പ്രതിസന്ധികളെ വിദ്യകൊണ്ടും പ്രതീക്ഷകൾ കൊണ്ടും നേരിടുക. കെ ഡി എം എഫ്.
റിയാദ്: പ്രതിസന്ധികളെ വിദ്യകൊണ്ട് നേരിടുക എന്നതാണ് പ്രധാനമെന്നും ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവർക്കും എത്തിപ്പിടിക്കാൻ കഴിയാത്തവർക്കും അതിന് സൗകര്യം നൽകലാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധികൾക്ക് പ്രധാന പരിഹാരമെന്നും റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷൻ സ്വാതന്ത്ര്യദിന സംഗമം അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുന്നത്. പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായി അനുവദിച്ചിട്ടുള്ള അവകാശങ്ങൾ നൽകാൻ സർക്കാറുകൾ തയ്യാറാവണം. സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായി വീരമൃത്യുവരിച്ചവരേയും ഇന്ത്യയുടെ വളർച്ചക്ക് അടിത്തറയിട്ടവരേയും ചരിത്രത്തിൽ നിന്നും നീക്കം ചെയ്യുന്നു. അതേസമയം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് സ്വന്തം സുരക്ഷിതരായവരും സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്തവരും മഹാന്മാരായി അവരോധിക്കപ്പെടുകയും ചെയ്യുന്നു, ഇത് അംഗീകരിക്കാൻ സാധിക്കില്ല.
ആരോഗ്യപരമായ സംവാദത്തിലൂടെയാണ് രാജ്യം വളർന്നതും ജനാധിപത്യത്തിന് ശക്തി പകർന്നതും.
ജനാധിപത്യ സംവിധാനത്തിൽ വിയോജിക്കാൻ അവസരങ്ങൾ വേണം. ഭരണകൂടങ്ങളുടെ അഭിപ്രായങ്ങളോട് വിയോജിക്കുന്നവരെയും സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നവരെയും അടിച്ചമർത്തുകയും ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് പീഡിപ്പിക്കുകയും ചെയ്യുന്നത് ഒരു പുരോഗമന സംവിധാനത്തിന് യോജിച്ചതല്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഉപസമിതിയായ ടീം വിങ്ങിന് (ടീം ഫോർ എഡ്യൂക്കേഷൻ എംപവർമെന്റ് ആൻഡ് മെന്ററിംങ്) കീഴിൽ പ്രവർത്തിക്കുന്ന സ്പീക്കേഴ്സ് ഫോറമാണ് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യ ത്തിന്റെ നറുചിന്തകൾ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ക്ക് നേതൃത്വം നൽകിയത്.
അബ്ബാസ് പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു. ടീം വിങ് ചെയർമാൻ അബ്ദുൽ ഗഫൂർ എസ്റ്റേറ്റ് മുക്ക് അദ്ധ്യക്ഷത വഹിച്ചു. മുനീർ വെള്ളായിക്കോട് മുഖ്യ അതിഥിയായിരുന്നു.
അബ്ദുൽ കരീം പയോണ, അഷ്റഫ് കെ കെ, സമീർ പുത്തൂർ, എൻ കെ മുഹമ്മദ് വാളൂർ, ഫള്ലുറഹ്മാൻ പതിമംഗലം എന്നിവർ പ്രഭാഷണം നടത്തി. നാസിർ ചാലക്കര ആശംസകൾ നേർന്നു.
അഷ്റഫ് പെരുമ്പള്ളി പ്രാർത്ഥന നിർവ്വഹിച്ചു. ഷമീർ മച്ചക്കുളം സ്വാഗതവും ശരീഫ് മുട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."