എ.സി. മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; നടത്തിയത് 22 മണിക്കൂര്‍ നീണ്ട പരിശോധന
എ.സി. മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു; നടത്തിയത് 22 മണിക്കൂര്‍ നീണ്ട പരിശോധന
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ എ.സി. മൊയ്തീന്റെ വീട്ടിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ 7.30ന് ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അവസാനിച്ചത്. പരിശോധന 22 മണിക്കൂര്‍ നീണ്ടു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപു്‌പെട്ട കേസിലായിരുന്നു റെയ്ഡ്. അതേസമയം, എ.സി. മൊയ്തീന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയേക്കും. വടക്കാഞ്ചേരിയിലെ മൊയ്തീന്റെ വീട്ടിലടക്കം നടത്തിയ പരിശോധനക്ക് പിറകെയാണ് തുടര്‍നടപടികള്‍ ആലോചിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ലഭ്യമായ തെളിവുകളില്‍ വ്യക്തത വരുത്തും. വായ്പയെടുത്തവര്‍ മുന്‍ മന്ത്രിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന വിവരമാണ് ഇ.ഡിക്ക് ലഭിച്ചിട്ടുള്ളത്. റെയ്ഡ് പുരോഗമിക്കവെ പരാതിക്കാരനും കരുവന്നൂര്‍ ബാങ്കിലെ മുന്‍ എക്സ്റ്റന്‍ഷന്‍ ശാഖ മാനേജറുമായ എം.വി. സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയതാണ് വിവരം. മുമ്പ് നാലുവട്ടം സുരേഷിന്റെ മൊഴി രേഖപ്പെടുത്തിയതാണ്.
2021 ജൂലൈയിലാണ് കരുവന്നൂര്‍ തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. ആഗസ്റ്റിലാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബാങ്കില്‍ ഈടില്ലാതെ വായ്പകള്‍ക്ക് അംഗീകാരം നല്‍കിയതായാണ് കണ്ടെത്തല്‍. ബാങ്കിന്റെ സൊസൈറ്റി അംഗങ്ങള്‍ അറിയാതെ വായ്പകള്‍ അംഗീകരിക്കുകയും തുക വിതരണം ചെയ്യുകയും ചെയ്തുവെന്നും കണ്ടെത്തലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. 300 കോടിയുടെ തട്ടിപ്പ് നടന്നെന്ന ആക്ഷേപമുയര്‍ന്ന, കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് എ.സി. മൊയ്തീന് അറിവുണ്ടായിരുന്നെന്നും ബന്ധുക്കള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
125 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം 18 പേരാണ് കേസിലെ പ്രതികള്‍. കള്ളപ്പണം, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതികളാണ് മൊയ്തീനെതിരെയുള്ളത്. ക്രമക്കേട് ഉയര്‍ന്ന കാലത്ത് പാര്‍ട്ടി ജില്ല സെക്രട്ടറിയായിരുന്നു മൊയ്തീന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."