ഉദുമയില്‍ കബഡി താരങ്ങള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ പരിക്ക് ഗുരുതരം
ഉദുമ (കാസര്‍കോട്: കബഡി താരങ്ങള്‍ ഉള്‍പെടെ നാലു പേര്‍ക്ക് കുത്തേറ്റു. ഉദുമ അരവത്ത് ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കുളത്തില്‍ കുളിക്കുന്നതിനിടെ 15 ഓളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് ആസ്പത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഉദുമ അരവത്ത് കുതിരക്കോട്ടെ രാഘവന്റെ മകന് ജിതേഷ് (22), യൂണിവേഴ്സിറ്റി കബഡി താരം സുരേഷിന്റെ മകന് മല്ലേഷ് (22), ധര്‍മ്മന്റെ മകന് ധനല്‍ (21), പേര് വിവരങ്ങള്‍ ലഭിക്കാത്ത ഒരാള്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജിതേഷിനും മല്ലേഷിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഇതില്‍ ജിതേഷിനെ മംഗളുറു ആശുപത്രിയിലേക്ക് മാറ്റി. മല്ലേഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
അരവത്ത് അത്തി കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ അഭിലാഷ്, സുജിത്ത്, അഭിലാഷ്, വിനു, വിജയന് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 15 ഓളം വരുന്ന സംഘം മാരകായുധങ്ങളുമായി സംഘടിച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ മൊഴി നല്‍കിയത്.
കബഡി കളിയുമായി ബന്ധപ്പെട്ട് നേരത്തേ ഇവിടെ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇത് പറഞ്ഞ് തീര്‍ത്തിരുന്നുവെങ്കിലും അതിന്റെ വൈരാഗ്യം വെച്ചായിരിക്കാം അക്രമമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അക്രമ വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."