കേന്ദ്രം വാഗ്ദാനങ്ങൾ പാലിച്ചില്ല ; കർഷകരോഷമറിഞ്ഞ് വീണ്ടും ഡൽഹി
ന്യൂഡൽഹി • ഒമ്പതുമാസത്തെ ഇടവേളയ്ക്കുശേഷം കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ഡൽഹിയിൽ വീണ്ടും കർഷകർ.
കാർഷിക നിയമങ്ങൾ പിൻവലിക്കുമ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംയുക്ത കിസാൻമോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ മഹാപഞ്ചായത്ത് ചേർന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ വീണ്ടും അനിശ്ചിതകാല സമരം നടത്തുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. ഇതൊരു മുന്നറിയിപ്പ് സമരം മാത്രമാണെന്ന് കിസാൻ മോർച്ച നേതാവ് ബൽദേവ് സിങ് സിർസ പറഞ്ഞു.
മഹാപഞ്ചായത്തിന് ഡൽഹി പൊലിസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും അത് അവഗണിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്.
ഡൽഹിയിൽ വലിയതോതിൽ പൊലിസിനെയും കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. ഡൽഹി അതിർത്തികളായ സിൻഗു, തിക്‌റി, ഗാസിപൂർ എന്നിവിടങ്ങളിൽ പൊലിസിനെ വിന്യസിച്ച് സമരക്കാർ ഡൽഹിയിൽ പ്രവേശിക്കുന്നത് തടയാൻ പൊലിസ് ശ്രമിച്ചെങ്കിലും അതൊന്നും പൂർണമായും ഫലം കണ്ടില്ല. പൊലിസിന്റെ എതിർപ്പ് മറികടന്ന് കർഷകർ ജന്തർ മന്ദറിലെത്തി. പലയിടത്തും പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിട്ട് കർഷകർ മുന്നോട്ടുനീങ്ങി.
17 സംസ്ഥാനങ്ങളിൽ നിന്നായി 15,000ത്തോളം കർഷകരാണ് മഹാപഞ്ചായത്തിൽ പങ്കെടുത്തത്. കർഷകരിൽ ചിലരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഭാവിപരിപാടികൾ തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച അടുത്തമാസം ആറിന് ഡൽഹിയിൽ യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."