പെട്രോളിയം സെസ് കിഫ്ബിക്ക് മുന്‍ വര്‍ഷംവരെ ലഭിച്ചത് 1,921 കോടി രൂപ
തിരുവനന്തപുരം: പെട്രോളിയം സെസിലൂടെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന് (കിഫ്ബി) 2019-20 സാമ്പത്തിക വര്‍ഷം വരെ ലഭിച്ചത് 1,921 കോടി രൂപ.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഓരോന്നിനും ലിറ്റര്‍ ഒന്നിന് ഒരു രൂപ വീതം ഏര്‍പ്പെടുത്തിയ സെസ് നേരിട്ട് ലഭിച്ചതിലൂടെയാണ് കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷം കൊണ്ട് ഇത്രയും തുക കിഫ്ബിയിലെത്തിയതെന്ന് അവരുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇതു കൂടാതെ മോട്ടോര്‍ വാഹന സെസ് ഇനത്തിലും വന്‍ തുകയാണ് കിഫിബിലേക്ക് എത്തിയത്. 2016ല്‍ ധനകാര്യ ബില്ലിലൂടെയാണ് കിഫ്ബി നിലവില്‍ വന്നത്. അന്നുമുതലാണ് പെട്രോളിയം, വാഹന സെസുകള്‍ ഈടാക്കിത്തുടങ്ങിയത്.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ പെട്രോളിയം സെസായി 362 കോടി രൂപയും രണ്ടാം പകുതിയില്‍ 188 കോടി രൂപയും കിഫ്ബിക്ക് ലഭിച്ചു. ഇതോടെ നാല് വര്‍ഷംകൊണ്ട് ആകെ 1921.11 കോടി രൂപയാണ് ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1086 കോടി രൂപ മോട്ടോര്‍ വാഹന സെസായി കിഫ്ബിക്ക് ലഭിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ 5640 കോടി രൂപയും ലഭിച്ചു. ഇതോടെ നാല് വര്‍ഷംകൊണ്ട് മോട്ടോര്‍ വാഹന സെസായി കിഫ്ബിക്ക് ലഭിച്ചത് 3651.75 കോടി രൂപയാണ്.
2019-20ലെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം കിഫ്ബി ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുത്തത് പൊതുമരാമത്ത് വകുപ്പിലായിരുന്നു. 327 പദ്ധതികള്‍ക്കായി 14,699 കോടി രൂപയും മാറ്റിവച്ചു. ഏറ്റവും കുറവ് തുക മാറ്റിവച്ചതാകട്ടെ കൃഷിവകുപ്പിനായിരുന്നു. 21.43 കോടി രൂപ കൃഷി വകുപ്പിനുവേണ്ടി മാറ്റിവച്ചെങ്കിലും ഒരു പദ്ധതിപോലും രൂപീകരിക്കുന്നതിനോ അതുമായി മുന്നോട്ടുപോകുന്നതിനോ കിഫ്ബി തയാറായില്ല. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി 3015 കോടി രൂപ വിവിധ ബാങ്കുകളില്‍നിന്നായി കടമെടുക്കുകയും ചെയ്തു. എസ്.ബി.ഐയില്‍നിന്ന് 7.70 ശതമാനം പലിശയില്‍ 1000 കോടി രൂപയെടുത്തതാണ് ഇതില്‍ ഏറ്റവും വലിയ കടമെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."