ജെയ്ഷ ആരോപണങ്ങള്‍ ഉന്നയിക്കുന്നു
റിയോയിലെ തോല്‍വി മറയ്ക്കാനെന്ന് അഖിലേന്ത്യാ അത്‌ലറ്റിക്ക് ഫെഡറേഷന്‍
ന്യൂഡല്‍ഹി: ഒളിംപിക് മാരത്തണില്‍ മലയാളി താരം ഒ.പി ജെയ്ഷയ്ക്ക് നേരിടേണ്ടി വന്ന ദുരിതത്തില്‍ വിവാദം പുകയുന്നു. 42 കിലോമീറ്റര്‍ മത്സരത്തില്‍ തനിക്ക് വെള്ളം തരാന്‍ ഇന്ത്യന്‍ സംഘത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് ജെയ്ഷയുടെ വാദം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ ഇടവിട്ട് വെള്ളവും ബിസ്‌കറ്റുകളും ജെല്ലുകളും നല്‍കുമ്പോള്‍ തനിക്ക് വെള്ളം പോലും ലഭിച്ചില്ലെന്നും ഫിനിഷിങ് പോയിന്റില്‍ തളര്‍ന്നു വീഴുകയായിരുന്നു താനെന്നും ജെയ്ഷ ആരോപിച്ചിരുന്നു.
എന്നാല്‍ അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ സെക്രട്ടറി സി.കെ വല്‍സന്‍ ജെയ്ഷയുടെ വാദം തള്ളി. ഒളിംപിക്‌സിലെ ദയനീയ പ്രകടനം മറയ്ക്കാനാണ് ജെയ്ഷ ഇത്തരം പൊള്ളയായ ആരോപണങ്ങള്‍ അസോസിയേഷനെതിരേയും സര്‍ക്കാരിനെതിരേയും ഉന്നയിക്കുന്നതെന്ന് വല്‍സന്‍ പറഞ്ഞു. മാരത്തണില്‍ വളരെ പ്രതീക്ഷയുള്ള താരമായിരുന്നു ജെയ്ഷ. എന്നാല്‍ അവര്‍ക്ക് കഴിവിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല. ഇതിനു അസോസിയേഷനെ കുറ്റം പറഞ്ഞ് രക്ഷപ്പെടുകയാണ്. ഇന്ത്യയുടെ ഒളിംപിക് സംഘാടക സമിതിയാണ് താരങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ നല്‍കേണ്ടത്.
അവരത് ഭംഗിയായി ചെയ്തിട്ടുണ്ട്. എല്ലാ ഇടങ്ങളിലും ഇതിനു വേണ്ട സൗകര്യങ്ങളുണ്ടായിരുന്നു.
ഓരോ താരങ്ങള്‍ക്കും സംഘടന നല്‍കുന്നതിനു പുറമേ പരിശീലകരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത് ഊര്‍ജദായക പാനീയങ്ങളും നല്‍കിയിരുന്നുവെന്ന് വല്‍സന്‍ വ്യക്തമാക്കി. ഇക്കാര്യം താന്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറ്റൊരു മാരത്തണ്‍ താരം കവിത റൗട്ട് വിഭിന്നമായ അഭിപ്രായമാണ് പറഞ്ഞത്. തനിക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിരുന്നെന്നും അഖിലേന്ത്യാ അത്‌ലറ്റിക് ഫെഡറേഷന്‍ തങ്ങള്‍ക്ക് നല്‍കിയ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും കവിത വ്യക്തമാക്കി. എന്നാല്‍ അസോസിയേഷന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷമായിട്ടാണ് ജെയ്ഷ പ്രതികരിച്ചത് എന്തിന് താന്‍ ഇക്കാര്യത്തില്‍ നുണ പറയണം.
അവിടെ വെള്ളമോ മറ്റു കാര്യങ്ങളോ ഇല്ലായിരുന്നു. ഇക്കാര്യത്തില്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെയോ മറ്റു സംഘടനകളെയോ കുറ്റപ്പെടുത്താനില്ല. സത്യാവസ്ഥ തനിക്കും ദൈവത്തിനും മാത്രമേ അറിയൂ.
ആദ്യ 21 കിലോമീറ്ററിനു ശേഷം വെള്ളം ലഭിക്കാതെ തകര്‍ന്നു പോയി. ഒരടി പോലും നടക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നു ജെയ്ഷ പറഞ്ഞു. ഈ വിഷയത്തില്‍ അന്വേഷണം ആവശ്യമാണെന്നും താരം പറഞ്ഞു.
രൂക്ഷവിമര്‍ശനവുമായി ജെ.ഡി.യു
ന്യൂഡല്‍ഹി: ഒ.പി ജെയ്ഷയ്ക്ക് സംഭവിച്ച ദുരിതം കേന്ദ്ര സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്ന് ജനതാദള്‍ യുനൈറ്റഡ്. ഇത്തരത്തിലാണ് കേന്ദ്രം കായിക താരങ്ങളോട് പെരുമാറുന്നതെങ്കില്‍ ദയനീയമെന്ന് മാത്രമേ പറയാനാവൂവെന്ന് ജെ.ഡി.യു നേതാവ് അജയ് അലോക് പറഞ്ഞു. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണം. രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന ഓരോ താരങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരാണെന്നും അലോക് കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരേ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. റിയോയില്‍ കേന്ദ്ര സര്‍ക്കാരും കായിക മന്ത്രാലയവും മികച്ച പിന്തുണയാണ് നല്‍കിയതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ജെയ്ഷയുടെ ആരോപണങ്ങളോടെ ഈ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ശരത് യാദവ് പറഞ്ഞു.
കായിക മന്ത്രിക്ക് ഇടത് എം.പിമാരുടെ കത്ത്
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ ഒ.പി ജെയ്ഷക്കുണ്ടായ ദുരനുഭവം മനുഷ്യാവകാശ ലംഘനമാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം.പിമാര്‍ കേന്ദ്ര കായിക മന്ത്രിക്കു കത്തയച്ചു.
ഒഫിഷ്യലുകളെന്ന പേരില്‍ താരങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ ഒളിംപിക്‌സിനു പോയിട്ടും താരങ്ങള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ലഭ്യമാക്കാന്‍ ആരുമുണ്ടായില്ലെന്ന് എം.പിമാരായ എ സമ്പത്ത്, പി.കെ ശ്രീമതി എന്നിവര്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത്‌ലറ്റിക്ക് ഫെഡറേഷനും കായിക മന്ത്രാലയം നല്‍കുന്ന വിശദീകരണത്തില്‍ വൈരുധ്യമുണ്ട്. അതു മുഖവിലക്കെടുക്കാനാവില്ല. കായിക മേഖലയെ നശിപ്പിക്കുന്ന ഇത്തരക്കാര്‍ക്കെതിരേ നടപടികളുണ്ടാകണം.
ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കായിക താരങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ ഒടുവിലത്തെ ഉദാഹരമാണിതെന്നും എം.പിമാര്‍ പറഞ്ഞു.
അന്വേഷണത്തിന്
രണ്ടംഗ സമിതി
ന്യൂഡല്‍ഹി: ഒളിംപിക്‌സ് മാരത്തണില്‍ ഓടിത്തളര്‍ന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ഒഫിഷ്യലുകള്‍ വെള്ളം പോലും നല്‍കിയില്ലെന്ന പരാതി രണ്ടംഗ സമിതി അന്വേഷിക്കും. പരാതി ഉന്നയിച്ച മലയാളി താരം ഒ.പി ജെയ്ഷയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയമാണ് രണ്ടംഗ സമിതിയെ നിയോഗിച്ചത്.
കായിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഓങ്കാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണര്‍ എന്നിവരാണ് ജെയ്ഷയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുക. ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നിര്‍ദേശം നല്‍കി.
വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണമെന്നു പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."