ഷാജഹാന്‍ വധം: രാഖി കെട്ടിയത് ചോദ്യം ചെയ്തതും വിരോധത്തിന് കാരണം- പാലക്കാട് എസ്.പി
പാലക്കാട്: രാഖി കെട്ടിയത് ചോദ്യം ചെയ്തതാണ് കൊല്ലപ്പെട്ട സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനും പ്രതി നവീനും തമ്മില്‍ വിരോധത്തിന് ഇടയാക്കിയതെന്ന് പാലക്കാട് എസ്.പി ആര്‍. വിശ്വനാഥ്. 'പ്രതികള്‍ക്ക് ഷാജഹാനോട് വൈരാഗ്യം ഉണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടി' എസ്.പി പറഞ്ഞു.
കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. നവീന്‍, അനീഷ്, സുജിഷ്, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നവീന്‍ ഒഴികെയുള്ള മൂന്നുപേരാണ് ഷാജഹാനെ വെട്ടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് നാലുപേര്‍ ഉള്‍പെടെയുള്ളവര്‍ പൊലിസിന്റെ കസ്റ്റഡിയിലുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.
2019 മുതല്‍ തന്നെ ഷാജഹാനുമായി പ്രതികള്‍ക്ക് വിരോധമുണ്ട്. ഷാജഹാന്റെ പാര്‍ട്ടിയിലെ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പ്രതികള്‍ പിന്നീട് സിപിഎമ്മുമായി അകന്നു. ഇത് ഷാജഹാന്‍ ചോദ്യം ചെയ്തു. പ്രതികള്‍ രാഖി കെട്ടിയതടക്കം ഷാജഹാന്‍ ചോദ്യം ചെയ്തു. കൊലപാതക ദിവസം ശ്രീകൃഷ്ണ ജയന്തി ഫ്‌ളക്‌സ് സ്ഥാപിക്കുന്നതിലും തര്‍ക്കം ഉണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഉറപ്പിക്കാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.പി വ്യക്തമാക്കി. ശത്രുത വര്‍ധിക്കാന്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
നിലവില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ നാല് പേരും നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തവരാണ്. ഇവര്‍ക്കു പുറമെ ശിവരാജന്‍ (25), സിദ്ധാര്‍ഥന്‍ (24), സജീഷ് (35), വിഷ്ണു (25) എന്നിവര്‍ കസ്റ്റഡിയിലുണ്ട്. ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നല്‍കി. കേസില്‍ പ്രതിയായ സുജീഷിന്റെ അച്ഛനാണ് സുരേഷ്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലിസ് മേധാവി ആര്‍. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയില്‍ നിന്നും സിദ്ധാര്‍ഥിനെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ വീടിന് മുന്നില്‍വച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."