അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം; നടക്കുന്നത് തരംതാണ നീക്കം, പുതുപ്പള്ളിയില്‍ ഇതൊന്നും വിലപ്പോവില്ലെന്ന് ചെന്നിത്തല
പുതുപ്പള്ളിയില്‍ ഇതൊന്നും വിലപ്പോവില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം പ്രചാരണങ്ങള്‍ എന്തിനു വേണ്ടിയാണ് നടത്തുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. സിപിഐഎം നേതൃത്വം ഇടപെട്ട് ഇവ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പേരുപയോഗിച്ച് ഒന്നും നേടാത്ത ആളാണ് അച്ചു ഉമ്മന്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിലും ഇടപെടാത്ത അച്ചു ഉമ്മനെ അപമാനിക്കാനുള്ള ബോധപൂര്‍വമായ നീക്കം പ്രതിഷേധാര്‍ഹമായ കാര്യമാണ്. ഇത് തുടരാന്‍ പാടില്ല, പൊതുസമൂഹം വിലയിരുത്തണം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സൈബര്‍ സഖാക്കളോട് ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സിപിഐഎം ആവശ്യപ്പെടണം. ഇതൊക്കെ തരം താണ പ്രവര്‍ത്തനമാണ്. ഇതുകൊണ്ടൊന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണമുണ്ടാവില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ തന്റെ കരിയറുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍ക്ക് അച്ചു ഉമ്മന്‍ മറുപടി നല്‍കി. സ്‌നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയ്ക്ക് ലഭിച്ചത്. ഇതില്‍ വളരെയധികം അസ്വസ്ഥരായ അല്ലെങ്കില്‍ വെറിപൂണ്ട ഒരുപാട് വ്യക്തികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഒളിവിലും മറവിലും നില്‍ക്കുന്നവര്‍ക്കെതിരെ എങ്ങിനെ നിയമനടപടിയെടുക്കാന്‍ സാധിക്കും. പച്ച നുണകള്‍ പറഞ്ഞുകൊണ്ടാണ് ഈ വേട്ടയാടല്‍. ഇതെല്ലാം ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പുതുപ്പള്ളിക്കാരുടെ മനസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയ്‌ക്കോ സ്‌നേഹത്തിനോ കറപിടിപ്പിക്കാനൊന്നും സാധിക്കില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."