'വോട്ടര്‍മാര്‍ക്ക് ഓരോ കിലോ ആട്ടിറച്ചി വരെ നല്‍കിയിട്ടുണ്ട്, എന്നിട്ടും തോറ്റു പോയി' തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ജനങ്ങളുടെ വിശ്വാസം നേടണമെന്ന് നിതിന്‍ ഗഡ്കരി
'വോട്ടര്‍മാര്‍ക്ക് ഓരോ കിലോ ആട്ടിറച്ചി വരെ നല്‍കിയിട്ടുണ്ട്, എന്നിട്ടും തോറ്റു പോയി' തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ ജനങ്ങളുടെ വിശ്വാസം നേടണമെന്ന് നിതിന്‍ ഗഡ്കരി
നാഗ്പൂര്‍: ജനങ്ങളെ സ്‌നേഹിച്ചും അവരില്‍ വിശ്വാസം വളര്‍ത്തിയുമാണ് തെരഞ്ഞെടുപ്പുകള്‍ ജയിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രിയും ബി.ജെ.പി മുന്‍ ദേശീയ പ്രസിഡന്റുമായ നിതിന്‍ ഗഡ്കരി. ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചോ മട്ടണ്‍ പാര്‍ട്ടികള്‍ നടത്തിയോ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയില്ലന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. വോട്ടര്‍മാരെ സ്വാധീനിക്കാനായി 'വോട്ടിന് മട്ടന്‍' അനുഭവവും ഗഡ്കരി പറഞ്ഞു. ഞായറാഴ്ച നാഗ്പൂരില്‍ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്‌സ് കൗണ്‍സില്‍ (എം.എസ്.ടി.സി) ചടങ്ങില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഒരു കിലോ ആട്ടിറച്ചി വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്തിട്ടും താന്‍ ഒരു തെരഞ്ഞെടുപ്പില്‍ തോറ്റതെങ്ങനെയെന്ന് മന്ത്രി വിശദീകരിച്ച മന്ത്രി വോട്ടര്‍മാര്‍ വളരെ മിടുക്കരാണെന്നും എല്ലാ സ്ഥാനാര്‍ത്ഥികളില്‍ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാല്‍ അവര്‍ക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രം വോട്ട് ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.
'പോസ്റ്ററുകള്‍ ഒട്ടിച്ചും പാരിതോഷികം നല്‍കിയും ആളുകള്‍ പലപ്പോഴും തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നു. എന്നാല്‍, ഞാന്‍ അത്തരം തന്ത്രങ്ങളില്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഒരിക്കല്‍ ഒരു പരീക്ഷണം നടത്തി, എല്ലാ വോട്ടര്‍മാര്‍ക്കും ഒരോ കിലോ ആട്ടിറച്ചി നല്‍കി. പക്ഷേ ആ തെരഞ്ഞെടുപ്പില്‍ ഞാന്‍ തോറ്റു, വോട്ടര്‍മാര്‍ വളരെ മിടുക്കരാണ്' നിതിന്‍ ഗഡ്കരി പറഞ്ഞു. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്നതിന് പകരം ജനഹൃദയത്തില്‍ വിശ്വാസവും സ്‌നേഹവും സൃഷ്ടിച്ചാല്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും പണം ചെലവഴിക്കാതെ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സികള്‍ എന്നിങ്ങനെ വിവിധ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട് ആളുകള്‍ പലപ്പോഴും തന്നെ സമീപിക്കാറുണ്ട്. ഇതല്ലെങ്കില്‍, മെഡിക്കല്‍ കോളജുകളോ എഞ്ചിനീയറിങ് കോളജുകളോ ബി.എഡ് കോളജുകളോ പ്രൈമറി സ്‌കൂളുകളോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ചിലര്‍ സമീപിക്കുന്നു. അധ്യാപകരുടെ ശമ്പളത്തിന്റെ പകുതി ലഭിക്കാനാണിത്. ഇത്തരം ആവശ്യങ്ങളുമായി നടന്നാല്‍ നമുക്ക് രാജ്യത്ത് നല്ല മാറ്റം കൊണ്ടുവരാന്‍ കഴിയില്ല' ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."