സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്.
സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരവുമാണ്. ഏകദിനത്തില്‍ 239 വിക്കറ്റുകള്‍ നേടി. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി.
1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളെയും പരിശീലിപ്പിച്ചു.
2021ല്‍ ഐ.സി.സിയുടെ അഴിമതി വിരുദ്ധ കോഡുകള്‍ ലംഘിച്ചതിന് സ്ട്രീക്കിന് എട്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഈ വര്‍ഷം ആദ്യമാണ് അര്‍ബുദ ബാധിതനായി ഹീത്ത് സ്ട്രീക്ക് ചികിത്സയിലാണെന്ന കാര്യം താരത്തിന്റെ കുടുംബം വെളിപ്പെടുത്തിയത്. ഹീത്ത് അര്‍ബുദ ബാധിതനാണെന്നും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഓങ്കോളജിസ്റ്റിനു കീഴില്‍ ചികിത്സയിലാണെന്നും അന്ന് കുടുംബം അറിയിച്ചിരുന്നു.
താരത്തിന്റെ നിര്യാണത്തില്‍ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."