നിർമിച്ചത് 5,000 കിലോമീറ്റർ റോഡ്, നവീകരിച്ചത് 7,000 കിലോമീറ്റർ, 2,400-ലധികം സുരക്ഷാ ബോർഡുകൾ; ഹജ്ജിനായി സഊദിയുടെ വിപുലമായ ഒരുക്കങ്ങൾ ഇങ്ങനെ…
നിർമിച്ചത് 5,000 കിലോമീറ്റർ റോഡ്, നവീകരിച്ചത് 7,000 കിലോമീറ്റർ, 2,400-ലധികം സുരക്ഷാ ബോർഡുകൾ; ഹജ്ജിനായി സഊദിയുടെ വിപുലമായ ഒരുക്കങ്ങൾ
ദുബായ്: ഹജ്ജിനായി വിപുലമായ ഒരുക്കമാണ് സഊദി അറേബ്യ നടത്തുന്നത്. ഈ വർഷത്തെ ഹജ്ജ് ദിവസങ്ങൾ അടുത്തിരിക്കെ റോഡുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് സഊദി അറേബ്യ റോഡ്‌സ് ജനറൽ അതോറിറ്റി. ഹജ്ജ് തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി അതോറിറ്റി 7,000 കിലോമീറ്ററിലധികം റോഡാണ് ചുരുങ്ങിയ സമയത്തിനിടെ നവീകരിച്ചത്.
അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് 7,000 കിലോമീറ്ററിലധികം റോഡിന്റെ നവീകരണം സഊദി പൂർത്തിയാക്കിയത്. പുണ്യസ്ഥലങ്ങൾ തമ്മിലുള്ള സഞ്ചാരം എളുപ്പമാക്കാൻ ഈ നവീകരണം ഉപയോഗപ്രഥമാകും. രാജ്യത്തിന്റെ 11 അതിർത്തി ബോർഡറുകളിൽ നിന്നുമുള്ള മക്കയിലേക്കും മദീനയിലേക്കുമുള്ള റോഡുകൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതാണ്.
ഇതിന് പുറമെ, റോഡിന് സമീപത്തായി ഉള്ള 40,000 ക്യുബിക് മീറ്ററിലധികം മണൽക്കൂനകൾ നീക്കം ചെയ്തു. മണൽക്കാറ്റടിക്കുമ്പോൾ മണൽ റോഡിലേക്ക് പറന്ന് യാത്ര തടസപ്പെടാതിരിക്കാനാണ് നടപടി.
ഈ അറ്റകുറ്റപ്പണികൾക്ക് പുറമേ, സുരക്ഷക്കായി അതോറിറ്റി 9,000 കിലോമീറ്റർ റോഡുകളിൽ കോൺക്രീറ്റ്, മെറ്റൽ ബാരിയേഴ്സ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. 600 കിലോമീറ്ററോളം റോഡ് ഉപരിതലം റീ-പെയിന്റ് ചെയ്തു. 2,400-ലധികം സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു.
ഇതിനെല്ലാം പുറമെ പുണ്യസ്ഥലങ്ങളിലേക്ക് നയിക്കുന്ന 5,000 കിലോമീറ്റർ റോഡുകളാണ് രാജ്യത്തുടനീളം സ്ഥാപിച്ചത്. ഹജ്ജ് തീർഥാടകരുടെ സുരക്ഷിതത്വവും സുഗമമായ യാത്രയും ഉറപ്പുവരുത്തുന്നതിനായി ഈ റോഡുകളിൽ 300-ലധികം മോണിറ്ററുകൾ വിന്യസിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ റോഡുകളിലുടനീളം 24 മണിക്കൂറും സന്നദ്ധരായി നിരവധി ഫീൽഡ്, എമർജൻസി ടീമുകളും നിലയുറപ്പിച്ചിട്ടുണ്ട്.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച റോഡ് നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുള്ള രാജ്യമാണ് കിംഗ്ഡം ഓഫ് സഊദി അറേബ്യ. റോഡ് ഇൻഫ്രാസ്ട്രക്ച്ചറിൽ ഏറ്റവും മികച്ച സേവനമാണ് സഊദി ഒരുക്കിയിട്ടുള്ളത്. ഹജ്ജ് ഏറ്റവും സുഖപ്രദവും സൗകര്യപ്രദവുമായി പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് സഊദിയുടെ വിപുലമായ ഒരുക്കങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."