ഹജ്ജ് തീര്‍ഥാടകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് ഉമ്മന്‍ചാണ്ടി
നെടുമ്പാശ്ശേരി: ശാന്തിയും സമാധാനവും ലഭിക്കുന്നതിന് വേണ്ടി മക്കയില്‍ പുണ്യ സന്ദര്‍ശനത്തിന് യാത്രയാകുന്ന തീര്‍ഥാടകരുടെ പ്രാര്‍ഥനകളില്‍ നാടിന്റെ നന്‍മയും കൂടി ഉള്‍പ്പെടുത്തണമെന്ന അഭ്യര്‍ഥനയോടെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് ഉമ്മന്‍ചാണ്ടി ക്യാംപ് സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ക്യാംപ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ബഹുഭൂരിഭാഗം തീര്‍ഥാടകരും വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവരായത് കൊണ്ട് അവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, സ്‌പെഷ്യല്‍ ഓഫിസര്‍ യു. അബ്ദുല്‍ കരീം, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ഇ.സി. മുഹമ്മദ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ശരീഫ് മണിയാട്ടുകുടി, കെ.എം.ഐ മേത്തര്‍, ദിലീപ് കപ്രശ്ശേരി, പി.ബി.സുനീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
'നമ്മുടെ പാരമ്പര്യങ്ങളാണ്
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നതിലൂടെ
ഇല്ലാതാകുന്നത് '
നെടുമ്പാശ്ശേരി: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കി വരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മറ്റ് മാനദണ്ഡങ്ങള്‍ സ്വീകരിച്ച് സബ്‌സിഡി നിലനിര്‍ത്തി തീര്‍ഥാടകര്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നതിലൂടെ മത ന്യൂനപക്ഷങ്ങളോട് രാജ്യം സ്വീകരിക്കുന്ന നിലപാട് ലോക പ്രശംസ പിടിച്ചു പറ്റിയതാണ്.
സബ്‌സിഡി ഇല്ലാതാക്കിയാല്‍ നമ്മുടെ സങ്കല്‍പങ്ങളും പാരമ്പര്യങ്ങളുമാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."