യുവാവിൻ്റെ മൃതദേഹം റെയിൽപ്പാളത്തിൽ കണ്ടെത്തിയ സംഭവം ; അന്വേഷണം ക്രൈംബ്രാഞ്ചിന്
അമ്പലപ്പുഴ • യുവാവിനെ ദുരൂഹ സാഹചര്യത്തിൽ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.പുന്നപ്ര പുതുവൽ ബൈജുവിന്റെയും സരിതയുടെയും മകൻ ശ്രീരാജി (നന്ദു–20)നെയാണ് ഞായറാഴ്ച രാത്രി മെഡിക്കൽ കോളജിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിന്തുടർന്നതിന് പിന്നാലെയാണ് നന്ദു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച വൈകിട്ട് പുന്നപ്ര പൂമീൻ പൊഴിക്ക് സമീപം ഇരുകൂട്ടർ തമ്മിൽ അടിപിടി നടന്നിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ നന്ദു പോയിരുന്നു. ഇതിന് ശേഷം നന്ദുവിനെ കാണാനില്ലായിരുന്നു. തുടർന്ന് പിതാവ് ബൈജു പുന്നപ്ര സ്റ്റേഷനിൽ പരാതി നൽകി. മരിക്കുന്നതിന് തൊട്ട് മുമ്പ് നന്ദു സഹോദരിയുമായി നടത്തിയ ഫോൺ സംഭാഷണവും പുറത്തു വന്നിരുന്നു.
കേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി ജി.ജയ് ദേവ് അറിയിച്ചു. ഉത്തവിറങ്ങിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബേബി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി നന്ദുവിൻ്റെ മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതിനിടെ നന്ദുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെ പുന്നപ്ര പൊലിസ് കേസെടുത്തിട്ടുണ്ട്. അയല്‍വാസികളായ മുന്ന, ഫൈസൽ, നിധിൻ, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇവരിൽ ചിലർ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."