വഖഫ് ബോർഡ്:<br>അട്ടിപ്പേറവകാശികൾ<br>സർക്കാറിനെ മുട്ടുകുത്തിച്ചു, ജിദ്ദ കെ.എം.സി.സി
ജിദ്ദ: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള ഇടതു സർക്കാറിൻ്റെ തല തിരിഞ്ഞ തീരുമാനത്തിൽ നിന്ന് നിവൃത്തിയില്ലാതെ പിണറായി സർക്കാർ പിറകോട്ട് പോയത് സമുദായത്തിൻ്റെ അട്ടിപ്പേറവകാശമുള്ള മത - രാഷ്ട്രീയ സംഘടനകളുടെ
ജനമുന്നേറ്റം കണ്ട് മുട്ട് വിറച്ചത് കൊണ്ടാണെന്ന്
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ആയിരക്കണക്കിന് പേർക്ക് തൊഴി സാധ്യതയും കോടാനു കോടിയുടെ വരുമാനവുമുള്ള ദേവസ്വം ബോർഡിൽ നടപ്പാക്കാത്ത പി.എസ് സി നിയമന നിയമം എണ്ണപ്പെട്ട തൊഴിൽ സാധ്യത മാത്രമുള്ള വഖഫ് ബോർഡിൽ അടിച്ചേൽപിച്ചതിന് പിന്നിൽ സർക്കാറിൻ്റെ മുസ്‌ലിം വിരുദ്ധ ഹിഡൻ അജണ്ടയായിരുന്നു. മുസ്‌ലിം മത വിശ്വാസികൾ
അവരുടെ മത വിശ്വാസ പ്രകാരം വഖഫ് ചെയ്ത
സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭരണനിർവഹണവും കൈകാര്യവും വിശ്വാസികൾ നിർവഹിക്കേണ്ട കാര്യമാണ്.
ഇതിലേക്ക് നുഴഞ്ഞുകയറ്റം നടത്തി
പ്രശ്നങ്ങളുണ്ടാക്കാനുള്ള കുത്സിത ശ്രമങ്ങളെയാണ് സമുദായം ഒറ്റക്കെട്ടായ് പരാജയപ്പെടുത്തിയതെന്ന്
ജിദ്ദ കെ.എം.സി.സി. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും പ്രസ്താവനയിൽ പറഞ്ഞു.
പിണറായി സർക്കാറിൻ്റെ ഭരണത്തിൽ ഒരു സമുദായം എന്ന നിലയിൽ ഏറ്റവും വലിയ പരിക്കും നഷ്ടവും വന്നത് മുസ്‌ലിം സമുദായത്തിനാണ്. സച്ചാർ കമ്മീഷൻ നിർദേശ പ്രകാരം മുസ്‌ലിം സമുദായത്തിൻ്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം ഉണ്ടാക്കാൻ മാത്രമായി നടപ്പാക്കിയ വിദ്യാഭ്യസ തൊഴിൽ മേഖലയിലെ സംവരണ ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിൽ നിന്ന് തട്ടിപ്പറിച്ച ഇടത് സർക്കാറിൻ്റെ കൊടും വഞ്ചന സമുദായം മറന്നിട്ടില്ല. ഇത് കാരണം മുസ്‌ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവതി യുവാക്കൾക്ക് കിട്ടേണ്ട തൊഴിൽ അവസരങ്ങൾ ഇതിനകം തന്നെ നഷ്ടമായി കഴിഞ്ഞു. ഇങ്ങിനെ മുസ്‌ലിം സമുദായത്തോട് പക വീട്ടുന്ന ഇടത് സർക്കാറിൻ്റെ വിവേചനങ്ങൾ നിരവധിയാണ്. ഇനിയും ഇതൊന്നും സമുദായത്തിന് പൊറുക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."