ഗീതക്കും വിഷ്ണുവിനും മാംഗല്യം; നടത്തിപ്പുകാരായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍, ആശിര്‍വാദങ്ങളുമായി സാദിഖലി തങ്ങള്‍ ഉള്‍പെടെ നേതാക്കള്‍
ഗീതക്കും വിഷ്ണുവിനും മാംഗല്യം; നടത്തിപ്പുകാരായി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍, ആശിര്‍വാദങ്ങളുമായി സാദിഖലി തങ്ങള്‍ ഉള്‍പെടെ നേതാക്കള്‍
വേങ്ങര: പാലക്കാട്ടുകാരി ഗീതക്കും കോഴിക്കോട്ടുകാരന്‍ വിഷ്ണുവിനും മലപ്പുറത്തിന്റെ മണ്ണില്‍ മാംഗല്യം. വിവാഹപ്പുടവയും സ്വര്‍ണവും മുതല്‍ പന്തലും ,സദ്യയും വരെ ഒരുക്കിയത് സ്ഥലത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍.ആശിര്‍വാദം ചൊരിയാനെത്തിയത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പെടെ നേതാക്കള്‍. വിദ്വേഷക്കഥകള്‍ ഏറെ പ്രചരിക്കുന്നൊരു കാലത്ത് നന്മയൂറുന്നൊരു സ്‌നേഹനിമിഷം കണ്‍തുറന്നപ്പോള്‍ പ്രക്ൃതിപോലും പ്രാര്‍ത്ഥനയില്‍ നിറഞ്ഞിരിക്കണം. കണ്ണും മനസ്സും നിറഞ്ഞൊഴുകിയ സന്തോഷങ്ങളായിരിക്കും അവര്‍ക്കു മേല്‍ പൂക്കളായി പെയ്തിറങ്ങിയത്.
വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്മാനര്‍ അഗതിമന്ദിരത്തില്‍ താമസിക്കുന്ന പാലക്കാട് ആലത്തിയൂര്‍ സ്വദേശിയാണ് ഗീത. കുന്ദമംഗലം സ്വദേശിയാണ് വിഷ്ണു. എളമ്പിലാക്കാണ് ആനന്ദ് നമ്പൂതിരി ചടങ്ങിനു കാര്‍മികത്വം വഹിച്ചു. വേങ്ങര ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റിയാണ് ഇരുവരുടേയും വിവാഹത്തിനു നേതൃത്വംനല്‍കിയത്. കൂടെ നാട്ടുകാരും ചേര്‍ന്നപ്പോള്‍ വിവാഹം കെങ്കേമമായി.
കല്യാണക്കത്തടിച്ച് നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ചിരുന്നു. വിവാഹത്തിനുള്ള പുടവ, പൂമാല, താലിക്കും മാലയ്ക്കുമുള്ള സ്വര്‍ണം, കല്യാണ സദ്യ എന്നിവയെല്ലാം പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. പിതാവ് ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 10 വര്‍ഷത്തോളമായി അമ്മ സുന്ദരിക്കൊപ്പം റോസ്മാനറിലാണ് ഗീത. കഴിഞ്ഞ സെപ്റ്റംബറില്‍ ഗീതയുടെ സഹോദരി ഗിരിജയുടെ വിവാഹവും ഇവര്‍ സമാനരീതിയില്‍ നടത്തിയിരുന്നു.
സ്ഥാപനത്തിലെ മുഴുവന്‍ അന്തേവാസികള്‍ക്കും യൂത്ത്‌ലീഗ് കമ്മിറ്റിയാണ് ഭക്ഷണം നല്‍കുന്നത്. ടി.വി. അഹമ്മദ്, മജീദ് കുഴിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഫത്താഹ്, ടി.പി. അനീസ്, ഇ.കെ. മുസ്തഫ, പി. അബ്ദുസലാം, സൂപ്രണ്ട് ബി. ധന്യ തുടങ്ങിയവരാണ് കല്യാണത്തിന് നേതൃത്വംനല്‍കിയത്.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ., മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ. സലാം, പി.കെ. അസ്‌ലു, എ.പി. ഉണ്ണിക്കൃഷ്ണന്‍, എ.കെ.എ. നസീര്‍, പി.പി. സഫീര്‍ ബാബു, ശരീഫ് കുറ്റൂര്‍, പി.കെ. ഹസീനാ ഫസല്‍, എന്‍.ടി. അബ്ദുല്‍നാസര്‍, പി.കെ. അലി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."