കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച 370ാം വകുപ്പില്‍ സമ്മര്‍ദത്തിന് തയാറാകാതെ കശ്മിര്‍ നേതാക്കള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ 370ാം വകുപ്പ് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സമ്മര്‍ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ട് കശ്മിര്‍ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍. സാധാരണ കശ്മിരികളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുന്നതിലും നേതാക്കള്‍ പരാജയപ്പെട്ടു.
പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഉള്‍പ്പെടുന്ന ഗുപ്കര്‍ സഖ്യം ഉന്നയിച്ച ആവശ്യങ്ങളില്‍ 370ാം വകുപ്പ് ഉള്‍പ്പെട്ടെങ്കിലും നേതാക്കള്‍ അതിനായി സമ്മര്‍ദം ചെലുത്തിയില്ല. കോണ്‍ഗ്രസ് ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിലും 370ാം വകുപ്പ് പരമാര്‍ശിച്ചില്ല. കശ്മിരിന് സംസ്ഥാന പദവി, തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ജോലി, പണ്ഡിറ്റുകളുടെ തിരിച്ചുവരവ് തുടങ്ങിയ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.
പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയാണ് 370ാം വകുപ്പ് പിന്‍വലിച്ചത് പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ കോടതി തന്നെ തീരുമാനിക്കട്ടെയെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചപ്പോള്‍ നേതാക്കള്‍ അത് അംഗീകരിക്കുകയും ചെയ്തു. മണ്ഡല പുനഃനിര്‍ണയം, തെരഞ്ഞെടുപ്പ്, സംസ്ഥാനപദവി എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ചര്‍ച്ച നടന്നത്. നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കിയത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായില്ല.
മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, ഇന്റര്‍നെറ്റ് റദ്ദാക്കിയത് മൂലമുണ്ടായ പ്രതിസന്ധികള്‍, കൊവിഡിന് മുന്‍പുതന്നെ ലോക്ക്ഡൗണ്‍ മൂലം ടൂറിസമുള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ തകര്‍ന്നുപോയത് തുടങ്ങിയവയും നേതാക്കള്‍ ചൂണ്ടിക്കാട്ടിയില്ല.
ലോക്ക്ഡൗണും ഇന്റര്‍നെറ്റ് നിരോധനവും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിലും നേതാക്കള്‍ പരാജയപ്പെട്ടു. കോടതികള്‍ നിശ്ചലമായതും പൊതുസുരക്ഷാ നിയമപ്രകാരം നേതാക്കള്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നതും ഉന്നയിച്ചില്ല. കശ്മിര്‍ കേന്ദ്രത്തിലര്‍പ്പിച്ച വിശ്വാസം ഇല്ലാതായിട്ടുണ്ടെന്നും അതു പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് വേണ്ടെതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടിയതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."