'ചന്ദ്രയാൻ മാത്രമല്ല ഭൂമിയിലെ ചന്ദ്രനും സ്റ്റാറാണ്'; ദുബൈയിലൊരുങ്ങുന്ന ആഡംബര റിസോർട്ടിന്റെ വിശേഷങ്ങളറിയാം
'ചന്ദ്രയാൻ മാത്രമല്ല ഭൂമിയിലെ ചന്ദ്രനും സ്റ്റാറാണ്'; ദുബൈയിലൊരുങ്ങുന്ന ആഡംബര റിസോർട്ടിന്റെ വിശേഷങ്ങളറിയാം
ദുബൈ: ഇന്ത്യയിലിപ്പോൾ ചന്ദ്രയാന്റെ വിശേഷമാണ് എങ്ങോട്ട് തിരിഞ്ഞാലും. ചന്ദ്രയാൻ 3 നേടിയ ചരിത്ര വിജയം അത്രത്തോളം ഇന്ത്യൻ ജനതയെ ആവേശത്തിലാക്കിയിട്ടുണ്ട്. എന്നാൽ ദുബൈ നിവാസികളെയും വിനോദ സഞ്ചാരികളെയും ആവേശത്തിലാക്കിയ മറ്റൊരു ചന്ദ്രൻ കൂടിയുണ്ട്. ഭൂമിയിലേക്ക് ഇറങ്ങിവരുന്ന ചന്ദ്രൻ ഒരുങ്ങുന്നത് നിർമിതികൾ കൊണ്ട് എന്നും ലോകത്തെ ഞെട്ടിക്കുന്ന ദുബൈയുടെ മണ്ണിലാണ്. 5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പ്രാരംഭഘട്ടത്തിലാണ്.
മൂൺ ദുബൈ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന കനേഡിയൻ ആർക്കിടെക്‌ചറൽ കമ്പനിയായ മൂൺ വേൾഡ് റിസോർട്ട്‌സ് ആണ്. ഡെസ്റ്റിനേഷൻ റിസോർട്ടായാണ് മൂൺ ദുബൈ എത്തുക. ചന്ദ്രാകൃതിയിലുള്ള റിസോർട്ട് 48 മാസത്തിനുള്ളിൽ നിർമ്മിക്കാനാണ് കമ്പനി ഒരുക്കങ്ങൾ നടത്തുന്നത്. മൂൺ ദുബൈക്ക് മൊത്തത്തിൽ 735 അടി (224 മീറ്റർ) ഉയരമുണ്ടാകും. പ്രതിവർഷം 2.5 ദശലക്ഷം അതിഥികളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, ബഹിരാകാശ വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് മൂൺ ദുബൈയിൽ അവസരമുണ്ടാകും. 300 പ്രൈവറ്റ് റെസിഡൻസുകൾ കെട്ടിടത്തിൽ ഉണ്ടാകും. സ്പാ, വെൽനസ് ഏരിയ, നൈറ്റ് ക്ലബ്ബ്, ഇവന്റ് സ്പേസ്, ഇന്റർനാഷണൽ കോൺഫറൻസ് ഏരിയ, ലോഞ്ച് എന്നിവയുണ്ടാകും.
മൂൺ ദുബൈയുടെ പ്രത്യേക ആകർഷണം ഇവിടെ ഒരുക്കുന്ന ഇന്റേണൽ മൂൺ ഷട്ടിൽ ആണ്. റിസോർട്ടിന്റെ 10 ഏക്കർ ചന്ദ്ര ഉപരിതലത്തിൽ ഒരു "ചന്ദ്ര കോളനി" ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ വിനോദസഞ്ചാരം പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വെച്ചുള്ളതാണ് ഇത്. ചന്ദ്രന്റെ ഉപരിതലത്തിലാണെന്ന അനുഭൂതി ഉണർത്താവുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മുൻനിര വാസ്തുവിദ്യ, എഞ്ചിനീയറിംഗ്, ഡിസൈൻ, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ ബഹിരാകാശ ഏജൻസികൾക്കും അതത് ബഹിരാകാശ സഞ്ചാരികൾക്കുമായി ഒരു പരിശീലന പ്ലാറ്റ്‌ഫോം ഇവിടെ ഒരുക്കുന്നുണ്ട്.
ലോക സഞ്ചാരത്തിന്റെ തന്നെ തലവര മാറ്റുന്ന പദ്ധതിയാകും മൂൺ ദുബൈ. മേഖലയിലെ ഏറ്റവും വലുതും വിജയകരവുമായ ആധുനിക ടൂറിസം പദ്ധതിയായിരിക്കും മൂൺ ദുബൈ. ദുബൈയിലേക്കുള്ള സന്ദർശകരുടെ എണ്ണം തന്നെ ഇരട്ടിയാകുന്ന തരത്തിലായിക്കും പദ്ധതിയെന്നാണ് പ്രതീക്ഷ. പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബൈയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."