രണ്ടുമാസം; പഞ്ചാബ് സർക്കാർ പരസ്യത്തിന് ചെലവഴിച്ചത് 37 കോടി തീവ്രഹിന്ദുത്വ ചാനലുകൾക്കും പരസ്യം നൽകി
ന്യൂഡൽഹി
അടുത്തിടെ പഞ്ചാബിൽ അധികാരത്തിലേറിയ എ.എ.പി സർക്കാർ രണ്ടു മാസത്തിനുള്ളിൽ പരസ്യത്തിനായി ചെലവഴിച്ചത് 37 കോടി രൂപ. മാർച്ച് 11 മുതൽ മെയ് 10 വരെയുള്ള കാലയളവിലാണ് ഇത്രയും തുക സർക്കാരിന്റെ പ്രചാരണങ്ങൾക്കു മാത്രമായി ചെലവിട്ടത്. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം പുറത്തുവന്നത്.
ടി.വി, റേഡിയോ പരസ്യങ്ങൾക്കായി 20 കോടി രൂപയും പത്രപരസ്യങ്ങൾക്കായി 17.21 കോടി രൂപയുമാണ് നൽകിയത്. ഇതിൽ സംഘ്പരിവാർ ആഭിമുഖ്യമുള്ള കടുത്ത വിദ്വേഷപ്രചാരണങ്ങൾ നടത്തുന്ന സുദർശൻ ടി.വി, റിപബ്ലിക് ടി.വി, സീ ന്യൂസ് എന്നിവയും ഉൾപ്പെടും.
വിവരാവകാശ പ്രവർത്തകൻ മണിക് ഗോയലാണ് പരസ്യ ഇനത്തിൽ ചെലവിട്ട തുകയുടെ വിശദാംശങ്ങൾ ചോദിച്ചത്. പരസ്യങ്ങൾ നൽകിയ മാധ്യമങ്ങളുടെ പട്ടികയിൽ ദിവ്യ ഭാസ്‌കർ, കച്ച്മിത്ര, സന്ദേശ്, ഫുൽചബ് തുടങ്ങിയ ഗുജറാത്ത് ആസ്ഥാനമായ പ്രാദേശിക പത്രങ്ങളും ഉൾപ്പെടും. ടി.വി 9 ഗുജറാത്തി, സീ 24, സന്ദേശ് ന്യൂസ്, എ.ബി.പി അസ്മിത, ന്യൂസ് 18 ഗുജറാത്തി, വി.ടി.വി ഗുജറാത്തി, ജനതാ ടി.വി എന്നീ ചാനലുകളും ഉണ്ട്.
സുദർശൻ ടി.വിയിലും റിപബ്ലിക്കിലും നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കരുതെന്ന് എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ നിർദേശം നിലനിൽക്കെ തന്നെ രണ്ടുചാനലുകൾക്കും പാർട്ടി ഭരിക്കുന്ന സംസ്ഥാനം പരസ്യം നൽകിയത് വിവാദമായിട്ടുണ്ട്. രണ്ടുമാസത്തിനിടെ 17.4 ലക്ഷം രൂപയാണ് സുദർശൻ ടി.വിക്ക് നൽകിയത്.
ഇതേ കാലയളവിൽ 1.04 കോടി രൂപ റിപബ്ലിക് ടി.വിക്കും സീ ന്യൂസിന് 84 ലക്ഷവും നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."