വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്ക്; അഞ്ച് ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്‌ത് യുഎഇ
വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്ക്; അഞ്ച് ദശലക്ഷം വരെ യാത്രക്കാരെ സ്വാഗതം ചെയ്‌ത് യുഎഇ
ദുബായ്: സ്‌കൂളുകൾ അടക്കുകയും പെരുന്നാൾ അവധി ആരംഭിക്കുകയും ചെയ്തതോടെ ദുബായ് വിമാനത്താവളത്തിൽ കടുത്ത തിരക്ക്. പ്രവാസികൾ കൂട്ടമായി നാട്ടിലേക്ക് അവധിയാഘോഷിക്കാൻ പോകുന്നതാണ് തിരക്ക് വർധിക്കാൻ കാരണമായത്. ജൂൺ 23 വെള്ളിയാഴ്ച ആരംഭിച്ച തിരക്ക് ജൂലൈ ആദ്യം വരെ തുടരുമെനന്ന് പ്രതീക്ഷ.
രാജ്യത്ത് പ്രവർത്തിക്കുന്ന കാരിയറുകളിൽ നിന്നുമുള്ള ഡാറ്റ പ്രകാരം, ഈ കാലയളവിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം അഞ്ച് ദശലക്ഷം കാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ഖലീജ് ന്യൂസ്‌പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. ബലി പെരുന്നാൾ അവധി വരെയും അതിനിടയിലും യാത്രാ ഗതാഗതത്തിൽ കാര്യമായ ഉയർച്ചയുണ്ടാകുമെന്ന് അബുദാബി വിമാനത്താവളത്തിൽ നിന്നുള്ള റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
ജൂലൈ 7 വരെ 900,000-ലധികം യാത്രക്കാർ അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യാത്രക്കാർ 5,000-ലധികം വിമാനങ്ങളിൽ 59 രാജ്യങ്ങളിലെ 109 വിമാനത്താവളങ്ങളിലേക്ക് പറക്കുമെന്നാണ് ടിക്കറ്റ് ബുക്കിംഗ് കാണിക്കുന്നത്. ജൂൺ 24, 25, ജൂലൈ 2 തീയതികളിൽ 65,000 യാത്രക്കാർ വീതം അബുദാബിയിൽ നിന്ന് വിമാനം കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബായ് ആസ്ഥാനമായുള്ള എയർലൈനായ എമിറേറ്റ്‌സും യാത്രാ തിരക്കിലെ ഏറ്റവും ഉയർന്ന നിരക്ക് ആഴ്ചകളോളം തുടരുമെന്ന് പ്രവചിക്കുന്നു. എമിറേറ്റ്‌സിന്റെ ബുക്കിംഗ് ഡാറ്റ അനുസരിച്ച്, ജൂൺ 24 മുതൽ തുടങ്ങിയ തിരക്ക് ഈദ് അൽ അദ്ഹയ്ക്ക് തൊട്ടുമുമ്പ് വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. തിരക്കേറിയ ദിവസങ്ങളിൽ 80,000-ത്തിലധികം യാത്രക്കാർ ആണ് എമിറേറ്റ്സ് പ്രതീക്ഷിക്കുന്നത്.
ഈദ് അൽ അദ്ഹ അവധിയോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനയിലൂടെയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം കടന്ന് പോകുന്നത്. ജൂൺ 20 മുതൽ തുടങ്ങിയ തിരക്ക് ജൂലൈ 3 വരെ തുടരും. ഈ സമയങ്ങളിൽ വിമാനത്താവളം 3.5 ദശലക്ഷം യാത്രക്കാരെയാണ് സ്വീകരിക്കുന്നത്. ശരാശരി പ്രതിദിന ട്രാഫിക് 252,000 ആണ്. ഏറ്റവും തിരക്കേറിയ ദിവസം ജൂലൈ 2 ആയിരിക്കുമെന്നാണ് പ്രവചനം. ഈ ദിവസം മൊത്തം പ്രതിദിന ട്രാഫിക് 305,000 കടക്കും.
ഷാർജ ഇന്റർനാഷണൽ എയർപോർട്ടിലും ഈ വേനലവധിക്ക് റെക്കോർഡ് തിരക്കാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാൻ ഏറ്റവും മികച്ച ഒരുക്കങ്ങളാണ് വിമാനത്താവളം നടപ്പാക്കിയത്. അവധിക്കാലത്ത് ഷാർജ ഇന്റർനാഷണൽ എയർപോർട്ട് 4 ദശലക്ഷത്തിലധികം യാത്രക്കാരെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചതിനാൽ എല്ലാ വിമാനത്താവളങ്ങളിലും നേരത്തെ എത്തണമെന്ന് നിർദേശമുണ്ട്. നീണ്ട ക്യൂ അനുഭവപ്പെടുന്നതിനാൽ ചെക്ക് ഇൻ ചെയ്യാൻ കൂടുതൽ സമയമെടുക്കും. അതിനാൽ വിമാനം നഷ്ടപ്പെടാനുള്ള സാധ്യത ഒഴിവാക്കാനാണ് നേരത്തെ എത്തണമെന്ന് നിർദേശം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."