മണിപ്പൂരിന് നീതി ലഭിക്കാന്‍ രാവുറങ്ങാതെ പ്രതിഷേധിച്ച് 'ഇന്‍ഡ്യ' (I.N.D.I.A) എം.പിമാര്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ അതിക്രമത്തില്‍ പ്രതിപക്ഷ എം.പിമാരുടെ സമരം തുടരുന്നു. പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്കു കീഴെയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്നത്. രണ്ടു മാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസാരിക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിയായ ' ഇന്‍ഡ്യ' ആവശ്യപ്പെടുന്നത്. പാര്‍ട്ടികളുടെ മുന്നണി രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. കഴി#്ഞ ദിവസം രാത്ര് വൈകിയും എം.പിമാര്‍ പ്രതിഷേധം തുടര്‍ന്നു.
മണിപ്പൂര്‍ സംഭവത്തിലെ പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച എം.പിമാര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം എന്തുകൊണ്ടാണ് അനുവദിക്കാത്തതെന്ന് മനസ്സിലാകുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. നിര്‍ണായക വിഷയത്തിലെ ചര്‍ച്ചയുമായി സഹകരിക്കാന്‍ എല്ലാ അംഗങ്ങളോടും ആവശ്യപ്പെടുന്നതായും അമിത് ഷാ പറഞ്ഞു. പാര്‍ലമെന്റ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുമായി ടെലിഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ ഉള്‍പ്പെടെയുള്ളവരുമായിട്ടാണ് രാജ്‌നാഥ് സിങ് ആശയവിനിമയം നടത്തിയത്. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സഹകരിക്കണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു. മണിപ്പൂര്‍ സംഭവം തീര്‍ച്ചയായും വളരെ ഗൗരവമുള്ള വിഷയമാണ്. സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് പറഞ്ഞു. കേന്ദ്രമന്ത്രി രാം മേഘ് വാള്‍ പ്രതിപക്ഷ നേതാക്കളെ കണ്ട് സഹകരണം ആവശ്യപ്പെട്ടു.
മണിപ്പൂര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളും പലതവണ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് മറ്റു നടപടികളിലേക്ക് കടക്കാനാവാതെ ഇന്നലെത്തേക്ക് പിരിഞ്ഞു. രാവിലെ പതിനൊന്നു മണിക്ക് ചേര്‍ന്നപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഉച്ചയ്ക്ക് 12 മണി വരെയും പിന്നീട് ഉച്ചയ്ക്ക് 2 മണി വരെയും ശേഷം മൂന്ന് മണി വരെയും നിര്‍ത്തിവച്ചു. മൂന്ന് മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലത്തേക്ക് പിരിഞ്ഞു. അതിനിടെ ആംആദ്മി അംഗം സഞ്ജയ് സിങിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത അധ്യക്ഷന്റെ നടപടി പ്രതിപക്ഷത്തെ രോഷാകുലരാക്കി. മണിപ്പൂര്‍, ഡല്‍ഹി സര്‍വിസ് ഓര്‍ഡിനന്‍സ് വിഷയങ്ങളില്‍ രാജ്യസഭാ അധ്യക്ഷന്റെ നിര്‍ദേശം തുടര്‍ച്ചയായി ലംഘിച്ചുവെന്നാരോപിച്ചാണ് സഞ്ജയ് സിങിനെ ഈ സമ്മേളന കാലയളവിലേക്ക് സസ്‌പെന്‍ഡ് ചെയ്തത്. കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ഇതിനായി പ്രമേയം അവതരിപ്പിച്ചു. ലോക്‌സഭയില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയിട്ടും പ്രതിഷേധം അടങ്ങിയില്ല. സഭ ചേരുന്നതിനു മുമ്പ് പ്രധാനമന്ത്രിയുടെ പ്രതികരണം ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യം പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇരട്ട എന്‍ജിന്‍ സര്‍ക്കാറിന്റെ കഴിവില്ലായ്മയാണ് മണിപ്പൂരില്‍ കാണുന്നതെന്ന് തൃണമൂല്‍ അംഗം അഭിഷേക് ബാനര്‍ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."