ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ഇന്ന് കോഴിക്കോട്; സമസ്‌ത നേതാക്കൾ പങ്കെടുക്കും
ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ഇന്ന് കോഴിക്കോട്; സമസ്‌ത നേതാക്കൾ പങ്കെടുക്കും
കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയമായ ഏക സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാർ ഇന്ന് നടക്കും. കോഴിക്കോട് സ്വപ്ന നഗരി ട്രേഡ് സെന്ററിൽ വൈകീട്ട് 4 മണിക്ക് തുടങ്ങുന്ന സെമിനാർ സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. ഏക സിവിൽ കോഡിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സമസ്‌ത നേതാക്കളും സെമിനാറിൽ പങ്കെടുക്കും.
സമസ്ത മുശാവറ അംഗങ്ങളായ ഉമർഫൈസി, പി.എം അബ്ദുസലാം ബാഖവി എന്നിവർ സമസ്തയുടെ പ്രതിനിധികളായി സെമിനാറിൽ സംബന്ധിക്കും. സെമിനാറില്‍ എം.വി ഗോവിന്ദന്‍, എളമരം കരീം, ഇ കെ വിജയന്‍, ജോസ് കെ മാണി തുടങ്ങി എല്‍ ഡി എഫ് നേതാക്കള്‍ സംസാരിക്കും. ക്രൈസ്തവ - ദളിത് സംഘടനകളുടെ നേതാക്കളും സെമിനാറിന്റെ ഭാഗമാകും.
സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഏക സിവില്‍ കോഡ് നടപ്പാക്കാനുളള നീക്കത്തിനെതിരായ യോജിച്ചുളള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സെമിനാർ സംഘാടകർ അറിയിച്ചു.
അതേസമയം, ഏക സിവിൽ കോഡ് വിഷയത്തിൽ എല്ലാ കക്ഷികളുമായും സഹകരിക്കുമെന്ന് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. സിപിഎമ്മിന് പുറമെ കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ കക്ഷികളുമായി സഹകരിക്കുമെന്ന് സമസ്തയുടെ സ്‌പെഷ്യൽ കൺവെൻഷനിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."