HOME
DETAILS

മണിപ്പൂരിൽ കലാപത്തീകത്തിച്ചതാര്?

  
backup
June 19 2023 | 18:06 PM

todays-article-about-manipur-riot-analysis

ഡോ.ബിഷ്റുൽ ​ഹാഫി

റൊമാരിയോയെ ഓർമയില്ലേ, അവന്റെ കണ്ണുകൾ കുക്കികൾ ചൂഴ്‌ന്നെടുത്ത്ജീവനോടെ കത്തിക്കുകയായിരുന്നു. മണിപ്പൂർ യൂനിവേഴ്‌സിറ്റിയിലെ ജപ്പാനീസ് കൾച്ചറൽ കൺവൻഷനിൽ പരിചയപ്പെട്ട റോജർ കൊല്ലപ്പെട്ടെങ്കിലും മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മനസ്സമാധാനത്തോടെ ഉറങ്ങിയിട്ട് ഒരു മാസത്തിലധികമായി- ഇംഫാലിലെ ഷിജ മെഡിക്കൽ കോളജിലെ സുഹൃത്ത് ഡോ. റിക്കൽ കഴിഞ്ഞ ദിവസം അയച്ച മെസേജ് ഇങ്ങനെ തുടരുന്നു.


എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന അഗ്നിപർവതമായിട്ടാണ് മണിപ്പൂർ എന്ന സംസ്ഥാനത്തെപ്പറ്റി തോന്നിയത്. ഡെർമെറ്റോളജിയിൽ എം.ഡി പഠിക്കാൻ വേണ്ടി 2015ൽ ഇംഫാലിലേക്ക് യാത്ര തിരിക്കുമ്പോൾ ഇറോം ശർമിളയും അഫ്‌സ്പ നിയമവുമൊക്കെയായിരുന്നു മനസിൽ. പിന്നീട്, നിരാഹാരം അവസാനിപ്പിച്ച ശർമിളയുമായി സംവദിക്കാൻ അവസരം കിട്ടിയെങ്കിലും മണിപ്പൂരിന്റെ യഥാർഥ പ്രശ്‌നം അതി തീവ്രമാണെന്ന് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു. 50%ൽ കൂടുതലുള്ള മെയ്തികൾ അടക്കം മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് മണിപ്പൂരിന്റെ 10% മാത്രം വരുന്ന താഴ്‌വാരങ്ങളിൽ കഴിയുകയാണ്. ജനസാന്ദ്രത ഒട്ടുമില്ലാത്ത കുന്നുകളിലേക്ക് കുടിയേറി പാർക്കാൻ പക്ഷേ മെയ്തി വിഭാഗത്തിന് സാധിക്കില്ല. കാരണം എസ്.ടി പദവികൊണ്ട് നാഗ, കുക്കി പോലുള്ള ഗോത്ര വർഗങ്ങൾ സംരക്ഷിക്കപ്പെട്ട ഇടങ്ങളാണവ.

എന്നാൽ പ്രയത്‌നത്തിലൂടെയും സംവരണത്തിലൂടെയും ഗോത്രവർഗങ്ങൾ സാമൂഹികമായും സാമ്പത്തികമായും മുന്നേറിയപ്പോൾ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കുവേണ്ടി താഴ്‌വാരങ്ങളിലേക്ക് താമസം മാറ്റുന്നത് പതിവായി. ഈ പരിമിത സൗകര്യത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾകൂടി എത്തിയത് സംഘർഷങ്ങൾക്ക് ഇടയായി. ഇന്റർലൈൻ പെർമിറ്റിനു വേണ്ടി സമരങ്ങളും കൊലപാതകങ്ങളും രക്തസാക്ഷികളുടെ മൃതശരീരം അടക്കം ചെയ്യാതെയുള്ള സമരമുറകളും പഠന സമയത്തുതന്നെ ഉണ്ടായിരുന്നു. താഴ്‌വാരങ്ങളിലേക്കുള്ള ഏക റോഡുമാർഗം തടഞ്ഞ് ട്രൈബൽ സമൂഹം മാസങ്ങൾ നീണ്ട സമരം നടത്തിയത് മറക്കാനാവില്ല. അവശ്യവസ്തുവായ പെട്രോൾ പോലും മാസങ്ങളോളം ലഭിക്കാതിരുന്നത് (ബ്ലാക്കിൽ ലിറ്ററിന് 300 രൂപക്ക് വാങ്ങേണ്ടിവന്നു) സാധാരണ സംഭവമായിരുന്നു. പക്ഷേ ഇപ്പോൾ നടക്കുന്ന കലാപം എന്നും നടക്കുന്ന പോലെയുള്ളതല്ല.


വോട്ടിലൂടെയും എം.എൽ.എ കച്ചവടത്തിലൂടെയും പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ഭരണത്തെ മറിച്ചിട്ട് ബിരൺ സിങ്ങിന്റെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റപ്പോൾ പലരും പുതിയ പ്രഭാതത്തെ സ്വപ്‌നം കണ്ടിരുന്നു. സാമൂഹിക യാഥാർഥ്യങ്ങളെ മനസ്സിലാക്കുന്ന ബിരൺ സിങ് ഗോത്ര ജനതയെ ഒപ്പം നിർത്താൻ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്. മുൻ സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി സർക്കാർ യോഗങ്ങൾ 'ഗോ ഹിൽ മിഷൻ്റെ' ഭാഗമായി ഗോത്രമേഖലകളിൽ നടത്തിയും 'ഹിൽ ലീഡേഴ്സ് ഡെ' 'ഗോ റ്റു വില്ലേജ്' പോലുള്ള പദ്ധതികൾ തകൃതിയായി നടപ്പാക്കിയതും ഗോത്രവർഗക്കാരെ ചേർത്തുനിർത്തിയിരുന്നു. എൻ.പി.എഫ്, എൻ.പി.പി പോലുള്ള ട്രൈബൽ പാർട്ടികൾ ബിരൺ സിങ്ങിനെ പിന്തുണക്കുകകൂടി ചെയ്തതോടെ ജനകീയ നേതാവ് എന്ന് പരിഗണിക്കപ്പെടുകയും ചെയ്തു.


എന്നാൽ ബിരൻ സിങ്ങിൻ്റെ അധികാരത്തിലേക്കുള്ള രണ്ടാം വരവിൽ ഹിഡൻ അജൻഡകൾ മറനീക്കി പുറത്തുവന്നെന്ന് ഗോത്ര ജനത ആരോപിക്കുന്നു. ഓപിയം, പോപ്പി തോട്ടത്തിൻ്റെയും വന നശീകരണത്തിന്റെയും പേരിലുള്ള കുടിയൊഴിപ്പിക്കലായിരുന്നു ആദ്യം തുടങ്ങിയത്. 2018ൽ 400ത്തോളം മെയ്തി പാങ്ങൾ(മുസ്‌ലിം) കുടുംബങ്ങളെ പതിറ്റാണ്ടുകളായി പാർക്കുന്ന സ്ഥലങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടെങ്കിലും വലിയ ഒച്ചപ്പാടുകൾ ഉണ്ടായിരുന്നില്ല. എന്നാൽ കുക്കി വിഭാഗത്തിന്റെ ഭൂമിയിൽ കൈവച്ചപ്പോൾ സംഘർഷങ്ങളുണ്ടായി.

കുക്കികളെ മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായും കറുപ്പ് കൃഷിയുടെ കുത്തകക്കാരായും മുദ്ര കുത്തപ്പെട്ടു. എന്നാൽ ഓപ്പിയം കൃഷിയിലും അതിൻ്റെ വ്യാപാരത്തിലും എല്ലാ വിഭാഗക്കാർക്കും പങ്കുണ്ട്. ഇംഫാലിലെ ഐ.പി.എസ് ഓഫിസറായ തൗനൗജ ബ്രിന്ദ ഗുവാഹത്തി ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ പറയുന്നത് ലുകോ സെയ് സൗ എന്ന ഡ്രഗ് മാഫിയയുടെ തലവനെ വിട്ടയക്കാൻ മുഖ്യമന്ത്രി ബിരൻസിങ് വ്യക്തിപരമായി സമ്മർദം ചെലുത്തിയെന്നാണ്. ഇത്തരം അനധികൃത ബന്ധമുണ്ടായിട്ടും കുക്കികളെ മാത്രം മയക്കുമരുന്ന് കടത്തുകാരായി മുദ്ര കുത്തുന്നത് വംശീയമായി തളർത്താനാണെന്ന വികാരം അവർക്കിടയിലുണ്ടായി.


ഇതിനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെട്ടപ്പോഴാണ് എരിതീയിൽ എണ്ണപോലെ മെയ്തി വിഭാഗത്തിന് എസ്.ടി പദവി കൊടുക്കണമെന്ന ഉത്തരവ് മണിപ്പൂർ ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. സംവരണവും സംരക്ഷിത മണ്ണും പാർലമെന്റ് സീറ്റുകളുമൊക്കെ തട്ടിയെടുക്കാനുള്ള ഭൂരിപക്ഷ മെയ്തി വിഭാഗത്തിന്റെ തന്ത്രമായി ഈ ഉത്തരവിനെ കുക്കികളടക്കമുള്ള ഗോത്രങ്ങൾ വിലയിരുത്തി. ഇതിനെതിരേ എ.ടി.എസ്.യു.എം എന്ന ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയൻ പ്രതിഷേധവും മെയ്തി വിഭാഗത്തിന്റെ പ്രതിരോധവും ഒക്കെയാണ് സ്ഥിതി വഷളാക്കിയത്. ആംഗ്ലോ കുക്കി വാർ ഗേറ്റ് എന്ന കുക്കി സമരവീര്യത്തിന്റെ പ്രതീകത്തെ മെയ്തി വിഭാഗം അഗ്നിക്കിരയാക്കിയത് തീവ്ര ചിന്താഗതിക്കാരെ പ്രകോപിപ്പിക്കുകയും അവർക്ക് ഭൂരിപക്ഷമുള്ള മേഖലയിലെ മെയ്തികളുടെ വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രതികാരം മെയ്തികളുടെ സർവ സംഹാരമായിരുന്നു. ഏകദേശം 60 മണിക്കൂർ നീണ്ടുനിന്ന കലാപത്തിൽ ഇംഫാൽ നഗരത്തിലും ചുറ്റിലുമുള്ള കുക്കികളുടെ വീടുകളും ചർച്ചുകളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ അഗ്നിക്കിരയാക്കപ്പെട്ടു. വൃദ്ധകളെയും കുട്ടികളെയും ഉൾപ്പെടെ തീവച്ച് കൊന്നു.

നിരവധി പേർ ബലാത്സംഗം ചെയ്യപ്പെട്ടു. ഭൂരിപക്ഷവിഭാഗത്തിൽ പെട്ട പൊലിസ് ഓഫിസർമാർ മെയ്തികളെ സഹായിച്ചു. അവർ ഔദ്യോഗിക ആയുധങ്ങൾ ബന്ധുക്കൾക്ക് നൽകി. എന്നാൽ കുക്കികളാണ് ആദ്യം വീടുകൾ കത്തിച്ചതെന്നാണ് മെയ്തി സുഹൃത്തുക്കളുടെ മറുവാദം. ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും തെളിവായി ഇംഫാലിലെ പ്രമുഖ സ്ഥാപനങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ കുക്കികളുടെ സാന്നിധ്യം നോക്കിയാൽ മനസിലാവും എന്നുമാണ് അവർ പറയുന്നത്. കുക്കികൾക്ക് വേണ്ടി പ്രത്യേക ഭരണകൂടവും സംസ്ഥാനവും വേണമെന്ന ആവശ്യത്തിന് ശക്തി പകരാൻ പ്ലാൻ ചെയ്ത കലാപമായിട്ടാണ് മെയ്തി വിഭാഗം സംഭവത്തെ ചിത്രീകരിക്കുന്നത്.


കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടായിരുന്നു നിരീക്ഷകർ ഉറ്റുനോക്കിയത്. കുക്കികളിൽനിന്ന് കൊല്ലപ്പെട്ടവരെ തീവ്രവാദികളെന്ന് വിളിച്ച് മുഖ്യമന്ത്രി ഗോത്രവർഗക്കാരുടെ പൂർണ ശത്രുവായി. മുഖ്യമന്ത്രി അടങ്ങിയ സമാധാന സമിതിയെവരെ അവർ അംഗീകരിച്ചിട്ടില്ല. കേന്ദ്രം അമിത്ഷായെ ഇറക്കി സമാധാനം നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇപ്പോഴും മണിപ്പൂർ കത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കുക്കികളുടെ വേട്ട് നേടി വിജയിച്ച സംസ്ഥാന സർക്കാർ ശരിയായ നടപടിയെടുക്കുന്നില്ലെന്ന പരിഭവത്തിലാണ് ഭൂരിഭാഗം മെയ്തികൾ എന്നത് വിഷയത്തെ ഒന്നുകൂടി സങ്കീർണമാക്കുന്നു. ആ ദേഷ്യമാണ് മന്ത്രിമാരുടെ വീടുകളും ബി.ജെ.പി ഒാഫിസുകളും കത്തിക്കുന്നതിലേക്ക് എത്തിച്ചത്. ഇതിനിടെ, മെയ്തി ലീപുൻ, ആരംഭായ് തെൻഗോൾ എന്നീ രണ്ട് തീവ്ര മെയ്തി വിഭാഗങ്ങൾ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. അത്യാധുനിക യന്ത്രത്തോക്കുകളും ബോംബുകളുമായി യുദ്ധ സമാന അന്തരീക്ഷമാണ് മണിപ്പൂരിലുള്ളത്. ഇതര ഗോത്രത്തിന്റെ ഗ്രാമങ്ങളും അതിലുള്ളതും കത്തിക്കുന്ന ഒരു വിഭാഗം, അതിൻ്റെ ആഘോഷം നടക്കുന്നതിനിടയിൽ തിരിച്ചടിച്ച് ഡസനോളം ആളുകളെ വധിക്കുന്ന മറുവിഭാഗം- സിനിമയിൽ കണ്ട് പഴകിച്ച ഇത്തരം സീനുകൾ മണിപ്പൂരിൽ നടന്നിട്ടുണ്ട് എന്ന് സാക്ഷികൾ പറയുന്നു.


ഇതിനിടയിൽ പത്ത് ശതമാനത്തിൽ താഴെയുള്ള മെയ്തി പാങ്ങൾ എന്ന് വിളിക്കുന്ന തദ്ദേശീയ മുസ്‌ലിംകളുടെ അവസ്ഥ ദയനീയമാണ്. കലാപ സമയത്ത് രണ്ടുവിഭാഗങ്ങളിൽ പെട്ടവരേയും രക്ഷിക്കുകയും പള്ളികളും മറ്റും തുറന്നുകൊടുത്ത് സംരക്ഷിക്കുകയും ചെയ്ത പാങ്ങകൾ, ആരെ പിന്തുണക്കുന്നു എന്ന ചോദ്യം ഇരുവിഭാഗങ്ങളിൽനിന്നും ഉയരുമോ എന്ന ഭയത്തിലാണ്. കുക്കികളോട് മികച്ച ബന്ധമാണ് പാങ്ങളുകൾക്കുള്ളത്. 1993ൽ പാങ്ങൾ സമുദായത്തിനെതിരായ മെയ്തികളുടെ അക്രമത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ കലാപത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും അവരുടെ ഉള്ളിലുണ്ട്. പ്രത്യക്ഷമായി ഒരു പക്ഷത്തോട് ചായുന്നത് ആത്മഹത്യാപരമാണെങ്കിലും മാനസികമായി ന്യൂനപക്ഷ കുക്കി വിഭാഗത്തോടൊപ്പമാണ് ഭൂരിപക്ഷം പാങ്ങൾമാരും എന്ന് എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റി അംഗമായ റഈസുദ്ധീൻ കഴിഞ്ഞ ദിവസം പറഞ്ഞു.
മണിപ്പൂരിലെ കലാപത്തിൽ ശരി എന്നത് ഓരോ പക്ഷത്തിനും വ്യത്യസ്തമാണ്. ട്രൈബൽ മെന്റാലിറ്റി എന്ന് ചില സങ്കുചിത വാദങ്ങളെക്കുറിച്ച് പറയുന്നത് എത്രത്തോളം ശരിയാണ് എന്നത് പരിശോധിക്കണം. അന്യനെ ഉൾക്കൊള്ളാനാകാത്ത ഗോത്രമായി നാം മാറിക്കഴിഞ്ഞാൽ മനുഷ്യന്റെ പച്ച മാംസം തിന്നുന്ന മൃഗമായി മാറാൻ തീപ്പൊരി മതിയാവും.

വ്യത്യസ്ത മത, വർഗ, ഗോത്ര, വർണ, ദേശ വിഭാഗക്കാരുടെ പൊതു ഇടങ്ങളെ ഇല്ലാതെയാക്കി മതിലുകൾ സൃഷ്ടിക്കുമ്പോൾ അതിന്റെ പരിണാമം അന്യനെ മനുഷ്യനായി കാണാൻ കഴിയാത്ത വിദ്വേഷമാകും. സാമുദായിക വാദങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവർ സന്ദർഭത്തിനനുസരിച്ച് കുരുക്ക് മുറുക്കാനും അയക്കാനുമുള്ള രാഷ്ട്രീയപക്വതയും സഹജീവി സ്‌നേഹവുമില്ലാത്തവരായാൽ തീ ആളിക്കത്തിക്കാനേ അവർക്കാവൂ. ഇവിടെയാണ് പക്വതയുടെയും സംയമനത്തിന്റെയും ഒരുമയുടെയും രാഷ്ട്രീയ സാധ്യത.

Content Highlights: Today's Article About manipur riot analysis


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago