വൈക്കം മുഹമ്മദ് ബഷീറിനെ 'തീവ്രവാദി'യാക്കി സ്‌കൂളിൽ ചോദ്യാവലി
വൈക്കം മുഹമ്മദ് ബഷീറിനെ 'തീവ്രവാദി'യാക്കി സ്‌കൂളിൽ ചോദ്യാവലി
കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെ തീവ്രവാദിയാക്കിയുള്ള ചോദ്യാവലി സ്‌കൂളിൽ വിതരണം ചെയ്തു. കോഴിക്കോട് ചാലപ്പുറം ഗവ. ഗണപതി ബോയ്‌സ് ഹൈസ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് ബഷീർ ദിനത്തോടനുബന്ധിച്ച് വിവാദപരാമർശമടങ്ങിയ ചോദ്യാവലി നൽകിയത്. ചോദ്യാവലിയിലെ ഒരു ചോദ്യം ബഷീർ തീവ്രവാദ സംഘടനയുടെ മുഖപത്രമായ 'ഉജ്ജീവന'ത്തിൽ ഏതു തൂലികാനാമത്തിലാണ് ലേഖനങ്ങൾ എഴുതിയത് എന്നായിരുന്നു. 'ഉജ്ജീവന'ത്തിന്റെ പ്രസാധകൻ പി.എ സൈനുദ്ദീൻ നൈനയുടെ മകനും മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
തന്റെ പേരമകന്‍ വീട്ടില്‍കൊണ്ടുവന്ന ചോദ്യാവലിയിലാണ് ഇത്തരമൊരു പരാമര്‍ശമുള്ളതെന്നും ആരാണ് ഇത് തയാറാക്കിയതെന്ന് അറിയില്ലെന്നും ജമാല്‍ കൊച്ചങ്ങാടി സമൂഹമാധ്യമ കുറിപ്പില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിഞ്ഞ ശേഷം വൈക്കം മുഹമ്മദ് ബഷീറും പി.എ സൈനുദ്ദീന്‍ നൈനയും ചേര്‍ന്ന് തുടങ്ങിയ ഉജ്ജീവനം പത്രത്തെയാണ് തീവ്രവാദ പത്രമായി വിശേഷിപ്പിക്കുന്നത്. സഹോദരന്‍ അയ്യപ്പന്റെ ഒരു കവിതയുടെ പേരാണ് പത്രത്തിന് നല്‍കിയിരുന്നത്. പശ്ചിമ കൊച്ചിയില്‍ നിന്നാണ് 'ഉജ്ജീവനം' പ്രസിദ്ധീകരിച്ചിരുന്നത്. കണ്ണൂര്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഭഗത് സിങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നതായി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഉജ്ജീവനം പത്രത്തെ തീവ്രവാദമായും അതിന്റെ നടത്തിപ്പുകാരായ വൈക്കം മുഹമ്മദ് ബഷീറിനെയും പി.എ സൈനുദ്ദീന്‍ നൈനയെയും തീവ്രവാദി ചാപ്പ കുത്തുന്നതുമായ ചോദ്യാവലി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ചോദ്യാവലി തയാറാക്കിയത് ആരായാലും 'ഉജ്ജീവനം' പ്രസിദ്ധീകരിച്ച തീവ്രവാദ സംഘടന ഏതെന്ന് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലെങ്കില്‍ നാളെ അത് ഭീകര സംഘടനയായി മാറുമെന്നും ജമാല്‍ കൊച്ചങ്ങാടി വ്യക്തമാക്കി. ബഷീറും സൈനുദ്ദീന്‍ നൈനയും ഭീകരരായി ചിത്രീകരിക്കപ്പെടും. അത് തടയാന്‍ സാംസ്‌കാരിക കേരളം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇന്ന് എല്ലായിടങ്ങളിലും ബഷീര്‍ ഓര്‍മദിനങ്ങള്‍ നടക്കുന്നുണ്ടല്ലോ. അവിടെയെല്ലാം പ്രതിഷേധം ഉയരണമെന്നും അദ്ദേഹം സമൂഹമാധ്യമ കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."