ഏക സിവിൽ കോഡ്, ദയവായി ആ ചൂണ്ടയിൽ കൊത്തരുത്
ഡോ.എ.ബി. മൊയ്തീൻ കുട്ടി
2024ലെ പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെയാണ്. അതിനുമുമ്പ് കൊച്ചു തെരഞ്ഞെടുപ്പുകൾ ഏറെ നടക്കാനുണ്ട്. സാമാന്യ ജനം തെരഞ്ഞെടുപ്പിനെ കാണുന്ന വിധത്തിലല്ല ഭരണ-പ്രതിപക്ഷങ്ങൾ. വല്ലഭനു പുല്ലും ആയുധം എന്ന പോലെ രാഷ്ട്രീയ ചാണക്യന്മാർ എന്തും ആയുധമാക്കും. ഇത്തവണ സംഘ് പരിവാറിന്റെ വജ്രായുധം യു.സി.സി എന്ന ഏകീകൃത സിവിൽ കോഡായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഭോപ്പാലിലെ ബി.ജെ.പി ബൂത്തുതല പ്രസംഗത്തോടെ വ്യക്തമായി. അതുണ്ടാക്കുന്ന സാമൂഹിക വിഭജനത്തോടെ പരിപൂർണ സമുദായ ധ്രുവീകരണമാണ് ലക്ഷ്യമെന്നു വിലയിരുത്തപ്പെടുന്നു. മതവിഭജനത്തിലൂടെ ലഭിക്കുന്ന വോട്ടുകൾ വിജയം ഉറപ്പാക്കുമെന്ന കണക്കുകൂട്ടലിലാണ് ബന്ധപ്പെട്ടവർ.
ഒന്നുമില്ലായ്മയിൽനിന്ന് രണ്ടിലേക്കും, പിന്നെ അടിയന്തരാവസ്ഥയ്ക്കുശേഷം ഭരണ പങ്കാളിത്തത്തിലേക്കും തുടർന്നു കൂട്ടുകക്ഷി ഭരണ നേതൃത്വത്തിലേക്കും അവിടന്നങ്ങോട്ട് ഭൂരിപക്ഷ ഭരണത്തിലേക്കും ഭരണത്തുടർച്ചയിലേക്കുമുള്ള സംഘ്പരിവാർ യാത്രയിൽ അവരെ തുണച്ച പ്രതിലോമ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഏക സിവിൽ കോഡ് പ്രഖ്യാപനം. രഥയാത്ര, വർഗീയ കലാപങ്ങൾ, ബാബരി മസ്ജിദ് ധ്വംസനം. അലിഗഡ്-ജാമിഅ മില്ലിയയുടെ ന്യൂനപക്ഷ സ്വഭാവം റദ്ദാക്കൽ, രാമക്ഷേത്രനിർമാണം, ഇറച്ചിക്കച്ചവട വിരുദ്ധത, ഗോരക്ഷ, ഗോവധ നിരോധനം, പൗരത്വ നിയമം, കശ്മിർ വിഭജനം, അനുബന്ധ എപ്പിസോഡുകൾ മുതലായ ആവനാഴിയിൽനിന്ന് പുറത്തെടുത്ത ആയുധങ്ങളിൽ പലതും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചായിരുന്നു എന്ന് തീവ്ര വലതുപക്ഷക്കാർ ഒഴിച്ച് ആരും സമ്മതിക്കും.
എന്തിനേറെ നോട്ടുനിരോധനമെന്ന, മൻമോഹൻ സിങ്ങിന്റെ ഭാഷയിൽ പറഞ്ഞ സംഘടിത കൊള്ളയും നിയമപരമാക്കിയ പിടിച്ചുപറിയും നടന്നപ്പോഴും പറയാതെ പറഞ്ഞത് (മുസ് ലിം) കള്ളപ്പണക്കാരെ പിടിക്കാനെന്ന നിലയിലാണ്.
കേന്ദ്രസർക്കാരിൻ്റെ ഓരോ ചൂണ്ടയിലും മുസ് ലിം സമുദായം പോയി കൊത്തും. സമുദായത്തെ കൊത്തിവലിച്ച് ഭരണകൂടം രാഷ്ട്രീയ മുതലെടുപ്പ് നടത്തും. പിന്നിൽ നിന്നും മുന്നിൽ നിന്നും ഹരം കൂട്ടിയവരും രക്ഷകവേഷം കെട്ടിയവരും നിർണായക ഘട്ടങ്ങളിൽ സഹായത്തിനെത്തണമെന്നില്ല. നടന്നുവരുന്ന നാടകം അതാണ്. നാടകാന്തം ഒഴിവുകഴിവ്. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട്. അതിനാൽ ഏക സിവിൽ കോഡ് ചൂണ്ടയിൽ സമുദായവും മതനിരപേക്ഷ കക്ഷികളും കൊത്താതിരിക്കലാണ് ബുദ്ധി.
പൊതുസമൂഹം വിഷയം കാര്യകാരണ സഹിതം ചർച്ച ചെയ്യുമെങ്കിൽ ചെയ്യട്ടെ. ഏക സിവിൽ കോഡ് വിഷയം മുസ് ലിം പ്രശ്നമായി ചുരുക്കുന്നവർ ഇന്ത്യൻ സാഹചര്യങ്ങൾ അറിയാത്തവരാണെന്ന് പറഞ്ഞ് ഒഴിയാം. അതേസമയം, ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ആ ഗണത്തിലാണെന്നതാണ് സമകാലീന രാഷ്ട്രിയ, സാമൂഹിക ദുരന്തം.
രേഖകൾ നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് രേഖാമൂലം മറുപടി നൽകിയെങ്കിലും ഇന്ത്യയിലെ ആദ്യ നിയമമന്ത്രി ഡോ. ബി.ആർ അംബേദ്‌കർ 1951 ൽവച്ച രാജി രാജിയല്ലാതാകില്ലല്ലോ? അദ്ദേഹം രാജിവച്ച് ഇറങ്ങിപ്പോകുന്ന രാഷ്ട്രീയ സന്ദർഭസ്മരണ സന്ദർഭോചിതമാണെന്നു തോന്നുന്നു. ഹിന്ദു വ്യക്തിനിയമങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനെ അന്നത്തെ രാഷ്ട്രപതി, ഹിന്ദുമഹാസഭ, ആർ.എസ്.എസ് മുതൽ കോൺഗ്രസ് പ്രസിഡന്റ് പി.എസ് രാമ അയ്യർ വരെയുള്ളവർ എതിർക്കുകയും നെഹ്റു തിരുമാനത്തിൽനിന്ന് പിൻമാറുകയും ചെയ്തതായിരുന്നു ആ രാഷ്ട്രീയ സന്ദർഭം.
അന്നു വ്യക്തിനിയമ മാറ്റത്തെ എതിർത്ത സംഘ്പരിവാറാണ് ഇന്ന് വ്യക്തിനിയമ മാറ്റത്തിനുവേണ്ടി ഘോരം ഘോരം വാദിക്കുന്നത്.
ഇന്ത്യയിലെ മറ്റു ഇടങ്ങളിലോ, ഹിന്ദു-ഹിന്ദി ഹൃദയഭൂമികളിലോ മാത്രമല്ല രാഷ്ട്രീയ പ്രബുദ്ധത ഉണ്ടെന്നവകാശപ്പെടുന്ന കേരളത്തിൽ പോലും പല വിഷയങ്ങളും മുസ് ലിംകളിലേക്ക് ന്യൂനീകരിക്കുന്നത് ദൃശ്യമാണ്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സംവരണം ഏർപ്പെടുത്തിയത് ഏറ്റവും പിന്നോക്കക്കാരായ എസ്.സി, എസ്.ടി വിഭാഗത്തിനാണ്. എന്നാലും കേരളത്തിലെ സാമൂഹിക മാധ്യമങ്ങളിൽ പോലും ഇന്നും മുസ് ലിംകൾക്ക് മാത്രമാണ് സംവരണം എന്നു വാദിക്കുന്നവരെ കാണാം. എന്താ മുസ് ലിംകൾക്ക് മാത്രമേ സംവരണമുള്ളൂ എന്നും ഹിന്ദുക്കൾക്ക് ഇല്ലേ എന്നു ചോദിക്കുന്ന നിഷ്കളങ്കരുടെ വിളനിലമായി മാറുകയാണ് കേരളം പോലും. ഒരുപക്ഷേ ഇക്കൂട്ടർ ദലിത് വിഭാഗങ്ങളെ മനസിൽ ഹിന്ദുക്കളായി അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാകാം ഈ ചോദ്യം. ചാതുർവർണ്യത്തിനു പുറത്താണല്ലോ അവർ.
അഖിലേന്ത്യാ തലത്തിൽ വിദ്യാഭ്യാസത്തിനോ തൊഴിലിനോ മുസ് ലിംകൾക്കുവേണ്ടി സംവരണമില്ലന്നതാണ് സത്യം. രാജ്യത്തെ ഈഴവരും അവശ ക്രൈസ്തവരും യാദവരും ഒക്കെ അടങ്ങുന്ന വിവിധ പിന്നോക്ക വിഭാഗങ്ങളായ ഒ.ബി.സികൾക്കാണ് വി.പി സിങ് പിന്നീട് സംവരണം ഏർപ്പെടുത്തിയത്. ആ പിന്നോക്ക വിഭാഗത്തിൽപ്പെട്ട മുസ് ലിംകൾക്കും സംവരണമുണ്ട്. കേരളത്തിൽ മലയാളി മെമ്മോറിയലിലൂടെയും നിവർത്തന പ്രക്ഷേഭത്തിലൂടെയും സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ നേടിയ റിസർവേഷൻ, വിഭാഗം തിരിച്ച സംവരണം ആയതിനാൽ ഈഴവ, തിയ്യ, ലാറ്റിൻ, നാടാർ, മുസ് ലിം, വിശ്വകർമ… എന്നിങ്ങനെ ഒ.ബി.സികൾക്ക് ക്വാട്ടക്കുള്ളിൽ ക്വാട്ടയുണ്ട്. സംവരണം എല്ലാ പിന്നോക്കക്കാർക്കും മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കു ഉണ്ടെങ്കിലും ചർച്ചയിൽ അതു മുസ് ലിംകൾക്ക് മാത്രമായി ന്യൂനീകരിക്കും.
ഉത്തരവാദപ്പെട്ട ബഡാ നേതാക്കൾവരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസംഗത്തെ സന്ദർഭത്തിൽനിന്ന് അടർത്തി 'മുസ് ലിംകളാണ് രാജ്യത്തെ 20% വിഭവത്തിന്റെ നേർ അവകാശികൾ' എന്നാക്കി ദുഷ്പ്രചാരണം നടത്തും.
മൾട്ടിമില്ല്യൻ മാംസവ്യാപാരം നടത്തുന്ന 'അൽ കബീർ' സംഘ്പരിവാർ മാംസ വ്യാപാര മുതലാളിമാരെ മറന്ന് അന്നന്നത്തെ അഷ്ടിക്ക് വക തേടിപ്പോകുന്ന ഇറച്ചി കച്ചവടക്കാരെയോ കാലിയെ കൊണ്ടുപോകുന്നവരെയോ നടുറോട്ടിൽ തല്ലിക്കൊല്ലും. മാംസം സൂക്ഷിച്ചു എന്ന പേരിൽ അഖ്ലാക്കുമാർ മരണം ഉറപ്പാക്കുംവിധം കൊല ചെയ്യപ്പെടും. അഥവ മുസ് ലിം സമം മാംസാഹാരം ഹിന്ദു സമം സസ്യാഹാരം എന്നു ചുരുക്കി പുതിയ സമവാക്യങ്ങൾ നിർമിക്കും.
പ്രധാനമന്ത്രിയുടെ പ്രസ്താവനയിലും മുസ് ലിം സ്ത്രീകളുടെ പ്രശ്നം പരിഹരിക്കാനാണ് ഏക സിവിൽ കോഡ്. അവരെ ബഹുഭാര്യാത്വത്തിൽനിന്ന് രക്ഷിക്കാൻ സംഘ്പരിവാർ പ്രതിജ്ഞാബദ്ധമാണ്. പക്ഷേ ഇന്ത്യയിലെ ബഹുഭാര്യാത്വത്തിലെ ഉള്ളുകള്ളികൾ എന്താണ്? എന്തായാലും 38 ഭാര്യമാരും 89 മക്കളും 36 പേരക്കുട്ടികളുമായി 76 വയസു വരെ സന്തോഷത്തോടെ ജീവിച്ചു മരിച്ച സയോന ഛാന എന്ന ഇന്ത്യക്കാരൻ മുസ് ലിം അല്ല. ഇന്ത്യാ രാജ്യത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം നോക്കുന്ന ഒരു വകുപ്പുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ നാഷനൽ ഫാമിലി ഹെൽത്ത് സർവേ അതിന്റെ ആറാം സൈക്കിളിലാണ്.
15 വർഷത്തെ സർവേ റിപ്പോർട്ട് പഠിച്ച ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് വ്യക്തമാക്കിയതനുസരിച്ച് ഇന്ത്യയിൽ ബഹുഭാര്യാത്വം 2019ൽ 1.4 % ആണ്. 15 വർഷത്തെ കണക്കിൽ 1.9% ആണ് മുസ് ലിം ബഹുഭാര്യാത്വ നിരക്ക്. തൊട്ടുപിന്നാലെ 1.3ശതമാനവുമായി ഹിന്ദുക്കളുണ്ട്. 2.1 ശതമാനം അദർ വിഭാഗമായി ക്രിസ്ത്യാനികളും. എന്നാലും പഴി മുസ്‌ലിംകൾക്ക് മാത്രം! ടൈംസ് ഓഫ് ഇന്ത്യയും ദ പ്രിന്റും വ്യക്തമാക്കുന്നതനുസരിച്ച് ഏതു വിഭാഗത്തിന്റേതായാലും ബഹുഭാര്യാത്വം ഇന്ത്യയിൽ നേർത്തു നേർത്ത് അപ്രത്യക്ഷമാകുകയാണ്.
ബഹുഭാര്യാത്വ നിർമാർജനത്തിനു വേണ്ടിയല്ല വോട്ടിനു വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് എന്നു ചുരുക്കം. അതിനാൽ ബഹുഭാര്യാത്വവും വിവാഹമോചനവും മുസ് ലിം സമൂഹത്തിലേക്ക് ഒതുക്കും. ഇന്ത്യയിൽ വിവാഹവും വിവാഹമോചനവും വ്യക്തിനിയമത്തിന്റെ ഭാഗമാണ്. പക്ഷേ മുത്വലാഖ് വിവാഹ മോചനം, പാർലമെന്റ് പാസാക്കിയ നിയമംമൂലം മുസ് ലിംകൾക്ക് ക്രിമിനൽ കുറ്റമാണ്.
(തുടരും)
Content Highlights:Today's Article About uniform civil code
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."