സാക്ഷിക്ക് ഹരിയാനയില്‍ സ്വീകരണം
ബഹാദുര്‍ഗഢ്: റിയോ ഒളിംപിക്‌സില്‍ വെങ്കലം നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ഗുസ്തി താരം സാക്ഷി മാലിക്കിന് ജന്മനാടായ ഹരിയാനയില്‍ ഗംഭീര സ്വീകരണം. ഇന്നലെ രാവിലെയോടെയാണ് സാക്ഷി ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഹരിയാന കായിക മന്ത്രി അനില്‍ വിജും സാക്ഷിക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അകമ്പടിയോടെയാണ് താരം ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെത്തിയത്.
സംസ്ഥാനത്ത് മികച്ച വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. സാക്ഷിയെ ആദരിക്കാനായി ചടങ്ങുകളും സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. ചടങ്ങില്‍ രണ്ടര കോടി രൂപയുടെ ചെക്ക് സാക്ഷിക്ക് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കൈമാറി. താരത്തിന് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സാക്ഷിക്ക് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
മികച്ച സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്ന് സാക്ഷി വ്യക്തമാക്കി. ഇതൊരിക്കലും പ്രതീക്ഷിച്ചതല്ല. തന്നെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികളും തന്റെ ഗ്രാമത്തിലുള്ളവരും എത്തി. നിലവിലെ ഫോമുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം.
ഇനി കുറച്ച് ദിവസം വിശ്രമം ആവശ്യമാണ്. അതിനു ശേഷം പരിശീലനം ആരംഭിക്കുമെന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ നിരവധി ഗ്രാമങ്ങള്‍ റോത്തക്കിലേക്കുള്ള യാത്രയില്‍ സാക്ഷിയെ ആദരിച്ചു.
നേരത്തെ ബുധനാഴ്ച്ച വൈകിട്ടായിരുന്നു സാക്ഷിയെ ആദരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജനങ്ങളുടെ ആവേശം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.
സിന്ധു കര്‍ണാടകത്തില്‍ നിന്നുള്ള
താരമാണെന്ന് ഹരിയാന മുഖ്യമന്ത്രി
റോത്തക്ക്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നാക്കുപിഴ. ബാഡ്മിന്റണ്‍ താരം പി.വി സിന്ധു കര്‍ണാടയില്‍ നിന്നുള്ള താരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഒളിംപിക്‌സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിന് ജന്മനാട്ടില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു മന്ത്രിയുടെ 'തലതിരിഞ്ഞ' പരാമര്‍ശം.
ഖട്ടാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സിന്ധുവിന് 50 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചടങ്ങില്‍ സിന്ധുവിന്റെ പേര് കൃത്യമായി ഓര്‍മയില്ലാതെ മറ്റുള്ളവരോട് ചോദിക്കുന്നത് കാണികളില്‍ ചിരി പടര്‍ത്തുകയും ചെയ്തു. ഒളിംപിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന്റെ യശസ് ഉയര്‍ത്താന്‍ രണ്ടു മഹിളാരത്‌നങ്ങള്‍ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. പിന്നീട് ഒരാള്‍ സാക്ഷി മാലിക്കാണെന്ന് പറഞ്ഞ മന്ത്രിക്ക് രണ്ടാമത്തെ താരത്തിന്റെ പേരറിയാതെ കുഴങ്ങി ഇതോടെ കൂടെയുണ്ടായിരുന്നവരാണ് അദ്ദേഹത്തിന് പേര് പറഞ്ഞു കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."