വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയത്; തുറമുഖ നിര്‍മാണം നിര്‍ത്തില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഴിഞ്ഞം സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സമരം ചിലയിടങ്ങളില്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പ്രദേശത്തുകാര്‍ മാത്രമല്ല അതില്‍ പങ്കെടുക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ നമ്മുടെ സംസ്ഥാനം നേരിടുന്ന ഗൗരവമായ പ്രശ്‌നം എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഘട്ടത്തിലും സജീവമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ സര്‍ക്കാരാണിത്. ബൃഹദ് പദ്ധതി നടപ്പാക്കുമ്പോള്‍ ആശങ്ക സ്വാഭാവികമാണ്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ എന്നും തയ്യാറാണ്. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല, ജനവിരുദ്ധം കൂടിയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2016 ല്‍ പുലിമുട്ട് ഇടാന്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുത്തതും നമ്മുടെ തീരത്ത് വന്നെത്തിയതുമായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദ്ദം ഇവയാണ് തീരശോഷണത്തിന് പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. നിര്‍മാണം ആരംഭിച്ചതിന് ശേഷം പ്രദേശത്തിന്റെ അഞ്ചുകിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിലെ തീരശോഷണത്തിന് കാരണം തുറമുഖ നിര്‍മ്മാണമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ചാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും. നിര്‍മ്മാണം നിര്‍ത്തിയാല്‍ വ്യവസായ പ്രതിച്ഛായയെ ബാധിക്കുമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. തീരശോഷണത്തില്‍ ആദാനിയേടും സര്‍ക്കാരിന്റേയും നിലപാട് ഒന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതിക്ക് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റാണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വിഴിഞ്ഞം പദ്ധതിക്കെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരവും തീരശോഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം സഭയില്‍ പരാമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."