സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ...
വീൽ
വിനീഷ്
സ്വപ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഭൂമി നിശ്ചലവും ശൂന്യവുമായി മാറുമെന്ന് പാടിയത് മറ്റാരുമല്ല, വയലാർ ആണ്. അതിരുകളില്ലാതെ സ്വപ്നം കാണാനാണ് ഇന്ത്യയുടെ മിസൈൽമാനായ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ ആബ്ദുൽ കലാം കുട്ടികളോട് പറഞ്ഞത്. ആകാശത്തോളം സ്വപ്നങ്ങൾ കാണുക, അവ പ്രാവർത്തികമാക്കാൻ കഠിനമായി പരിശ്രമിക്കുക. ഈ ആശയം പേരിൽ തന്നെ സ്വീകരിച്ച ഒരു വാഹന നിർമാതാക്കളുണ്ട്, ചൈനീസ് കമ്പനിയായ ബി.വൈ.ഡി. എന്നുവച്ചാൽ ബിൽഡ് യുവർ ഡ്രീംസ്. അതാണ് മുഴുവൻ പേര്. ചൈനീസ് എന്നൊന്നും കേട്ട് നെറ്റി ചുളിക്കേണ്ട. ടെക്, ഇലക്ട്രോണിക്, ഓട്ടോമോട്ടീവ് രംഗത്തെ ആഗോള ഭീമൻമാരാണ് ബി.വൈ.ഡി. ടെസ്ല കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ. ഇനി മറ്റൊരു കാര്യം കൂടി പറഞ്ഞുതരാം, ഇലക്ട്രിക് വാഹനങ്ങളും ബാറ്ററികളും നിർമിക്കുന്നതിന് സാക്ഷാൽ ടൊയോട്ട കൂട്ടുകൂടിയിരിക്കുന്നത് ഈ ചൈനീസ് കമ്പനിയുമായാണ്. ബി.വൈ.ഡിയുടെ ഇലക്ട്രിക് ബസുകൾ നമ്മളിൽ പലരും കണ്ടിരിക്കാൻ ഇടയുണ്ട്. രണ്ടു മൂന്ന് വർഷം മുമ്പ് കെ.എസ്.ആർ.ടി.സി ഇവ വാടകയ് ക്ക് എടുത്ത് ഓടിച്ചിരുന്നു. റോഡിൽ വലിയ ബ്ലോക്കുകളിൽ ഒന്നിലും പെട്ടില്ലെങ്കിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെ ഫുൾ ചാർജിൽ ഇവ ഓടിയെത്തിയിരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബി.വൈ.ഡിയുടെ ബസുകൾ ഇന്ന് സർവിസ് നടത്തുന്നുണ്ട്. 3,980 മീറ്റർ ഉയരത്തിലുള്ള ഹിമാലയത്തിലെ റോഹ്താങ് ചുരത്തിലേക്ക് ഇലക്ട്രിക് ബസ് ഓടിച്ചുകയറ്റിയ ഈ കമ്പനിയുടെ അടുത്ത അവതാരം ഇ 6 എന്ന ഇലക്ട്രിക് എം.പി.വി (മൾട്ടി പർപ്പസ് വെഹിക്കിൾ) ആണ്.
പുതിയ ഇന്നോവയോ?
പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുമായി ഇ 6 റോഡിൽ കണ്ടാൽ ഒറ്റനോട്ടത്തിൽ ഇന്നോവയാണെന്ന് ആരും തെറ്റിദ്ധരിക്കും. നീളവും വീതിയും ഏകദേശം സമാനമാണ്. ഉയരം മാത്രം അൽപം കുറയും. ഇന്നോവയ് ക്ക് 4,735 മി.മീറ്റർ നീളം വരുമ്പോൾ ഇ 6 ന്റേത് 4,695 മി.മീ ആണ്. എന്നാൽ ഈ വാഹനം ഒരു ഫൈവ് സീറ്റർ ആണെന്ന് മാത്രം. പിറകിലെ ടെയിൽ ഗേറ്റ് തുറന്നാലാണ് ഞെട്ടുക. 580 ലിറ്റർ ആണ് ബൂട്ട് സ്പേസ്. ഇന്നോവയിലെ മൂന്നാം നിര എടുത്തു മാറ്റിയാൽ ലഭിക്കുന്ന അത്രയും സ്ഥലത്ത് അക്ഷരാർഥത്തിൽ ഫുട്ബോൾ കളിക്കാം.
ഫുൾ ചാർജിൽ 520 കി.മീ കമ്പനി അവകാശപ്പെടുന്ന ഈ വണ്ടി മറ്റ് ഇലക്ട്രിക് വാഹനങ്ങളെ പോലെ അല്ല. കാരണം റോഡിൽ ഫുൾചാർജിൽ 480 കി.മിയോളം ഉറപ്പായും ഓടും. ഇതിന് സഹായിക്കുന്നത് ബി.വൈ.ഡി കമ്പനി വികസിപ്പിച്ച ബ്ലേഡ് എന്നറിയപ്പെടുന്ന ലിഥിയം അയൺ ബാറ്ററികളാണ്. എന്തുകൊണ്ട് ടൊയോട്ട ബി.വൈ.ഡിയോടു കൂട്ടുകൂടി എന്ന് ഇപ്പോൾ മനസിലായില്ലേ. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ട് ചാർജ് ചെയ്യാം. 94 ബി.എച്ച്.പി ആണ് പവർ. ഇന്നോവയുടെ 148 ബി.എച്ച്.പിയുമായി താരത മ്യപ്പെടുത്തുമ്പോൾ സമാന വലിപ്പമുള്ള വണ്ടിക്ക് ഇത് കുറവാണെന്ന് തോന്നിയാൽ കുറ്റം പറയാനാകില്ല. ആക്സിലറേറ്റ് ചെയ്യുന്ന മാത്രയിൽ വെടിയുണ്ട കണക്കെ കുതിക്കുന്ന നെക്സോൺ ഇ.വിയുടെ സ്വഭാവമൊന്നും കാണിക്കില്ല. അൽപം സമയമൊക്കെ എടുത്തേ സ്പീഡ് കൈവരിക്കൂ. 130 കി.മീ ആണ് പരമാവധി വേഗത. ഓട്ടോമാറ്റിക് ഗിയർ ബോക്സുമായി എത്തുന്ന ഇ 6ന് കൊച്ചയിലെ വില 32 ലക്ഷമാണ്. എന്നാൽ ഇത്രയും വിലവരുന്ന വാഹനത്തിന്റെ ഉൾഭാഗം ലക്ഷ്വറി ഫീൽ തരുന്നില്ലെന്ന പരാതി ചിലർക്കെങ്കിലും ഉണ്ട്. ഡാഷ് ബോർഡിലെ 10 ഇഞ്ച് ഇൻഫോടെയിൻമെന്റ് സംവിധാനം റോട്ടേറ്റ് ചെയ്യാവുന്നതാണ്. എ.സി അഡ്ജസ്റ്റ് ചെയ്യുന്നതടക്കം ഇതിലാണ്. ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയവയൊന്നും ഇല്ലെന്ന ന്യൂനതയുണ്ട്. സുരക്ഷയ്ക്കായി നാല് എയർ ബാഗുകളും ഉണ്ട്. ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കുമായാണ് വാഹനം വരുന്നത്.
സി.കെ.ഡി കിറ്റ് ആയി ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ചെന്നൈയിലെ പ്ലാന്റിൽ ആണ് ഇ 6 അസംബിൾ ചെയ്യുന്നത്. ഭാവിയിൽ ലോക്കൽ അസംബ്ലി തുടങ്ങിയാൽ വിലകുറയുമെന്ന് പ്രതീക്ഷിക്കാം. ബാറ്ററിക്ക് അഞ്ച് ലക്ഷം കി.മീ അല്ലെങ്കിൽ എട്ട് വർഷം വാറണ്ടി ഉള്ള ഈ വാഹനം മുപ്പതിലധികം രാജ്യങ്ങളിൽ നിലവിൽ വിൽക്കുന്നുണ്ട്. ടാക്സ് ഇളവ് ലഭിക്കാത്തതുകൊണ്ട് ടാക്സിയായി രജിസ്റ്റർ ചെയ്യുന്നതിന് 37 ലക്ഷം രൂപയോളം വരും. നേരത്തെ കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും മറ്റും മാത്രം വിറ്റിരുന്ന ഇ6ന് അടുത്താണ് പ്രൈവറ്റ് രജിസ് ട്രേഷൻ അനുവദിച്ചു തുടങ്ങിയത്. ഒറ്റ ഓപ്ഷനിൽ മാത്രമേയുള്ളൂവെങ്കിലും മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
കൊച്ചി വൈറ്റിലയിൽ ഇ.വി.എം ഗ്രൂപ്പ് ബി.വൈ.ഡി ഡീലർഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിനകം മുപ്പതിലധികം വാഹനങ്ങളും കേരളത്തിൽ വിൽപന നടത്തിയിട്ടുണ്ട്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."