എ.കെ.ജി സെന്റർ ആക്രമണം പരസ്പരം പഴിചാരി ഇരുപക്ഷം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
എ.കെ.ജി സെന്റർ ആക്രമിച്ച സംഭവത്തിൽ നാലുദിവസമായിട്ടും പ്രതി ആരെന്നറിയാതെ ഇരുട്ടിൽ തപ്പുകയാണ് പൊലിസ് എന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.സി വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ജി സെന്റർ ആക്രമിക്കപ്പെട്ടതിന്റെ പേരിൽ ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുകയാണ്. പൊലിസിന്റെ കാവൽ ഉള്ളപ്പോൾ എങ്ങനെ ഈ സംഭവം ഉണ്ടായെന്നും വിഷ്ണുനാഥ് ചോദിച്ചു.
റോജി എം. ജോൺ
എ.കെ.ജി സെന്റർ ആക്രമിച്ചത് കോൺഗ്രസാണെന്ന് അഞ്ചുമിനിട്ടിനകം കണ്ടുപിടിച്ച ഇ.പി ജയരാജനെ ലോകത്തെ പ്രമുഖ പൊലിസ് ഏജൻസികൾ സേവനത്തിനായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എ.കെ.ജി സെന്റർ ആക്രമിച്ചത് ബി.ജെ.പിയാണെന്നോ എസ്.ഡി.പി.ഐ ആണെന്നോ ഒരു സി.പി.എമ്മുകാരനും തോന്നുന്നില്ല. ഈ പാർട്ടികൾ അക്രമം നടത്തില്ലെന്ന് സി.പി.എമ്മിന് നല്ല ഉറപ്പാണ്. സി.പി.എമ്മിന്റെ ശത്രു ഇപ്പോൾ കോൺഗ്രസ് മാത്രമാണ്.
കെ.പി.എ മജീദ്
എ.കെ.ജി സെന്ററിനു കാവൽനിന്ന പൊലിസ് നിരുത്തരവാദപരമായി പെരുമാറിയിട്ട് സർക്കാർ നടപടിയെടുത്തില്ല. സി.പി.എം പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതക്കുറവാണ് പ്രശ്‌നങ്ങൾക്കിടയാക്കുന്നത്. പൊലിസ് നിഷ്‌ക്രിയമാണ്. പൊലിസുകാർ നോക്കി നിൽക്കുമ്പോഴാണ് മറ്റു പാർട്ടികളുടെ ഓഫിസിനു നേരെ സി.പി.എം ആക്രമണം നടത്തുന്നത്.
കെ.കെ രമ
എ.കെ.ജി സെന്റർ ആക്രമണം ആഭ്യന്തരവകുപ്പിന്റെ പരാജയമാണ്. തനിക്കുനേരെ ഉയരുന്ന ചോദ്യങ്ങൾക്കു മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു. എസ്.എഫ്.ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ്. എ.കെ.ജി സെന്ററിനു നേരെയുള്ള അക്രമം സർക്കാരിനെതിരെയുള്ള ആരോപണങ്ങളെ വഴിതിരിച്ചു വിടാനാണ്. ഒഞ്ചിയത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിനു നേരെ ആക്രമം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല.
അനൂപ് ജേക്കബ്
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നാണ് എ.കെ.ജി സെന്റർ ആക്രമണം തെളിയിക്കുന്നത്. പൊലിസ് സംവിധാനം പൂർണമായി ഇല്ലാതായി. പൊലിസ് സി.പി.എമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറി. കോൺഗ്രസ് ഓഫിസുകൾക്കു നേരെ സി.പി.എം നടത്തുന്ന അക്രമം ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
കോൺഗ്രസുകാരെ സംശയം:
എം.എം മണി
എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശനമുന്നയിച്ച് ഭരണപക്ഷവും രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത് എം.എം മണി പറഞ്ഞു.
പക്ഷേ കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യൂ. അതാണ് സി.പി.എം നിലപാട്. അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ ജയിലിടാമായിരുന്നു. അത് പക്ഷേ ഇപ്പോഴത്തെ സർക്കാർ ചെയ്യില്ല. കൃത്യമായ നിലപാടുള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എം.എം മണി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റും എ.കെ.ജി സെന്റർ ആക്രമിക്കുമെന്നു പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് സെമി കേഡർ എന്നാണ് സുധാകരൻ പറയുന്നത്, ഒരു സെമിയും സുധാകരന് അറിഞ്ഞുകൂടെന്നും സുധാകരൻ പ്രസിഡന്റായശേഷം രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും എം.എം മണി പറഞ്ഞു. ഇതിനിടെ പോയിന്റ് ഓഫ് ഓഡറുമായി പ്രതിപക്ഷം രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനെക്കുറിച്ച് പറഞ്ഞ അടിസ്ഥാനരഹിത ആരോപണങ്ങൾ നീക്കം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
പി.എസ് സുപാൽ
നയതന്ത്രബാഗിൽ ആരാണ് സ്വർണം കൊണ്ടു വന്നതെന്നോ കൊടുത്തുവിട്ടതെന്നോ ചോദിക്കാൻ കോൺഗ്രസിനു നാവില്ല.
ബി.ജെ.പിക്കെതിരേ പറയാൻ കോൺഗ്രസിനു കഴിയുന്നില്ല. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണ്. ആദ്യ സർക്കാരിനെ അട്ടിമറിക്കാൻ വിമോചന സമരം നടത്തിവരാണ് കോൺഗ്രസുകാർ.
കെ.വി സുമേഷ്
എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികളെ പിടിക്കും. പ്രതികൾ യു.ഡി.എഫുകാരാണെങ്കിൽ തള്ളിപ്പറയാൻ നേതൃത്വം തയാറാകുമോ? മുഖ്യമന്ത്രിയെ ആക്രമിക്കാൻ കോൺഗ്രസ് രണ്ടുപേരെ ടിക്കറ്റെടുത്ത് വിമാനത്തിൽ അയച്ചു. ഒരാളെ വിഡിയോ പിടിക്കാനും അയച്ചു. സി.പി.എമ്മിനെതിരേ കോൺഗ്രസ് മുൻപും ആക്രമണം നടത്തിയിട്ടുണ്ട്. സർക്കാരിനെ അപവാദ പ്രചാരണങ്ങളിലൂടെ തകർക്കാൻ കഴിയില്ല.
കോവൂർ കുഞ്ഞുമോൻ
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയിച്ചതു കൊണ്ട് എന്തും ചെയ്യാമെന്ന് കോൺഗ്രസ് ധരിക്കേണ്ട. പ്രതിപക്ഷം സമ്പൂർണ പരാജയമാണ്. അതുകൊണ്ടാണ് വെപ്രാളം. എ.കെ.ജി സെന്റർ ആക്രമിച്ചവരെ ജയിലിൽ അടയ്ക്കും.
കടകംപള്ളി സുരേന്ദ്രൻ
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നം പ്രതിപക്ഷം കാണുന്നില്ല. മണ്ണെണ്ണ വില കൂടിയത് അടക്കമുള്ള പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
പാർട്ടി ഓഫിസുകൾ ആക്രമിക്കുക, പാർട്ടി പതാക കത്തിക്കുക അങ്ങനെയൊരു സമര പരമ്പര തന്നെയാണ് കോൺഗ്രസ് നടത്തിയത്. അതിന്റെ ഭാഗമായിട്ട് തന്നെയാണ് എ.കെ.ജി സെന്റർ ആക്രമണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."