സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതിമാരെ ജിദ്ദയില്‍ നിന്ന് തിരിച്ചയച്ചു
സഊദിയിലേക്ക് പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതിമാരെ ജിദ്ദയില്‍ നിന്ന് തിരിച്ചയച്ചു
ജിദ്ദ/ഹൈദരാബാദ്: സഊദിയില്‍ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഹജ്ജിനെത്തിയ ദമ്പതികളെ നാട്ടിലേക്ക് മടക്കി അയച്ചു. തെലങ്കാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ദമ്പതികളെയാണ് ജിദ്ദ എമിഗ്രേഷനിൽ നിന്ന് മടക്കി അയച്ചത്. സ്ത്രീക്ക് നേരത്തെ സഊദി ഏർപ്പെടുത്തിയ വിലക്ക് നില നിൽക്കുന്നതിനാൽ അധികൃതർ പ്രവേശനം തടയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹജ് കമ്മിറ്റിയുടെ കീഴിൽ എത്തിയ മഹ്ബൂബ് നഗര്‍ ജില്ലക്കാരായ മുഹമ്മദ് അബ്ദുൽ ഖാദർ, ഭാര്യ ഫരീദ ബീഗം എന്നിവർക്കാണ് വിലക്കിനെ തുടർന്ന് നാട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നത്. ഫരീദാ ബീഗത്തിനു പ്രവേശന വിലക്കുണ്ടെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ പാസ്‌പോര്‍ട്ടാണെന്നും ജിദ്ദ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ സഊദി അറേബ്യയില്‍ ഫരീദാ ബീഗം ജോലി ചെയ്തിരുന്നതായും ഇതിനിടെ ചില പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും പറയുന്നു. ഇതാണ് പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍ പെടാന്‍ കാരണമെന്നാണ് റിപ്പോർട്ട്.
ഇതേത്തുടര്‍ന്ന് ഹജ്ജിനെത്തിയ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഒറ്റ കവര്‍ നമ്പറില്‍ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് അബ്ദുൽ ഖാദറിനും പ്രവേശനം വിലക്കുകയായിരുന്നു. തുടർന്ന് സഊദി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം, ഇവരെ സഊദിയിൽ എത്തിച്ച വിസ്താര എയര്‍ലൈന്‍സ് തന്നെ ഇവരെ മുംബൈയിലേക്കുള്ള മടക്ക വിമാനത്തില്‍ തിരികെ എത്തിച്ചു. സംഭവത്തെക്കുറിച്ച് തെലങ്കാന ഹജ് കമ്മിറ്റിയെ എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."