ഒമാനില്‍ പ്രവാസികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്
മസ്ക്കത്ത്: ഒമാനിലെ പ്രവാസി ജനസംഖ്യയില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് ഒമാനിലെ പ്രവാസി ജനസംഖ്യ 20.6 ലക്ഷം കടന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് ഒമാനികളുടെ എണ്ണം 28.6 ലക്ഷമാണെന്നും പ്രസ്തുത സര്‍വ്വേ പറയുന്നുണ്ട്. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസി ജനസംഖ്യയിലെ വര്‍ദ്ധനവ് വ്യക്തമായി കാണാന്‍ സാധിക്കുന്നതാണ്.2022 അവസാനം വരെയുള്ള കണക്കുകൾ പ്രകാരം തലസ്ഥാന ഗവർണറേറ്റിൽ ഒമാനികളേക്കാൾ പ്രവാസി ജനസംഖ്യ കൂടുതലാണെന്ന് എൻ.സി.എസ്.ഐ റിപ്പോർട്ട് പറയുന്നു. ഗവർണറേറ്റിലെ ആകെ പ്രവാസികൾ 8.37 ലക്ഷമാണ്. ഇവിടെ രജിസ്റ്റർചെയ്ത ഒമാനികളുടെ എണ്ണം 5.63 ലക്ഷവുമാണ്.
ഇതുപ്രകാരം ഗവർണറേറ്റിലെ പ്രവാസി ജനസംഖ്യ ഒരു വർഷത്തിനിടെ ഏകദേശം 80,000 വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രവാസി ജനസംഖ്യ വടക്കൻ ബാത്തിന ഗവർണറേറ്റിലാണ്. റിപ്പോർട്ട് പ്രകാരം ഇവിടെ 2.95 ലക്ഷം പ്രവാസികളുണ്ട്. 2021ൽ വടക്കൻ ബാത്തിനയിൽ 2.31 ലക്ഷം മാത്രമായിരുന്നു എണ്ണം. ഇവിടെ സ്വദേശി ജനസംഖ്യ മസ്കത്തിനേക്കാൾ കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്; 5.76 ലക്ഷമാണിത്.
മസ്കത്തിലെ ബൗഷർ വിലായത്തിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവിടെ പ്രവാസികളുടെ എണ്ണം 3.19 ലക്ഷമാണ്. ഏറ്റവും കൂടുതൽ സ്വദേശികൾ സീബ് വിലായത്തിലാണുള്ളത്.ഇവിടെ ആകെ 2.68 ലക്ഷം ഒമാനികളാണ് രജിസ്റ്റർ ചെയ്തതെന്ന് ഇയർ ബുക്ക് പറയുന്നു. മസ്കത്ത് ഗവർണറേറ്റിൽ ജനസംഖ്യ വിടവ് ഏറ്റവും കൂടുതൽ ബൗഷർ വിലായത്തിലും മത്ര വിലായത്തിലുമാണ്. ബൗഷറിൽ 2.27 ലക്ഷവും മത്രയിൽ 1.43 ലക്ഷവും പ്രവാസികൾ പൗരന്മാരേക്കാൾ കൂടുതലായുണ്ട്.
വളർന്നുവരുന്ന പ്രദേശമായ അൽ അമീറാത്ത് വിലായത്തിൽ പ്രവാസികളേക്കാൾ കൂടുതൽ ഒമാനികളുണ്ട്. വിലായത്തിൽ 93,555 ഒമാനികളും 46,200 പ്രവാസികളുമാണുള്ളത്. തീരദേശ നഗരമായ ഖുറിയാത്തിൽ 49,001 ഒമാനികളും 14,005 പ്രവാസികളുമാണുള്ളത്. പുതിയ ബഹുനില കെട്ടിടങ്ങളുടെ വലിയ ലഭ്യത, താങ്ങാനാവുന്ന വാടക, മാളുകൾ, മാർക്കറ്റ്, ജോലി സ്ഥലങ്ങൾ എന്നിവയുടെ സാമീപ്യമാണ് ബൗഷർ വിലായത്ത് പ്രവാസികളുടെ പ്രധാന ലക്ഷ്യസ്ഥാനമാകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights:expatriate population has increased in oman;reports
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."