ജില്ലയില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞത്തിന് തുടക്കമായി.
മുണ്ടൂര്‍: ജില്ലാപഞ്ചായത്തും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയനും സംഘടിപ്പിക്കുന്ന നിയമ സാക്ഷരതാ യജ്ഞത്തിന് മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസ വേളയില്‍ തന്നെ നിയമാവബോധം നേടിയിരിക്കണമെന്നും നിയമത്തെക്കുറിച്ച് അജ്ഞത പാടില്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ജനങ്ങളുടെ ജീവന്‍, സ്വത്ത്, നാടിന്റെ വികസനം, സാമൂഹ്യനീതി എന്നിവയെല്ലാം നിയമത്തില്‍ അധിഷ്ഠിതമാണ്. ജനകീയ സമരങ്ങളിലൂടെ രൂപംകൊണ്ട രണ്ടു നിയമവ്യവസ്ഥകളാണ് ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ നിയമവും. അവ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി അധ്യക്ഷയായി. സിലബസ് പ്രകാശനം കെ.വി വിജയദാസ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, വിദ്യാഭ്യാസ ഉപഡയരക്ടര്‍ അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിനുമോള്‍, പഞ്ചായത്ത് പ്രസിഡന്റ് കുട്ടികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി. മഞ്ജു, ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.എസ് സക്കീര്‍ ഹുസൈന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ജയരാമന്‍, ഹെഡ്മാസ്റ്റര്‍ പി. കൃഷ്ണദാസ്, മാനേജര്‍ അഡ്വ. രാജേഷ് പനങ്ങാട്, എ.ഐ.എല്‍.യു സെക്രട്ടറി വിനോദ് കെ. കയനാട്ട് സംസാരിച്ചു. ജില്ലയില്‍ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞം മൂന്നു ഘട്ടങ്ങളായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഒന്‍പതു മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളെ കേന്ദ്രീകരിച്ച് ഒരു ഡിവിഷന് ഒരു നിയമവിദഗ്ധന്‍ എന്ന തരത്തില്‍ റോഡ്- ട്രാഫിക്, ഇന്ത്യന്‍ ഭരണഘടന, റാഗിങ് വിരുദ്ധം, ബാലനീതി എന്നീ വിഷയങ്ങളിലുള്ള നിയമവ്യവസ്ഥകളില്‍ പഠനക്ലാസുകള്‍ നടത്തും.
രണ്ടാംഘട്ടത്തില്‍ ജില്ലയിലെ യൂത്ത് ക്ലബുകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബുകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്കായി സൈബര്‍ നിയമങ്ങള്‍ സംബന്ധിച്ചും മുന്നാംഘട്ടത്തില്‍ നിയമം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്കായും ക്ലാസുകള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."