സംവരണം ചെയ്ത കടമുറികള്‍ വന്‍കിട കച്ചവടക്കാര്‍ തട്ടിയെടുത്തെന്ന്
കുന്നംകുളം: നഗരസഭാ കെട്ടിടങ്ങളില്‍ എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത മുറികള്‍ ബിനാമികളെ ഉപയോഗിച്ച് വന്‍കിട കച്ചവടക്കാര്‍ തട്ടിയെടുത്തെന്ന് ആക്ഷേപം. സംഭവുമായി ബന്ധപെട്ട് ദലിത് പ്രവര്‍ത്തകര്‍ പ്രക്ഷോപത്തിനൊരുങ്ങുന്നു. കുന്നംകുളത്തെ പൊന്നുവിലയുള്ള മുറികളാണ് ഇത്തരത്തില്‍ കുറഞ്ഞവാടക നല്‍കി ഉപയോഗിക്കുന്നതെന്ന് നഗരസഭയെ അറിയിച്ചിട്ടും മൗനം പാലിക്കുകയാണെന്നും പറയുന്നു.
ബസ്റ്റാന്‍ഡ് കെട്ടിടങ്ങളിലുള്‍പ്പടെ 16 ഓളം മുറികളാണ് ഇത്തരത്തില്‍ വന്‍കിട കച്ചവടക്കാര്‍ കയടിക്കിയിട്ടുള്ളതെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചുള്ള വിവരവകാശ രേഖയില്‍ സംവരണമുറികളില്‍ ആരാണ് കച്ചവടം നടത്തുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നാണ് നഗരസഭയുടെ വാദം.
നഗരസഭാ കെട്ടിടങ്ങളിലെ മുറിയില്‍ ഏത് തരം കച്ചവടമാണ് നടക്കുന്നതെന്ന് പോലുമറിയില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും തീര്‍ത്തും നാമമാത്രമായി വാടക നല്‍കുന്നമുറികളുടെ ചുമരുകള്‍ തകര്‍ത്ത് മറ്റുമുറികളുമായി കൂട്ടിയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ 50 ലക്ഷം രൂപ വരെ വിലമതിക്കുന്ന മുറികളാണ് ഇത്തരത്തില്‍ പ്രതിമാസം ആയിരം രൂപക്ക് താഴെയുള്ള വാടക നല്‍കി വന്‍കിട കച്ചവടക്കാര്‍ ഉപയോഗിക്കുന്നത്. മുന്‍പ് സംവരണ മുറികള്‍ ലേലത്തിലെടുത്തവര്‍ക്ക് ചെറിയ പണം നല്‍കി ഒഴിവാക്കിയാണ് ഇത്തരം കച്ചവടങ്ങള്‍. പ്രതിവര്‍ഷം നഗരസഭയില്‍ ഇത്തരത്തില്‍ മുറികളെടുത്തവര്‍ കരാര്‍ പുതുക്കണമെന്നാണ് നിയമം.
മുറികള്‍ ലേലത്തിലെടുത്തവരറിയാതെ എങ്ങിനെയാണ് കരാറുകള്‍ പുതുക്കിനല്‍കുന്നതെന്നത് അത്ഭുതമാണ്. ഗുരുവായൂര്‍ റോഡിലുള്ള ഇ.എം.സ് കെട്ടിടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറികള്‍ വാടകക്കെടുത്തവര്‍ പിന്നീട് യാതൊരു കരാറിലും ഒപ്പുവച്ചിട്ടില്ലെന്നാണ് പറയുന്നത്. നഗരസഭരേഖയിലാകട്ടെ കൃത്യമായി എല്ലാവര്‍ഷവും കരാര്‍ പുതുക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ റവന്യൂ വിഭാഗത്തിലുള്ള ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വലിയ അഴിമതികളാണ് നടക്കുന്നതെന്നാണ് ദലിത് പ്രവര്‍ത്തകര്‍ പറയുന്നത്. സംവരണ മുറികള്‍ ലേലം ചെയ്യുന്നത് പൂര്‍ണമായും രഹസ്യ സ്വഭാവത്തിലാണ്.
പല ടെണ്ടറുകള്‍ കഴിഞ്ഞെന്നും ഇനി ഓഫര്‍സ്വീകരിക്കുകയാണെന്നും അറിയിപ്പു നല്‍കിയാണ് നഗരസഭ കഴിഞ്ഞ കുറേകാലങ്ങളായി മുറികള്‍നല്‍കുന്നത്. എല്‍ ഷെയ്പ് കെട്ടിടത്തിലെ സംവരണമുറി വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. നഗരത്തിലുള്ള പലരും ഓഫര്‍ നല്‍കിയെങ്കിലും ഇത് സ്വീകരിക്കാതെ പ്രമുഖ വ്യാപാരിക്കാണ് ഇപ്പോള്‍ മുറിനല്‍കിയിരിക്കുന്നത്.
നഗരസഭയുടെ തട്ടിപ്പ് തിരിച്ചറിയാനായി നഗരസഭ തീരുമാനിക്കുന്ന തുകക്ക് എടുക്കാന്‍ തയാറാണെന്നുള്ള ഓഫര്‍ നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും മറുപടിനല്‍കാന്‍ തയാറാകാത്ത ഉദ്യോഗസ്ഥര്‍ നാമമാത്രമായ തുകക്കാണ് ഇപ്പോള്‍ മുറി നഗരത്തിലെ വസ്ത്രവ്യാപാരിക്കായി നല്‍കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ദലിത് സംരക്ഷണസമതി നേതാവ് ടി.കെ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."