സർവകലാശാല ബന്ധുനിയമന വിവാദം സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
സ്വന്തം ലേഖകൻ
തിരുവനന്തപുരം • സംസ്ഥാനത്തെ സർവകലാശാലകളിലെ നിയമനങ്ങളിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്‌പോര്. കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയുടെ നിയമനമടക്കമുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷത്തുനിന്ന് റോജി എം ജോൺ ആയിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയത്. പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണെന്ന് റോജി.എം.ജോൺ എംഎൽഎ ആരോപിച്ചു.
സഭയിൽ ഇല്ലാത്തവരുടെ പേരുകൾ രേഖയിലുണ്ടാകില്ലെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ചട്ടത്തിൽ നിന്നുകൊണ്ട് സംസാരിക്കണമെന്നും സ്പീക്കർ എം.ബി രാജേഷ് മുന്നറിയിപ്പ് നൽകി. ഇത് തർക്കത്തിനു വഴിവച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ മുമ്പും ചർച്ചയിൽ വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
ചട്ടങ്ങൾ ഉദ്ധരിച്ച സ്പീക്കറും നിയമമന്ത്രി പി.രാജീവും പ്രതിപക്ഷത്തിന്റെ വാദങ്ങളെ പ്രതിരോധിച്ചു. ചട്ടപ്രകാരം തള്ളാവുന്ന നോട്ടിസാണ് അനുവദിച്ചതെന്നും അതിന്റെ പരിധിയിൽനിന്നു സംസാരിക്കണമെന്ന സ്പീക്കറുടെ അഭ്യർഥന അംഗീകരിച്ചാണ് റോജി പ്രസംഗം തുടർന്നത്.
പല നേതാക്കളുടേയും ബന്ധുക്കളുടെ നിയമനങ്ങൾ ഓരോന്നായി റോജി എം.ജോൺ പറഞ്ഞു. നിയമനങ്ങളെല്ലാം വേണ്ടപ്പെട്ടവർക്ക് മാത്രമാണെന്നും പാർട്ടിക്കാർക്കു വേണ്ടി യു.ജി.സി നിർദേശങ്ങളും മാനദണ്ഡങ്ങളും അട്ടിമറിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ നിയമനം നിലവിലുള്ള ഒരു മാനദണ്ഡവും ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. സർവകലാശാലാ നിയമനങ്ങളിൽ സർക്കാരിന് ഒരു പങ്കുമില്ല. യു.ജി.സി. നിബന്ധനകൾ പാലിച്ചാണ് അഭിമുഖത്തിന് മാർക്ക് നൽകിയിട്ടുള്ളത്. അത് സിൻഡിക്കേറ്റ് പരിശോധിച്ച് ചുരുക്കപട്ടികയുണ്ടാക്കി. അതനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധിച്ച് നിയമനം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഒന്നിനൊന്ന് യോഗ്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറുപടി നൽകി.
സ്വയംഭരണം തകർത്ത് സർവകലാശാലകളെ പാർട്ടി ഓഫിസുപോലെയാക്കിയെന്നു വോക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സർവകലാശാലകളിൽ അമിത രാഷ്ട്രീയവത്കരണമാണ്. എല്ലാം കൈപ്പിടിയിലാക്കാനുള്ള അത്യാഗ്രഹത്തോടെ അദൃശ്യമായ കൈകളാണ് സർവകലാശാലകളെ നിയന്ത്രിക്കുന്നതെന്നും സതീശൻ പറഞ്ഞു.
അടിയന്തിരപ്രമേയ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."