'തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകും, ഇത് എന്റെകൂടി പാര്‍ട്ടി'; വിമര്‍ശനങ്ങള്‍ക്ക് ശോഭാ സുരേന്ദ്രന്റെ മറുപടി
'തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകും, ഇത് എന്റെകൂടി പാര്‍ട്ടി'; വിമര്‍ശനങ്ങള്‍ക്ക് ശോഭാ സുരേന്ദ്രന്റെ മറുപടി
കോഴിക്കോട്: പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും ശോഭാ സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. തനിക്ക് അവസരം നല്‍കുന്നതിനെ ചൊല്ലി ബിജെപിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കത്തേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.
'ഇത് എന്റെ കൂടി പാര്‍ട്ടിയാണ്. അല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാം', ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ കേരളത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ഞാന്‍. അത് തുടരുകയും ചെയ്യും. ഇനി ഞാന്‍ റോഡിലാണ്, ബൂത്തുതല പ്രവര്‍ത്തകരോടൊപ്പമാണ്, നമുക്ക് കാണാമല്ലോ', ശോഭ പറഞ്ഞു.
നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ കോഴിക്കോട്ട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് BJP KOZHIKODE DIST എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് നേരത്തെ തര്‍ക്കം നടന്നത്. സംഘടനയുടെ അച്ചടക്കം പാലിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ നേതാവിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമോ? എതിരാളികള്‍ക്ക് അടിക്കാനുള്ള വടികൊടുക്കുകയും പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന നേതാക്കളെ നാം എന്തിന് കൊണ്ടുനടക്കണം.. എന്നൊക്കെയാണ് ഗ്രൂപ്പില്‍ വന്ന അഭിപ്രായങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."