്ടവും ഇനി ആരേയും തല്ലിക്കൊല്ലില്ലെന്ന് നമ്മൾ വെറുതെ വിശ്വസിച്ചുപോയോ എന്നാണ് മലപ്പുറം കിഴിശ്ശേരിയിലെ ഇതരസംസ്ഥാന തൊഴിലാളിയുടെ ദാരുണമരണം ഓർമിപ്പിക്കുന്നത്. വിശപ്പകറ്റാൻ ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ച് അട്ടപ്പാടിയിലെ ദലിതൻ മധുവിനെയും ഇതുപോലെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. ആ വലിയ തെറ്റിന്റെ ശിക്ഷ ഏറ്റുവാങ്ങി 13പേർ പശ്ചാത്താപത്തിന്റെ തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ആൾക്കൂട്ട കൊലക്കു കൂടി സാക്ഷരകേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അട്ടപ്പാടി മുക്കാലി ചിക്കണ്ടിയൂരിൽ മധു, കേരളത്തിൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന അവസാനത്തെ മനുഷ്യനല്ലാതായിരിക്കുകയാണ്.
ബിഹാർ ഈസ്റ്റ് ചെമ്പാരൻ ജില്ലയിലെ മാധവ്പൂർ കോഷോ സ്വദേശി രാജേഷ് മാഞ്ചിയെന്ന 36കാരനെ കിഴിശ്ശേരിയിൽ ഒരു സംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. മോഷണശ്രമത്തിനിടെയാണ് നാട്ടുകാർ രാജേഷിനെ പിടികൂടിയതെന്നാണ് പൊലിസ് പറയുന്നത്. പിന്നെ കൂട്ടംചേർന്നുള്ള മർദനമായി. കൈകൾ പിന്നിൽ കെട്ടിയിട്ടും നിലത്തിട്ടു ചവിട്ടിയും രണ്ടര മണിക്കൂറോളം മർദിച്ചു. അവശനായ രാജേഷിനെ കെട്ടിവലിച്ച് ദൂരേക്കു കൊണ്ടുപോയാണ് പൊലിസിനെ അറിയിച്ചത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിലും പകർത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലിസാണ് രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. ശരീരത്തിനകത്തും പുറത്തുമുള്ള മാരക മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കിഴിശ്ശേരി തവനൂർ സ്വദേശികളായ എട്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ദുർബലരോ അപരിചതരോ ആയ ആളെ എവിടെ കണ്ടാലും തല്ലിക്കൊല്ലാമെന്ന ചിന്ത മലയാളിയുടെ മനഃസാക്ഷിയിലും ആഴത്തിൽ വേരൂന്നിയോ എന്ന് ആശങ്കപ്പെടുത്തുന്നതാണ് തുടരെതുടരെ ആവർത്തിക്കുന്ന ആൾക്കൂട്ട മർദനങ്ങളും കൊലകളും.
അപരനെ വെറുക്കാനും സംശയിക്കാനും എവിടെ കണ്ടാലും കാരണമുണ്ടാക്കി അക്രമിക്കാനും എങ്ങനെയാണ് കഴിയുന്നത്? മധുവിന്റെ കൊലയും തുടർന്നുള്ള നിയമവഴികളുമൊന്നും ആർക്കൂട്ടത്തിന്റെ ഹിംസാത്മക മനോഭാവത്തിന് മാറ്റം വരുത്തുത്താത്തതെന്തുകൊണ്ടാണ്? ദലിതനോ, ഇതര സംസ്ഥാനക്കാരനോ ആരെങ്കിലുമാകട്ടെ അവരെയൊക്കെ അടിച്ചു വീഴ്ത്താമെന്നുമുള്ള മനോഭാവം ഇനിയും ഉള്ളിലൊളിപ്പിച്ച ആൾക്കൂട്ടങ്ങളുണ്ട് എന്നതിലേക്കാണ് കിഴിശ്ശേരിയിലെ കൊലപാതകം വിരൽചൂണ്ടുന്നത്. ഇതിന് ഉടൻ കടിഞ്ഞാണിട്ടില്ലെങ്കിൽ നമ്മൾ മേന്മപറയുന്ന സാഹോദര്യത്തിന്റയും സഹാനഭൂതിയുടേയുമെല്ലാം പെരുമയായിരിക്കും ചില്ലുകൊട്ടാരം പോലെ ഇടിഞ്ഞുവീഴുക.
എവിടെയാണ് വീഴ്ച വന്നതെന്ന് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതാണ്. മധുവിന്റെ മരണത്തെ ഒറ്റപ്പെട്ടതായി നമ്മൾ കണ്ടു. ഒരു അബദ്ധം ഇനി ആവർത്തിക്കില്ലെന്ന് പറയാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. വിചാരണയിലും വിസ്താരത്തിലുമൊക്കെ താളപ്പിഴകളും ഏറെ കണ്ടു. 'മധുവധക്കേസ് പോലുള്ള ദാരുണസംഭവം സമൂഹത്തിൽ ആവർത്തിക്കാതിരിക്കട്ടെ' എന്ന് ഓർമപ്പെടുത്തിയാണ് ജഡ്ജി കെ.എം രതീഷ് കുമാർ വിധി പ്രസ്താവം നടത്തിയത്. എന്നാൽ ശിക്ഷ വിധിച്ച് ഒരു മാസവും ഒരാഴ്ചയും പിന്നിട്ടപ്പോഴാണ് വീണ്ടും ആൾക്കൂട്ട ഭീകരതയിൽ ഇന്നാട്ടിൽ മറ്റൊരു ജീവനുകൂടി പൊലിഞ്ഞത്.
പൊലിസും നാട്ടുകാരും പറയുന്നതുപോലെ രാജേഷ് മോഷണം നടത്താനായിരിക്കാം അസമയത്ത് അവിടെ എത്തിയത്. എന്നാൽ, അതിന് തങ്ങൾക്ക് സ്വയം വിചാരണയും ശിക്ഷയും നടപ്പിലാക്കാം എന്ന തോന്നൽ ചിലർക്കുണ്ടായതാണ് ഭീതിതം. പൊലിസിനെ വിവരമറിച്ച് നിയമ നടപടികൾ സ്വീകരിക്കേണ്ടതിനു പകരം ആ ഇതരസംസ്ഥാന തൊഴിലാളിക്ക് നേരെ കൈ ഉയർത്താൻ രണ്ടാമതൊന്നുകൂടി അവർക്ക് ആലോചിക്കേണ്ടി വന്നില്ലാത്തതെന്തുകൊണ്ടാണ്. മോഷ്ടിക്കാൻ എത്തിയാതാണെങ്കിലും പിടികൂടിയ ഉടൻ പൊലിസിനെ അറിയിക്കാൻ ആരും തയാറായില്ല. മർദനശേഷം ദൃശ്യങ്ങൾ പതിയാൻ ഇടയുള്ള സി.സി.ടി.വി നശിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇത് മറ്റൊരു കുറ്റകൃത്യമാണ്.
ഈ ദാരുണകൊലയുടെ കുറ്റവാളികൾക്ക് ശിക്ഷവാങ്ങികൊടുക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതിൽ പൊലിസ് വീഴ്ച ചെയ്യരുത്. കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളിയായതിനാൽ നിയമ നടപടികളൊക്കെ പ്രതികൾക്ക് അനുകൂലമായി മാറാനിടയുണ്ട്. നിസഹായനായ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്ന കേസിന്റെ തുടർ നിയമനടപടികളിൽ ജാഗ്രതയോടെ ഇടപെടാൻ നിയമ സംവിധാനങ്ങൾക്കൊപ്പം പൊതുസമൂഹവും തയാറാകണം. മധു വധക്കേസിൽ കാണിച്ച അതേ ജാഗ്രതയും ശുഷ്‌കാന്തിയും ഈ കൊലപാതത്തിനോടും പൊതുസമൂഹം സ്വീകരിക്കേണ്ടതുണ്ട്. കേരളത്തിൽ നടക്കുന്ന ഇത്തരം അതിക്രമങ്ങൾ പരിശോധിച്ചാൽ ഒരു ചെറിയ വിഭാഗത്തിന്റെ വൈകൃതമനസാണിതിനു പിന്നിലെന്ന് വ്യക്തമാണ്. മധുവിന് ശേഷം തൃശൂരിൽ സദാചാരത്തിന്റെ പേരിൽ സഹർ എന്ന ബസ് ഡ്രൈവറെ ആൾക്കൂട്ടം അടിച്ചുകൊന്നിരുന്നു.
സുപ്രിംകോടതിയുടെ കർശന നിർദേശം നിലനിൽക്കെ രാജ്യത്ത് ആൾക്കൂട്ടക്കൊലകളുടേയും ആക്രമണങ്ങളുടേയും ഞെട്ടിക്കുന്ന വാർത്തകൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്നതിലെ ആശങ്കകൾ ഇതിനും മുമ്പും ഇതേ കോളത്തിൽ ഞങ്ങൾ പങ്കുവച്ചതാണ്. രാജ്യത്ത് പശുവിന്റെ പേരിലാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നത്. ഇരകളാകട്ടെ ന്യൂനപക്ഷങ്ങളും ദലിതരുമാണ്. പശുവിനെകടത്തിയെന്നും ബീഫ് കൈവശം വച്ചുവെന്നും മോഷ്ടിച്ചുവെന്നും ആരോപിച്ചുമായിരുന്നു ആൾക്കൂട്ടം നിയമം കൈയിലെടുത്ത് മനുഷ്യരെ പച്ചക്ക് തല്ലിക്കൊന്നത്. ഇതിന് പിന്നിൽ സ്ഥാപനവൽക്കരിച്ച മതവെറിയും ജാതിവെറിയും വംശീയ വെറിയുമൊക്കെയായിരുന്നു. ഇവിടെ അധികാരകേന്ദ്രത്തിലോ സമൂഹത്തിലോ അധീശത്വമുണ്ടെന്ന അഹങ്കാരമായിരിക്കാം ചിലരെ സമാന കൊലപാതകത്തിലേക്ക് നയിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."