നോട്ടിലെ കള്ളം
പത്രങ്ങളില്‍ കള്ളനോട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൂട്ടുകാര്‍ വായിക്കാറുണ്ടല്ലോ. എവിടെനിന്നാണ് കള്ളനോട്ടിന്റെ ഉദയമെന്ന് കൃത്യമായ തെളിവില്ലെങ്കിലും 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കള്ളനോട്ടുമായി ബന്ധപ്പെട്ട വാര്‍ത്ത ചരിത്രത്തിലുണ്ട്. ആദ്യകാലത്ത് കടലാസു പണത്തിനു പകരം ലോഹങ്ങള്‍ ഉപയോഗിച്ചുള്ള നാണയങ്ങളായിരുന്നല്ലോ ഉണ്ടായിരുന്നത്. പ്രാചീന ഗ്രീസില്‍ സാമോസ് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന പോളിക്രേറ്റസ് എന്നയാള്‍ സ്പാര്‍ട്ടക്കാര്‍ക്ക് കള്ളനാണയം നല്‍കിയ കാര്യം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയും ഒരു രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടിയും ഗവണ്‍മെന്റ് കറന്‍സി നോട്ടിനെ അനുകരിച്ച് പുറത്തിറക്കുന്നതാണ് കള്ളനോട്ട്. ഇതിനു പിന്നില്‍ ഒരു വ്യക്തിയോ ഒരു സംഘമോ ഇതര രാജ്യത്തിലെ ഭരണകൂടമോ ആകാം.
നാണയത്തിന്റെ
പകര്‍പ്പ്
ആദ്യകാലത്ത് രാജാക്കന്മാരും ചക്രവര്‍ത്തിമാരും ആയിരുന്നല്ലോ നാണയങ്ങള്‍ അടിച്ചിറക്കിയിരുന്നത്. സ്വര്‍ണത്തിലും വെള്ളിയിലുമായി തീര്‍ത്ത നാണയങ്ങളിലെ സ്വര്‍ണവും വെള്ളിയും അല്‍പ്പാല്‍പ്പമായി മുറിച്ചെടുക്കുന്നതിലൂടെ ചില വിരുതന്മാര്‍ ധാരാളം ധനം സമ്പാദിച്ചു. ക്ലിപ്പിംഗ് എന്നാണ് ഈ വിദ്യക്ക് പറയുന്ന പേര്. ക്ലിപ്പിംഗ് ആ കാലത്ത് കള്ളനാണയം ഉണ്ടാക്കുന്നതു പോലെ ഗരുതരമായ കുറ്റമായിരുന്നു. തട്ടിപ്പ് വീരന്മാര്‍ ക്ലിപ്പിംഗ് തുടങ്ങിയതോടെ നാണയങ്ങളുടെ വശങ്ങളില്‍ ഗ്രെയിന്‍ എന്ന വരകളിട്ടു തുടങ്ങി. അതോടൊപ്പം രാജാക്കന്മാരുടെ ചിത്രങ്ങളും മുദ്രകളും നാണയത്തില്‍ കൊത്തിവയ്ക്കാനും തുടങ്ങി. ഇതോടെ നാണയങ്ങളിലെ വശങ്ങള്‍ മുറിച്ചെടുക്കുന്ന മോഷ്ടാക്കളുടെ ശീലത്തിന് താല്‍ക്കാലിക വിരാമമായി
കള്ളനാണയം
രാജാക്കന്മാരുടെ ചിത്രങ്ങളും മുദ്രകളും അടങ്ങിയ നാണയങ്ങളുടെ കാര്യം പറഞ്ഞല്ലോ. കാലം കുറേ കഴിഞ്ഞപ്പോള്‍ പലതരത്തിലുള്ള ലോഹങ്ങളും ലോകത്തു സുലഭമായി. ഇതോടെ നാണയങ്ങളുടെ പകര്‍പ്പുകളുണ്ടാക്കാന്‍ സ്വന്തമായി കമ്മട്ടങ്ങള്‍ നിര്‍മിച്ച് വ്യാജന്മാര്‍ ശ്രമം തുടങ്ങി. സ്വര്‍ണത്തിനും വെള്ളിക്കും പകരം വിലകുറഞ്ഞ ലോഹങ്ങള്‍ കൊണ്ട് നാണയങ്ങള്‍ നിര്‍മിച്ച് അതില്‍ സ്വര്‍ണമോ വെള്ളിയോ പൂശുന്ന ശീലം തുടങ്ങി. ബി.സി.ഏഴില്‍ ഏഷ്യമൈനറില്‍ ഫൊറി എന്ന നാണയം ഈ വിധത്തില്‍ നിര്‍മ്മിച്ചിരുന്നു.
കള്ളനാണയങ്ങളുടെ
രാജാവ്
1268 മുതല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ഫിലിപ്പ് ആറാമന്‍ രാജാവ് പുറത്തിറക്കിയ നാണയങ്ങളായിരുന്നു ആദ്യത്തെ രാജകീയ കള്ളനാണയം. വില കുറഞ്ഞ ലോഹം കൊണ്ട് നിര്‍മിച്ച നാണയത്തില്‍ സ്വര്‍ണം പൂശിയായിരുന്നു രാജാവ് ജനങ്ങളെ വിഡ്ഢികളാക്കിയത്.
കടലാസ് പണവും
കള്ളനോട്ടും
കടലാസ് കണ്ടു പിടിച്ച ചൈനക്കാരായിരുന്നു ആദ്യമായി കടലാസ് പണം നിര്‍മിച്ചത്. പതിമൂന്നാം നൂറ്റാണ്ടില്‍ മള്‍ബറി മരം ഇതിനുവേണ്ടി അവര്‍ ഉപയോഗിച്ചു. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് യൂറോപ്പില്‍ കടലാസ് പണം വന്നുതുടങ്ങിയത്. സത്യത്തില്‍ ബാങ്കുകളായിരുന്നു ആദ്യത്തെ കടലാസ് പണം പുറത്തിറക്കിയത്. ബാങ്കില്‍ പണം നിക്ഷേപിച്ചതിനുള്ള തെളിവായി നല്‍കിയിരുന്ന റസീറ്റായിരുന്നു ആദ്യത്തെ നോട്ട്. ഇതു ജനങ്ങള്‍ പരസ്പരം കൈമാറി കച്ചവടം നടത്താന്‍ തുടങ്ങി. ഇതോടെ വ്യാജന്മാരുടെ വരവും തുടങ്ങി. റസീറ്റിന്റെ ഒന്നാം തരം വ്യാജന്‍ നിര്‍മിച്ച് അവര്‍ വിപണിയിലേക്ക് ഇറക്കി വിട്ടു. പാവം ജനങ്ങള്‍ ബാങ്കില്‍ പണമുണ്ടെന്ന ധാരണയില്‍ കച്ചവടം പൊടിപൊടിച്ചു. പണം വാങ്ങാനായി ബാങ്കിലെത്തിയപ്പോഴാണ് പലര്‍ക്കും തട്ടിപ്പിനെക്കുറിച്ച് ബോധ്യമുണ്ടായത്.
ശിക്ഷ മരണം
ആദ്യകാലത്ത് കള്ളനോട്ടടച്ചിറക്കുന്നവര്‍ക്ക് മരണശിക്ഷയായിരുന്നു നല്‍കിയിരുന്നത്. അതുകൊണ്ടു തന്നെ കള്ളനോട്ടുകാര്‍ മരണം എന്നു നോട്ടുകളില്‍ എഴുതിവയ്ക്കുന്ന പതിവും അന്ന് ഉണ്ടായിരുന്നു. അമേരിക്കയില്‍ ബെഞ്ചമിന്‍ ഫ്രാങ്കഌന്റെ ഉത്തരവോടെ പുറത്തിയ കൊളോണിയല്‍ പേപ്പര്‍ കറന്‍സി ഇതിനുദാഹരണമാണ്.
കറന്‍സിയുടെ
പൂര്‍വീകന്‍
ഇന്നു കാണുന്ന കറന്‍സി നോട്ടിന്റെ പൂര്‍വികന്‍ എന്നു പറയാവുന്ന നോട്ടാണ് 1661 ല്‍ സ്വീഡനിലെ സ്‌റ്റോക് ഹോം ബാങ്ക് പുറത്തിറക്കിയ കറന്‍സികള്‍. 1675 ആയപ്പോള്‍ ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയും ബാങ്കുകള്‍ അത്തരത്തിലുള്ള കറന്‍സികള്‍ പുറത്തിറക്കാന്‍ തുടങ്ങി. നോട്ടുകളുടെ കള്ളനോട്ടും വിരുതന്മാര്‍ പുറത്തിറക്കി. ചിത്രകാരന്മാരെ വച്ച് തനി പകര്‍പ്പ് വരച്ചെടുക്കുകയാണ് ചിലര്‍ ചെയ്തത്. ചിലരോ, ലോഹങ്ങള്‍ കൊണ്ട് നല്ലയിനം അച്ചടി യന്ത്രങ്ങള്‍ തന്നെ നിര്‍മിച്ച് നോട്ടുകള്‍ അടിച്ചു തുടങ്ങി.
സര്‍ക്കാറാണ്
താരം
ഒരു രാജ്യത്തെ ഭരണാധികാരികള്‍ മറ്റൊരു രാജ്യത്തിന്റെ നോട്ടുകള്‍ അടിച്ചിറക്കുന്ന കഥകളും ചരിത്രത്തിലുണ്ട്. ശത്രു രാജ്യത്തിന്റെ നോട്ടുകളാണ് ഇങ്ങനെ പുറത്തിറക്കാറുള്ളത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രു രാജ്യമായ ഇംഗ്ലണ്ടിനെ തകര്‍ക്കുവാന്‍ ജര്‍മനിയിലെ നാസികള്‍ ഇത്തരത്തിലുള്ള ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ അടിച്ചിറക്കി. ഇംഗ്ലണ്ടിന്റെ പൗണ്ട് ആയിരുന്നു ഇത്തരത്തില്‍ അടിച്ചിറക്കിയത്. 5,10,20,50 പൗണ്ടുകളുടെ നോട്ടുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ജൂത തടവുകാരിലെ ചിത്രകാരന്മാരെ ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നാസിപ്പട നടപ്പിലാക്കിയത്.
ഓപ്പറേഷന്‍ ബര്‍നാള്‍ഡ് എന്നാണ് ഈ പദ്ധതിക്ക് അവര്‍ പേരു നല്‍കിയത്. ഈ തുക ഏകദേശം പതിനഞ്ചു കോടിയോളം വരുമത്രേ. വ്യാജ നോട്ടുണ്ടാക്കിയ ജര്‍മനി നോട്ടുകള്‍ ചാരന്മാര്‍ വഴി ഇംഗ്ലണ്ടില്‍ വിതരണവും നടത്തി. ഇതോടെ ഇംഗ്ലണ്ടിന്റെ സാമ്പത്തിക സ്ഥിതി തകരാന്‍ തുടങ്ങി. ജര്‍മനിയുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇംഗ്ലണ്ട് അഞ്ച് പൗണ്ടില്‍ താഴെയുള്ള എല്ലാ നോട്ടുകളും വിപണിയില്‍നിന്നു പിന്‍വലിച്ചു.മ ാത്രമല്ല വ്യാജന്മാര്‍ക്ക് പതിപ്പുകളുണ്ടാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ലോഹക്കമ്പികള്‍ പതിപ്പിച്ച നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു. സമാന രീതിയില്‍ തന്നെ അമേരിക്കയുടെ കള്ളനോട്ടുകളും ജര്‍മന്‍കാര്‍ പുറത്തിറക്കിയിരുന്നു.
വാട്ടര്‍മാര്‍ക്ക്
ഇംഗ്ലണ്ടിലാണ് നോട്ടില്‍ വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുന്ന ശീലം തുടങ്ങിയത്. വെളിച്ചത്തിനു നേരെ പിടിച്ചാല്‍ തെളിയുന്ന രീതിയിലായിരുന്നു ഇവ നിര്‍മിച്ചിരുന്നത്. നോട്ട് നിര്‍മിക്കുമ്പോള്‍ തന്നെ കമ്പികൊണ്ടുള്ള രാജ മുദ്രകള്‍ ചേര്‍ത്തുവച്ചാണ് ആദ്യകാലത്ത് വാട്ടര്‍ മാര്‍ക്ക് നിര്‍മിച്ചിരുന്നത്.
വ്യാജന്മാരുടെ കാര്യം
ആദ്യകാലത്ത് വ്യാജ നോട്ട് നിര്‍മിക്കുന്നതും നാണയങ്ങളുടെ വശങ്ങള്‍ ചുരണ്ടുന്നതും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞല്ലോ? പലരും ഈ കാര്യത്തില്‍ മരണ ശിക്ഷയേറ്റുവാങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ തോമസ് റോജേഴ്‌സ്, അനീ റോജേഴ്‌സ്, റിച്ചാര്‍ഡ് വോണ്‍, മാത്തിസണ്‍, ചാള്‍സ് പ്രൈസ് തുടങ്ങിയവര്‍ ഈ കൂട്ടത്തില്‍ പെടും. തോമസ് റോജേഴ്‌സിനെ തൂക്കിലേറ്റിയതും അനീറോജേഴ്‌സിനെ ചുട്ടു കൊന്നതിനും കാരണം നാണയങ്ങളുടെ വശങ്ങള്‍ ചുരണ്ടിയതിനായിരുന്നു. നാല്‍പ്പതു കഷ്ണം വെള്ളിയാണ് ഇവര്‍ ചുരണ്ടിയെടുത്തത്. റിച്ചാര്‍ഡ് വോണിന് ശിക്ഷ ലഭിക്കാന്‍ കാരണം നോട്ടില്‍ പൂജ്യങ്ങളിട്ട് പെരുപ്പിച്ചതിനാണ്. കഴുകിയാല്‍ മാഞ്ഞുപോകുന്ന തരത്തിലുള്ള വാട്ടര്‍മാര്‍ക്ക് നിര്‍മിച്ചതിനാണ് മാത്തിസണിന് വധശിക്ഷ ലഭിച്ചത്. കള്ളനോട്ടിനാവശ്യമായ കടലാസുകള്‍ സ്വയം നിര്‍മിച്ചതിനാണ് ചാള്‍സ് പ്രൈഡ് കുടുങ്ങിയത്. പക്ഷെ വധശിക്ഷ ലഭിക്കുന്നതിനു മുമ്പ് പ്രൈഡ് തൂങ്ങി മരിക്കുകയാണുണ്ടായത്. അമേരിക്കയില്‍ ഡേവിഡ് ഫാന്‍സ് വര്‍ത്ത്, ജോണ്‍ ബ്ലയര്‍ തുടങ്ങിയവരെ വധിച്ചത് വ്യാജഅമേരിക്കന്‍ ഡോളറിന്റെ നിര്‍മാണത്തിന്റെ പേരിലാണ്. കാതറിന്‍ മര്‍ഫിന്‍ ആണ് ഇംഗ്ലണ്ടില്‍ അവസാനമായി ചുട്ടുകൊല്ലപ്പെട്ട വനിത. ഇവരെ ചുട്ടുകൊല്ലാന്‍ കാരണം കള്ളനാണയ നിര്‍മാണമായിരുന്നു.
ഒരു വില
പല ഭാഷ
ഓരോ നോട്ടിന്റേയും പുറത്തു പതിനഞ്ച് ഭാഷകളില്‍ വില രേഖപ്പെടുത്തുന്ന ഒരേ ഒരു രാജ്യം ഇന്ത്യയാണ്. അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മറാത്തി, നേപ്പാള്‍, ഒറിയ, പഞ്ചാബി, സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നിവയാണത്.
നിക്കല്‍
പിടിച്ച പുലിവാല്‍
1933 ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് പുറത്തിറക്കിയ നിക്കല്‍ നാണയങ്ങളെ അനുകരിച്ച് കള്ളനാണയങ്ങളുണ്ടാക്കിയവരെ നിയമപാലകര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത് നീതി പീഠത്തിനു മുമ്പാകെ എത്തിച്ചപ്പോഴല്ലേ രസം. ഫ്രഞ്ച് നിയമത്തില്‍ സ്വര്‍ണനാണയം നിര്‍മിക്കുന്നവരെയല്ലാതെ നിക്കല്‍ കള്ളനാണയം നിര്‍മിക്കുന്നവരെ ശിക്ഷിക്കാന്‍ വകുപ്പില്ലത്രേ. പാവം നിയമപാലകര്‍ക്ക് ഒടുവില്‍ അവരെ വെറുതെ വിടേണ്ടി വന്നു.
പെരുകുന്ന
കള്ളനോട്ടുകള്‍
കള്ളനോട്ട് തടയാന്‍ അനേകം മെഷീനുകളും കറന്‍സിയില്‍ തന്നെ പലതരത്തിലുള്ള സൂക്ഷ്മ ഉപാധികളും അടക്കം ചെയ്തിട്ടും കമ്പ്യൂട്ടറും കളര്‍പ്രിന്ററുകളും ഉപയോഗിച്ച് അത്യാധുനിക രീതിയിലുള്ള കള്ളനോട്ടുകള്‍ പുറത്തിറങ്ങുന്ന കാലമാണിത്. അതുകൊണ്ടു തന്നെ ആധുനിക യുഗത്തിലും കള്ളനോട്ടുകള്‍ ഓരോ രാജ്യത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്. 2003 ല്‍ 551287 വ്യാജ യൂറോനോട്ടുകളാണ് വിപണിയില്‍നിന്നു നീക്കം ചെയ്തത് .
വ്യാജ നോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിട്ടും 2004 ല്‍ 1.8 മില്യണ്‍ തുകയുടെ യൂറോയാണ് വിപണിയിലെത്തിയത്. 2013ല്‍ ഓസ്‌ട്രേലിയയില്‍ അമ്പത് ,നൂറ് ഓസ്‌ട്രേലിയന്‍ ഡോളറിന്റെ വ്യാജ നോട്ടുമായി ബന്ധപ്പെട്ട ഏകദേശം നാല്‍പ്പതോളം പരാതികളാണ് ലഭിച്ചത്.
2015 ല്‍ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള അമേരിക്കയില്‍ അമ്പതു ഡോളറിന്റെ 33,000 വ്യാജ നോട്ടുകള്‍ വിപണിയില്‍നിന്നു നീക്കം ചെയ്യുകയുണ്ടായി. പല രാജ്യത്തും കള്ളനോട്ട് നിര്‍മാണം രാജ്യദ്രോഹക്കുറ്റം തന്നെയാണ്.
കള്ളനോട്ടടി വീരന്മാര്‍
ലോക പ്രശസ്തരായ പല കള്ളനോട്ടടി വീരന്മാരും വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. പീസ്റ്റണ്‍ ഓസ്റ്റണ്‍, എഡ് വാര്‍ഡ് ബണ്ണി, മേരിബടര്‍വര്‍ത്ത്, മൈക്ക് ഡിബാര്‍ലെബന്‍, വില്യം ചലോനര്‍, സ്റ്റീഫന്‍ ജറി, സാമുവല്‍ സി അഫയാം, വെസ്ലി വെബര്‍, ആര്‍തര്‍ ജെ.വില്യംസ്, ആല്‍ബര്‍ട്ട് ടാള്‍ട്ടന്‍ എന്നിവര്‍ ആ കൂട്ടത്തില്‍പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."